ഷാര്‍ജയില്‍ പുതിയ വാതകശേഖരം കണ്ടെത്തി; യു.എ.ഇക്ക് സാമ്പത്തിക കുതിപ്പാകും, വന്‍ തൊഴില്‍ സാധ്യതകളും

കണ്ടെത്തിയത് ഷാര്‍ജയിലെ അഞ്ചാമത്തെ വാതകപ്പാടം

Update:2024-05-07 14:56 IST

Image courtesy: - representational image-canva

രാജ്യത്ത് പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍. അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍ ഹദീബ ഫീല്‍ഡിലാണ് വലിയ അളവില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടത്തുന്ന ഖനനത്തിലാണ് വാതക ശേഖരം കണ്ടെത്തിയത്.

വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങിയാല്‍ രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. പുതിയ വാതകശേഖരത്തിന്റെ അളവ് കണ്ടെത്തുന്നതിനും സാധ്യതകള്‍ വിലയിരുത്തുന്നതിനുമുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അല്‍ സജാ, കാഹീഫ്, മഹനി, മുഐദ് എന്നിവയ്ക്ക് പിന്നാലെ ഷാര്‍ജയിലെ അഞ്ചാമത്തെ വാതകപ്പാടമാണ് പുതുതായി കണ്ടെത്തിയ അല്‍ ഹദീബ. 2020ന് ശേഷം ഷാര്‍ജയില്‍ കണ്ടെത്തുന്ന വലിയ വാതകപ്പാടമാണ് അല്‍ ഹദീബ. ഷാര്‍ജയിലെ പുതിയ വാതക ശേഖരം പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ക്ക് വഴിതുറന്നേക്കും.

യു.എ.ഇ 2022ല്‍ 105 ബില്യണ്‍ ഡോളറിന്റെ എണ്ണയാണ് കയറ്റുമതി ചെയ്തത്. ഇത് ആഗോള എണ്ണ കയറ്റുമതിയുടെ 7.24 ശതമാനം വരും. 2022ല്‍ യു.എ.ഇ പ്രതിദിനം 4.23 ദശലക്ഷം ബാരല്‍ എണ്ണയാണ് ഉത്പാദിപ്പിച്ചത്. ഇത് ആഗോള ഉല്‍പാദനത്തിന്റെ 4 ശതമാനമാണ്. ലോകത്തെ ആറാമത്തെ വലിയ എണ്ണ ശേഖരമാണ് യു.എ.ഇയുടേത്. 

Tags:    

Similar News