എജിആര്‍ :10000 കോടി അടച്ച് എയര്‍ടെല്‍

Update: 2020-02-17 12:12 GMT

ക്രമീകരിച്ച മൊത്ത വരുമാന (എജിആര്‍) കുടിശ്ശിക ഇനത്തില്‍ ഭാരതി എയര്‍ടെല്‍ ടെലികോം കമ്പനി പതിനായിരം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കി. അതേസമയം, ഇന്ന് 2,500 കോടി രൂപയും വെള്ളിയാഴ്ചയോടെ 1,000 കോടി രൂപയും നല്‍കാമെന്ന വോഡഫോണ്‍ ഐഡിയയുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ടെലികോം കമ്പനികള്‍ സര്‍ക്കാരിന് നല്‍കാനുള്ള കുടിശികകള്‍ അടയ്ക്കാത്തതിനെതിരെ സുപ്രീം കോടതി ടെലികോം കമ്പനികള്‍ക്കെതിരേ നോട്ടീസ് നല്‍കുകയും കമ്പനി മേധാവികളോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഡ്ജസ്റ്റ് ചെയ്ത മൊത്തവരുമാനം സംബന്ധിച്ച (എജിആര്‍) കോടതി ഉത്തരവിനെ തുടര്‍ന്ന് ടെലികോം കമ്പനികള്‍ സര്‍ക്കാരിന് പണം നല്‍കാത്തതിനെതിരെയായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.

അടുത്ത വാദം കേള്‍ക്കലിന് മുന്‍പ് പണം അടച്ചുതീര്‍ക്കണമെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര താക്കീതും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ടെല്‍ ടെലികോം പണം തിരിച്ചടച്ചത്. സ്‌പെക്ട്രം ലൈസന്‍സ് ഫീസ് ഇനത്തില്‍ 35,000 കോടി രൂപയുടെ കുടിശികയാണ് എയര്‍ടെല്‍ ടെലികോം കമ്പനിയുടെ ബധ്യത. ഇതില്‍ 10,000 കോടിമാത്രമാണ് കമ്പനി ടെലി കമ്മ്യുണിക്കേഷന്‍ വകുപ്പിന് ഒടുക്കിയിട്ടുള്ളത്. ബാക്കി തുക കമ്പനി വസ്തുവകകളുടെ മൂല്യനിര്‍ണ്ണയത്തിന് ശേഷം തിരിച്ചടയ്ക്കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്.

പതിനായിരം കോടി രൂപയില്‍ 9,500 കോടി ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന് വേണ്ടിയും 500 കോടി ഭാരതി ഹെക്‌സാകോമിനുവേണ്ടിയുമാണ് നല്‍കിയിട്ടുള്ളതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. മിച്ചം തുക സുപ്രീം കോടതി അടുത്ത വാദം കേള്‍ക്കുന്നതിന് മുന്‍പ് അടച്ചു തീര്‍ക്കുമെന്നും കമ്പനി പറഞ്ഞു.പിഴ ഒടുക്കാന്‍ കോടതി നിര്‍ദേശിച്ച തീയതി ജനുവരി 23 ആയിരുന്നു.

ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ടാറ്റാ ടെലി സര്‍വീസസ് തുടങ്ങിയ ടെലികോം കമ്പനികളാണ് 1.47 ലക്ഷം കോടിയുടെ കുടിശിക നല്‍കാനുണ്ടായിരുന്നത്. ഇത് മാര്‍ച്ച് 17ന് മുമ്പ് സര്‍ക്കാരിന് നല്‍കണമെന്നായിരുന്നു ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അബ്ദുള്‍ നസീര്‍, എം ആര്‍ ഷാ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടത്. എജിആര്‍ കുടിശിക ഈടാക്കുന്ന സുപ്രീം കോടതി ഉത്തരവ് മരവിപ്പിച്ച ടെലി കമ്മ്യുണിക്കേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനും കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 24നാണ് പിഴത്തുക അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി ടെലികോം കമ്പനിക്ക് നിര്‍ദേശം നല്‍കിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News