നിഷ്‌ക്രിയ ആസ്തി കനത്തു; മുദ്ര ലോണിനു നിയന്ത്രണം വേണമെന്ന് ആര്‍ ബി ഐ

Update: 2019-11-28 08:08 GMT

മുദ്ര വായ്പ നല്‍കുന്ന കാര്യത്തില്‍ മതിയായ നിഷ്‌കര്‍ഷ പാലിക്കാത്തതിനാല്‍ നിഷ്‌ക്രിയ ആസ്തി കുതിച്ചുയര്‍ന്ന് പൊതുമേഖലാ ബാങ്കുകള്‍ അകപ്പെട്ടിരിക്കുന്നത് ഗൗരവതരമായ കുരുക്കിലെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തി. ഇക്കാരണത്താല്‍ മുദ്ര ലോണ്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എം കെ ജെയിന്‍ ആവശ്യപ്പെട്ടു. അതേസമയം സൂക്ഷ്മ -ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ (എം എസ് എം ഇ)ക്ക് 5,000 കോടിയുടെ സ്ട്രെസ് ഫണ്ട് നിക്കി വയ്ക്കണമെന്നുള്ള നിര്‍ദ്ദേശം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുദ്ര വായ്പ പലരും തിരിച്ചടയ്ക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പുതിയ നിര്‍ദേശം നല്‍കിയത്. രണ്ട് വര്‍ഷം മുമ്പ്, പൊതുമേഖലാ ബാങ്കുകളിലെ മുദ്ര വായ്പകളുടെ ശരാശരി എന്‍പിഎ നില ഏകദേശം 5 ശതമാനമായിരുന്നു. അത് 2018-19 ഓടെ 10 ശതമാനമായി ഉയര്‍ന്നു. അതുകൊണ്ട് ഇത്തരം വായ്പകള്‍ പ്രോസസ് ചെയ്യുമ്പോള്‍ തന്നെ ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നിലപാട്.

വായ്പ അനുവദിക്കുന്നതിന് മുമ്പായി അപേക്ഷകന്റെ തിരിച്ചടവ് ശേഷി മനസിലാക്കണം. ഒപ്പം ലോണ്‍ കാലയളവില്‍ സ്ഥാപനത്തിന്റെ പ്രകടനം തുടര്‍ച്ചയായി വിലയിരുത്തുകയും വേണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഇനി ചട്ടങ്ങള്‍ കൂടുതല്‍ ദൃഢമാക്കും. ചെറുകിട വായ്പക്കാര്‍ക്ക് വായ്പ നല്‍കുന്നതില്‍ ജാഗ്രതയോടെയും വിവേകത്തോടെയും പ്രവര്‍ത്തിക്കണമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ തന്നെ ബാങ്കുകളെ ഉപദേശിച്ചിരുന്നു.

പൊതുമേഖലാ ബാങ്കുകളെയാണ് മുദ്ര ലോണ്‍ സമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുദ്ര വായ്പ എന്‍പിഎ 23 ശതമാനമാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പിഎന്‍ബി 20,000 കോടി രൂപയുടെ മുദ്ര വായ്പ അനുവദിച്ചിട്ടുണ്ട്. നിലവിലെ കുടിശ്ശിക വായ്പകള്‍ 2019 സെപ്റ്റംബര്‍ വരെ 10,702 കോടി രൂപയാണ്.

ഈടില്ലാതെ 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന മുദ്ര പദ്ധതി 2015ലാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഈട് നല്‍കാന്‍ ശേഷിയില്ലാത്തതിനാല്‍ സൂഷ്മ, ചെറുകിട വ്യവസായങ്ങള്‍ പലപ്പോഴും സാധാരണ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് വെളിയിലാണ്. ഇതു മൂലം ഗ്രാമീണ മേഖലയില്‍ പുതിയ സംരഭങ്ങള്‍ ഉദയം ചെയ്യുന്നത് കുറയുകയോ വലിയ പലിശയ്ക്ക് പണം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുക്കേണ്ടി വരുന്നതിനാല്‍ നഷ്ടത്തിലാവുകയോ ചെയ്യുന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് മുദ്ര വായ്പകള്‍ രാജ്യവ്യാപകമായി നടപ്പിലാക്കിയത്.

തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം  ഈ വര്‍ഷം ഫെബ്രുവരി വരെ മുദ്ര യോജന പദ്ധതിക്ക് കീഴില്‍ 4.25 കോടി ആളുകള്‍ക്കാണ് ലോണ്‍ ലഭിച്ചത്.ഇതില്‍ 21 ശതമാനം പേര്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങി. മൊത്തം 51 ലക്ഷം സംരംഭകര്‍ പ്രധാനമന്ത്രി മുദ്ര യോജന പദ്ധതി പ്രയോജനപ്പെടുത്തിയതായും 1.12 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും കണക്കുകള്‍ പറയുന്നു.

അതേസമയം, 'മുദ്ര ലോണ്‍ ബാങ്കുകള്‍ക്ക് ബാധ്യതയാകുമോ?' എന്ന തലക്കെട്ടോടെ 'ധനം' ഇക്കഴിഞ്ഞ മെയ് മാസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ ആശങ്കകള്‍ ശരിവച്ചിരിക്കുകയാണിപ്പോള്‍ ആര്‍ബിഐ. 'യാതൊരു ഈടുമില്ലാതെ പ്രധാനമന്ത്രി തരുന്ന തിരിച്ചടക്കേണ്ടാത്ത വായ്പയെന്ന പേരിലാണ് ബഹുഭൂരിപക്ഷം സാധാരണക്കാരും മുദ്ര ലോണ്‍ അന്വേഷിച്ചുവരുന്നത്. അവരെ പറഞ്ഞ് മനസിലാക്കല്‍ തന്നെ വലിയൊരു ജോലിയാണ്. മുന്‍ഗണനാവിഭാഗത്തില്‍ പെടുന്ന വായ്പ എന്ന നിലയില്‍ ബാങ്കുകള്‍ക്ക് ഇതില്‍ ടാര്‍ഗറ്റുണ്ട്. അത് നല്‍കുമ്പോഴും പലപ്പോഴും ഞങ്ങള്‍ക്കറിയാം ഇത് തിരിച്ചുകിട്ടാന്‍ പോകുന്നില്ലെന്ന്. ചിലര്‍ മനപ്പൂര്‍വ്വം തിരിച്ചടയ്ക്കുന്നില്ല. മറ്റ് ചിലര്‍ പ്രതീക്ഷിച്ചതുപോലെ ബിസിനസ് നടത്താന്‍ പറ്റാത്തതുകൊണ്ടും അടയ്ക്കുന്നില്ല. ഇതാണ് അവസ്ഥ,' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബാങ്ക് മാനേജര്‍ അന്ന് 'ധന'ത്തോടു വെളിപ്പെടുത്തിയതിങ്ങനെ.

ഒരു സ്റ്റാര്‍ട്ടര്‍ ലോണ്‍ എന്ന നിലയ്ക്ക് മുദ്ര ലോണ്‍ സൃഷ്ടിക്കുന്ന പരിമിതികളെപ്പറ്റിയുള്ള ആശങ്കയും 'ധനം' റിപ്പോര്‍ട്ടിലുണ്ടായിരുന്നു.' ഇതുവരെ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമല്ലാത്ത വലിയൊരു വിഭാഗത്തിന് സാമ്പത്തിക പിന്തുണ നല്‍കി അവരെ സൂക്ഷ്മ, ചെറുകിട സംരംഭകരാക്കി സമൂഹത്തിന്റെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുകയെന്നതാണ് മുദ്ര വായ്പയുടെ പ്രഖ്യാപിത ലക്ഷ്യം. രാജ്യത്തെ ബാങ്കുകള്‍ വന്‍തോതിലുള്ള കിട്ടാക്കടം കൊണ്ട് പൊറുതിമുട്ടുന്ന സാഹചര്യത്തില്‍ ഈയിനത്തിലെ നിഷ്‌ക്രിയാസ്തി കൂടി വരുമ്പോള്‍ അത് വലിയ തലവേദന ആകുക തന്നെ ചെയ്യും. സംരംഭകത്വ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ട ആയിരിക്കുമ്പോള്‍ തന്നെ, നാമമാത്രമായ തുക നല്‍കലില്‍ അത് ഒതുങ്ങരുത്. മറിച്ച്, സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ബിസിനസ് വളര്‍ത്താനുള്ള സാഹചര്യവും പരിതസ്ഥിതിയും സൃഷ്ടിക്കപ്പെടുക കൂടി വേണം. അല്ലാത്തപക്ഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അവതാളത്തിലാക്കുന്ന ജനപ്രിയ പദ്ധതി മാത്രമായി മുദ്രയും ഒതുങ്ങും.' - റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയതിങ്ങനെ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News