നിങ്ങൾ എസ്ബിഐ അക്കൗണ്ട് ഉടമയാണോ? മേയ് 1 മുതൽ നിരക്കുകളിൽ മാറ്റങ്ങൾ

Update: 2019-04-29 06:08 GMT

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മേയ് ഒന്നുമുതൽ തങ്ങളുടെ ചട്ടങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടുവരും. 2019 മാർച്ചിൽ കൈക്കൊണ്ട തീരുമാന പ്രകാരം, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സേവിങ്സ് ഡെപ്പോസിറ്റുകൾ ആർബിഐ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കും.

റിപ്പോ നിരക്കിനേക്കാൾ 2.75 ശതമാനം താഴെയായിരിക്കും ഡെപ്പോസിറ്റ് നിരക്ക്. അതായത് മേയിന് ശേഷം ആർബിഐ നിരക്ക് കുറച്ചാലും കൂട്ടിയാലും ആ മാറ്റം ഡെപ്പോസിറ്റ് പലിശനിരക്കുകളിലും പ്രതിഫലിക്കും.

ആർബിഐ മോണേറ്ററി പോളിസിയിലുള്ള ഏതൊരു മാറ്റവും ഉപഭോക്താവിലേക്കെത്തുന്ന പ്രക്രിയ കൂടുതൽ വേഗത്തിലാക്കുകയാണ് ഈ മാറ്റത്തിന്റെ ലക്ഷ്യം.

അറിയാൻ 5 കാര്യങ്ങൾ

  • ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ഡെപ്പോസിറ്റ് ഉള്ള അക്കൗണ്ട് ഉടമകൾക്ക് റിപ്പോ നിരക്കിനേക്കാൾ 2.75 ശതമാനം താഴെയായിരിക്കും പലിശ നിരക്ക് നിശ്ചയിക്കുക.
  • ഒരു ലക്ഷം രൂപ പരിധിയുള്ള എല്ലാ കാഷ് ക്രെഡിറ്റ് എക്കൗണ്ടുകളും, ഹ്രസ്വകാല വായ്പാകളും, ഓവർ ഡ്രാഫ്റ്റുകളും റിപ്പോയുമായി ബന്ധിപ്പിക്കും. ഇത് മേയ് ഒന്നുമുതൽ നിലവിൽ വരും.
  • ഒരു ലക്ഷം രൂപ വരെയുള്ള ഡെപ്പോസിറ്റുകൾക്ക് 3.50 ശതമാനമായിരിക്കും പലിശ നിരക്ക്.
  • വായ്പാ നിരക്ക് നിശ്ചയിക്കുന്നതിലെ അടിസ്ഥാന നിരക്കായ MCLR 5 ബേസിസ് പോയിന്റ് കുറക്കുകയും ചെയ്തിട്ടുണ്ട്. ഒരു വർഷത്തേക്കുള്ള MCLR നിരക്ക് ഇപ്പോൾ 8.50 ശതമാനമാണ്.
  • 30 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഭവനവായ്പയുടെ പലിശ നിരക്ക് 0.10 ശതമാനം കുറച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 8.70 ശതമാനത്തിൽനിന്ന് 8.60 ശതമാനമായി കുറയും. ഉയർന്ന നിരക്ക് ഒമ്പതു ശതമാനത്തിൽ നിന്ന് 8.90 ശതമാനമായാണ് കുറയുക.

Similar News