ബാങ്ക് വായ്പ തിരിച്ചടക്കാത്തത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. സതീഷ് ചന്ദ്ര രത്തൻലാൽ ഷായും ഗുജറാത്ത് സർക്കാരും കക്ഷികളായ കേസിലാണ് നിർണായക വിധിയുണ്ടായത്.
ഒരു വ്യക്തിക്ക് വായ്പ തിരിച്ചടക്കാൻ സാധിച്ചില്ല എന്നതുകൊണ്ടു മാത്രം അയാൾക്കെതിരെ തട്ടിപ്പിന് ക്രിമിനൽ കേസ് എടുക്കാൻ സാധിക്കില്ല. ഇടപാടിന്റെ തുടക്കത്തിലേ ഗൂഢ ലക്ഷ്യം ഉണ്ടെന്നാൽ അത് ക്രിമിനൽ കേസിലേക്ക് നയിക്കാമെന്ന് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡർ എന്നിവരടങ്ങിയ ബെഞ്ച് പ്രസ്താവിച്ചു.
വായ്പ തിരിച്ചടക്കാത്തതിന് പിന്നിൽ ഗൂഢലക്ഷ്യമില്ലാത്തിടത്തോളം അത് ഐപിസി സെക്ഷൻ 405 പ്രകാരമുള്ള കുറ്റകൃത്യമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി. എന്നാൽ തട്ടിപ്പായിരുന്നു ലക്ഷ്യമെന്ന് തെളിഞ്ഞാൽ അത് കുറ്റകരമാണ്.