കേരള ബാങ്ക് : ഹര്‍ജികള്‍ വേഗത്തിലാക്കാന്‍ നീക്കം

Update: 2019-10-17 05:43 GMT

കേരള ബാങ്ക് രൂപീകരണത്തെ ഇപ്പോഴും അനിശ്ചിതത്വത്തിലാക്കുന്ന കേസുകള്‍ ഉടന്‍ തീര്‍പ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ ലയനനടപടികള്‍ പൂര്‍ത്തീകരിച്ച് കേരളപ്പിറവി ദിനത്തില്‍ ബാങ്ക് യാഥാര്‍ത്ഥ്യമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനുള്ള അപേക്ഷ ഈയാഴ്ച തന്നെ നല്‍കാന്‍ ധാരണയായിട്ടുണ്ട്. ബാങ്കുകളുടെ ലയനവും സഹകരണ നിയമം വകുപ്പ് 14 (എ)യുടെ ദേഭഗതിയുമായി ബന്ധപ്പെട്ട് നിലവുള്ള 21 കേസുകള്‍ നവംബര്‍ 14 ന്  ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ബാങ്ക് രൂപീകരണത്തില്‍ ഇനിയുള്ള ഓരോ ദിവസവും നിര്‍ണായകമാകുമെന്നു കാണിച്ചായിരിക്കും സത്യവാങ്മൂലം നല്‍കുക.ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായുള്ള സംയോജന നടപടി വേഗത്തിലാക്കാന്‍ കര്‍മ പദ്ധതിക്കു രൂപം നല്‍കിയിട്ടുമുണ്ട്.

തസ്തിക ഏകീകരണത്തില്‍ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തും. ജില്ലാ സഹകരണ ബാങ്കുകളില്‍ 6098 ഉം സംസ്ഥാന സഹകരണ ബാങ്കില്‍ 293 ഉം ജീവനക്കാരുണ്ട്. ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന എം എസ് ശ്രീറാം കമ്മിറ്റി പഠന റിപ്പോര്‍ട്ടിലെ നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സേവന വേതന പാക്കേജും ശമ്പള പരിഷ്‌കരണവും പഠിക്കാന്‍ ചുമതലപ്പെടുത്തിയ എം എന്‍ ഗുണവര്‍ധന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തയ്യാറായിവരുന്നു. തസ്തിക ഏകീകരണം, സിനിയോറിറ്റി, സ്ഥലംമാറ്റം എന്നിവ ഉള്‍പ്പെടുത്തി സമഗ്രമായ പദ്ധതി നടപ്പാക്കാനാണ് നീക്കം നടക്കുന്നത്.

ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ഉടന്‍ നിയമിക്കാനും തീരുമാനമായി. ഇതിനായി പട്ടിക തയ്യാറാക്കിയരുന്നു.  ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കും കോര്‍ ബാങ്കിങ് സംവിധാനവും ഒരുക്കുന്നതിനുള്ള കരാറുകാരെ തെരഞ്ഞെടുക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ലഭിച്ച ടെന്‍ഡറുകളുടെ സാമ്പത്തിക, സാങ്കേതിക പരിശോധന ആരംഭിച്ചു. ഒരു മാസത്തിനകം കരാറാകും. ആറു മാസത്തിനുള്ളില്‍ സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭൂരിപക്ഷം ജില്ലാ ബാങ്കുകളുടെയും സാങ്കേതിക സംയോജനം പൂര്‍ത്തിയാകും. എടിഎം സംവിധാനം, ആര്‍ടിജിഎസ്/എന്‍ഇഎഫ്ടി, മൊബൈല്‍ ബാങ്കിങ് തുടങ്ങിയ കോര്‍ ബാങ്കിങ് ഉള്‍പ്പെടെ പുതുതലമുറ ബാങ്കുകള്‍ നല്‍കുന്ന ആധുനിക ബാങ്കിങ് സേവനങ്ങളെല്ലാം കേരള ബാങ്കിലും പ്രാഥമിക ബാങ്കുകളിലും  ഇടപാടുകാര്‍ക്ക് ലഭ്യമാകുമെന്നാണു വാഗ്ദാനം ചെയ്തിട്ടുള്ളത്.

സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്ന് അറിയപ്പെട്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്.ബി.റ്റി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യുമായി ലയിച്ചതിനു പിന്നാലെയാണ് കേരള ബാങ്ക് രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചത്. എസ്.ബി.ഐ രാജ്യത്തെ ഒന്നാംനിര പൊതുമേഖലാ ബാങ്കിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ലഭിക്കില്ലെന്ന വാദമുയര്‍ത്തിയാണ് കേരള ബാങ്ക് രൂപീകരണ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കൂട്ടിച്ചേര്‍ത്താണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. പ്രൈമറി, ജില്ലാ, സംസ്ഥാന തലങ്ങളിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ കൂട്ടിച്ചേര്‍ത്താണ് കേരള ബാങ്കിന്റെ രൂപീകരണം.സംസ്ഥാന സഹകരണ ബാങ്കിന് 7000 കോടി രൂപയും ജില്ലാബാങ്കുകളില്‍ 47047 കോടിരൂപയുടെ നിക്ഷേപവുമുണ്ട്. 650 ബില്ല്യണ്‍ രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളുടെ വായ്പാ പ്രോഡക്ടുകള്‍ 2019 ജനുവരി ഒന്ന് മുതല്‍ ഏകീകരിച്ചു. ബാങ്കുകളുടെ സിഎ ഓഡിറ്റ്, മെഗ്രേഷന്‍ ഓഡിറ്റ്, ആസ്തി ബാധ്യതകളുടെ കണക്കെടുപ്പ് എന്നിവ പൂര്‍ത്തീകരിച്ചു. പുതുതായി ബാങ്ക് എന്ന പദം പേരിനൊപ്പം ഉപയോഗിച്ച് സഹകരണ സംഘങ്ങള്‍ റജിസ്റ്റര്‍ ചെയ്യരുതെന്നും നിര്‍ദേശം നല്‍കി.

ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ നിലവിലുള്ള ത്രിതല സമ്പ്രദായത്തില്‍നിന്നും ദ്വിതല സമ്പ്രദായത്തിലേക്ക് മാറ്റി കേരള ബാങ്ക് രൂപീകരിക്കുന്നതിന് 19 വ്യവസ്ഥകള്‍ റിസര്‍വ് ബാങ്ക് മുന്നോട്ടു വച്ചിരുന്നു. ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളുടെ പൊതുയോഗത്തില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ലയന പ്രമേയം പാസാക്കണമെന്നതായിരുന്നു പ്രധാന നിബന്ധന. എന്നാല്‍ 13 ബാങ്കുകള്‍ അനുകൂലിച്ചെങ്കിലും മലപ്പുറം ജില്ലാ ബാങ്കില്‍ രണ്ടു തവണയും പ്രമേയം പാസാക്കാനായില്ല. ഇതേത്തുടര്‍ന്ന് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്റെ അംഗീകാരം മാത്രം നേടിയാല്‍ മതിയെന്നുമുള്ള  ഭേദഗതി വരുത്തിയുള്ള ഓര്‍ഡിനന്‍സ് ഇറക്കി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹര്‍ജികളാണ് ഇപ്പോഴുള്ള പ്രധാന കടമ്പ.

Similar News