എഫ്.ഡി നിക്ഷേപകര്‍ക്ക് ആശ്വാസം: പലിശ നിരക്ക് തല്‍ക്കാലം കുറയില്ല

Update: 2019-12-05 11:34 GMT

റിപ്പോ നിരക്ക് താഴ്ത്തുന്നില്ലെന്ന റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തില്‍ ആശ്വാസവുമായി ബാങ്ക് നിക്ഷേപകര്‍. സ്ഥിര നിക്ഷേപത്തിന്റെ പലിശ കൊണ്ടു ജീവിക്കുന്നവര്‍ തുടര്‍ച്ചയായി അരങ്ങേറി വന്ന റിപ്പോ നിരക്ക് താഴ്ത്തലിലും അനുബന്ധമായുള്ള പലിശ നിരക്കു താഴ്ത്തലിലും അസ്വസ്ഥരായിരുന്നു.ഇത്തവണ റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റംവരുത്താത്തതിനാല്‍ നിലവുള്ള പലിശ നിലനിര്‍ത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകും.

റിപ്പോ കുറയ്ക്കുന്നതിനു താല്‍ക്കാലിക വിരമാമിട്ടതോടെ ബാങ്കുകള്‍ക്ക് നിക്ഷേപ പലിശ കുറയ്ക്കാനാകില്ല. നിലവില്‍ 5.15 ശതമാനമാണ് റിപ്പോ നിരക്ക്. ഇതിനുമുമ്പത്തെ വായ്പാ നയ അവലോകനത്തില്‍ റിപ്പോ നിരക്ക് 0.25 ശതമാനമാണ് കുറച്ചത്. 2019 ഫെബ്രുവരി മുതല്‍ ഇതുവരെ 5 തവണയായി 1.35 ശതമാനം കുറവു വരുത്തി.ബാങ്കുകള്‍ റിപ്പോ നിരക്കുമായി പലിശ നിരക്ക് ബന്ധിപ്പിച്ചതിനെതുടര്‍ന്ന് ഇതിന്റെ ചുവടു പിടിച്ച് ഫെബ്രുവരി-നവംബര്‍ കാലയളവില്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശ 47 ബേസിസ് പോയിന്റ് താഴ്ത്തിയിരുന്നു.

നവംബര്‍ മുതല്‍ എസ്ബിഐ ഒരു വര്‍ഷത്തെ നിക്ഷേപത്തിന് നല്‍കുന്ന പലിശ 6.25 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനം  കിട്ടും.കഴിഞ്ഞ ഓഗസ്റ്റിലാകട്ടെ ഇത് 6.8 ശതമാനവും 7.3 ശതമാനവുമായിരുന്നു. മൂന്നു മാസം കൊണ്ട് 0.50 ശതമാനം കുറവുണ്ടായി.

ചെറുനിക്ഷേപ പദ്ധതികളായ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, സീനിയര്‍ സിറ്റിസണ്‍സ് സ്‌കീം എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാങ്ക് എഫ് ഡി പലിശ കുറവാണെന്ന ആക്ഷേപം വ്യാപകമാണ്. ടേം ഡെപ്പോസിറ്റിന് 6.9 - 7.7 ശതമാനം പലിശയുണ്ട്. മൂന്നുമാസത്തിലൊരിക്കല്‍ പലിശ വാങ്ങുകയും ചെയ്യാം. സീനിയര്‍ സിറ്റിസണ്‍ സ്‌കീമില്‍ 8.6 ശതമാനം വരെയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News