മോഹന്‍ലാലിന്റെ ബിഗ്‌ബോസ് 3 യും സസ്‌പെന്‍ഡ് ചെയ്തു; നഷ്ടം എത്രയാണെന്നറിയാമോ ?

തമിഴ്‌നാട്ടില്‍ ബിഗ്‌ബോസ് ഷൂട്ട് നടന്നിരുന്ന ഇവിപി ഫിലിം സിറ്റി പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്.

Update:2021-05-21 08:34 IST

മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയുടെ ഫൈനലാണ് ബിഗ്‌ബോസ് ഷോയുടേത്. എന്നാല്‍ ഷോ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സൂപ്പര്‍ താരം മോഹന്‍ലാല്‍ അവതാരകനായെത്തി ഏഷ്യാനെറ്റില്‍ സംപ്രേഷഷണം ചെയ്യുന്ന പരിപാടി 94 എപ്പിസോഡുകള്‍ പിന്നിട്ട് ഫൈനലിലേക്ക് കടക്കുമ്പോഴാണ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലാണ് ചിത്രീകരണം നടന്നിരുന്നത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ഇവിടം പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന്. ബിഗ്‌ബോസ് മത്സരാര്‍ത്ഥികളെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ് എന്നാണ് വിവരം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷവും ഷൂട്ടിംഗ് തുടര്‍ന്നതിനാല്‍ പോലീസുമായെത്തിയാണ് സ്ഥലം സീല്‍ ചെയ്തതെന്നാണ് വിവരം.
കിച്ച സുദീപിന്റെ ബിഗ് ബോസ് കന്നഡ 8 പെട്ടെന്ന് അവസാനിച്ചതിന് ശേഷമാണ് ബിഗ് ബോസ് മലയാളം 3 യും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഷോ 94 ദിവസം പൂര്‍ത്തിയാക്കി നന്നായി നടക്കുകയായിരുന്നു. എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ നിര്‍മിച്ച് വയാകോം 18, സ്റ്റാര്‍ ഇന്ത്യ എന്നിവയിലൂടെ പുറത്തിറക്കുന്ന ഷോ ഹിന്ദിയില്‍ സല്‍മാന്‍ഖാന്‍ ആണ് ഹോസ്റ്റ് ചെയ്യുന്നത്. തമിഴില്‍ കമല്‍ഹാസനും മലയാളത്തില്‍ മോഹന്‍ലാലുമാണ് വിവിധ സീസണുകളായി ഹോസ്റ്റ് ചെയ്യുന്നത്.
ബംഗാളി, തെലുങ്ക്, മറാത്തി എന്നീ ഭാഷകളിലും ബിഗ്‌ബോസ് നിര്‍മിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ഷോ ആയ ബിഗ് ബ്രദര്‍ ടെലിവിഷന്‍ റിയാലിറ്റി സിരീസിന്റെ മോഡലില്‍ ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ഇത്. ഒരു കൂട്ടം തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ നൂറു ദിവസങ്ങളോളം (ഇത്തവണ 112) ഒരു വീട്ടില്‍ പുറം ലോകവുമായി യാതൊരു ആശയവിനിമയവുമില്ലാതെ കഴിയുന്നഷോയാണിത്. ഫെബ്രുവരി 14 നായിരുന്നു ഷോ പ്രീമിയര്‍ ചെയ്തത്.
'ബിഗ്' ബജറ്റ് 'ബോസ്'
ബിഗ് ബോസ് ഷോ മുടക്കു മുതലില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. ഒന്നാം സമ്മാനമായി മത്സരാര്‍ത്ഥിക്ക് ലഭിക്കുന്നത് ഒരു കോടി രൂപയുടെ വില്ലയാണ് (തുല്യമായ സമ്മാനം). ആദ്യ ഷോയിലാണ് ബിഗ്‌ബോസ് മലയാളത്തിന് വിജയിയുണ്ടായത്. ടിവി താരമായിരുന്ന അഡ്വ. സാബുമോന്‍ ആയിരുന്നു ഒരു കോടിയുടെ സമ്മാനം സ്വന്തമാക്കിയത്. 44 കോടി മുതല്‍ മുടക്കിലാണ് അന്നത്തെ ഷോ നടത്തിയതെന്ന് അന്നത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രങ്ങളുടെ ആകെ തുകയേക്കാള്‍ വരുമത്.
ഏഷ്യാനെറ്റിന്റെ കാല്‍ നൂറ്റാണ്ട് പ്രമാണിച്ചാണ് പ്രേക്ഷകര്‍ക്കായി ചാനല്‍ ഈ പരിപാടി അന്ന് അവതരിപ്പിച്ചത്. നൂറു ദിവസം നീണ്ടുനിന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മോഹന്‍ലാല്‍ പ്രതിഫലമായി കൈപ്പറ്റിയത് 12 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. 10 മുതല്‍ 50 ലക്ഷം രൂപയായിരുന്നു പരിപാടിയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളുടെ പ്രതിഫലമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
താരമൂല്യത്തിന് അനുസരിച്ച് മത്സരാര്‍ത്ഥികളുടെ പ്രതിഫലത്തിലും വ്യത്യാസമുണ്ടായിരുന്നു. രണ്ടാം സീസണ്‍ നാഷണല്‍ ലോക്ഡൗണോടെ പിരിച്ചു വിട്ടിരുന്നു. രണ്ടാം സെറ്റ് തന്നെയാണ് ചില മാറ്റങ്ങളോടെ മൂന്നാം സീസണിനായി ഉപയോഗിച്ചത്. ഇത്തവണയും അതേ ഫോര്‍മാറ്റ് തന്നെയായതിനാല്‍ മുടക്കുന്ന തുകയില്‍ വല്യ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്.
നിലവില്‍ എട്ട് മത്സരാര്‍ത്ഥികളാണ് ബിഗ്‌ബോസില്‍ മത്സരിക്കുന്നത്. ഷോ തുടരുമെന്ന പ്രതീക്ഷയില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ ഇവരെയെല്ലാം വ്യത്യസ്ത റൂമുകളിലായാണ് ഹോട്ടല്‍ മുറികളില്‍ താമസിപ്പിച്ചിരിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങളുടെ റിപ്പോര്‍ട്ട്. ഷോയുടെ സംപ്രേഷണം താല്‍ക്കാലികമായി നിലച്ചതിനാല്‍ തന്നെ സ്‌പോണ്‍സേഴ്‌സ് ആയവര്‍ക്കും വലിയൊരു തുകയാണ് നഷ്ടമാകുക. മത്സരാര്‍ത്ഥികളുടെ ശമ്പളം, ഹോസ്റ്റായ മോഹന്‍ലാലിന്റെ ശമ്പളം എന്നിവയും തുടരണം.
കോവിഡിന്റെ സാഹചര്യത്തില്‍ ടെസ്റ്റും സുരക്ഷാ സംവിധാനങ്ങളുമുള്‍പ്പെടെ മറ്റ് ചെലവുകളും ലക്ഷങ്ങളായിരിക്കും നഷ്ടമെന്നാണ് വിലയിരുത്തല്‍. ഏതായാലും ചാനലിന്റെ നഷ്ടത്തിനു പുറമെ നിര്‍മാണ കമ്പനിയാണ് ഇത് താങ്ങേണ്ടി വരുക. ഹോട്ട്‌സ്റ്റാറിലും നിരവധി പ്രേക്ഷകരാണ് ഈ ഷോയ്ക്കുള്ളത്. അതും വരുമാന സ്രോതസ്സായിത്തന്നെയാണ് സ്റ്റാര്‍ ഇന്ത്യ കണക്കാക്കുന്നത്. വിവിധ ഭാഷകളിലെ സസ്‌പെന്‍ഷന്റെ നഷ്ടവും കൂടി വരുമ്പോള്‍ വന്‍ തുകയാകും നഷ്ടക്കണക്കിന്റെ ഇനത്തില്‍ ചാനലും അധിക ചെലവിന്റെ കണക്കില്‍ സ്‌പോണ്‍സേഴ്‌സും നിര്‍മാണക്കമ്പനിയും വഹിക്കേണ്ടി വരുക.


Tags:    

Similar News