ജിയോ ഫൈനാന്‍ഷ്യല്‍ ബ്ലാക്ക് റോക്കുമായി സംയുക്ത സംരംഭം തുടങ്ങുന്നു

ലോകത്തെമ്പാടുമായി 11 ലക്ഷം കോടി ഡോളറിന്റെ ആസ്തിയാണ് ബ്ലാക്ക് റോക്ക് കൈകാര്യം ചെയ്യുന്നത്

Update: 2023-07-27 09:30 GMT

ലോകത്തിലെ ഏറ്റവും വലിയ ആസ്തി കൈകാര്യ (asset management) കമ്പനിയായ ബ്ലാക്ക്‌റോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ശതകോടീശ്വരന്‍ മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിനൊപ്പം ചേര്‍ന്ന് അസറ്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാപിക്കുമെന്ന് കമ്പനി വ്യക്തമാക്കി. റിലയന്‍സിന്റെ പുതിയ കമ്പനിയായ ജിയോ ഫൈനാൻഷ്യല്‍ സര്‍വീസസുമായി (Jio Financial Servicse/JFS) ചേര്‍ന്ന് 50:50 അനുപാതത്തിലാണ് സംയുക്ത സംരംഭം തുടങ്ങുന്നത്.

11 ലക്ഷം കോടി ഡോളറിന്റെ (900 ലക്ഷം കോടി രൂപ) ആസ്തിയാണ് ബ്ലാക്ക് റോക്ക് കൈകാര്യം ചെയ്യുന്നത്. ലോകത്തെ മൊത്തം സാമ്പത്തിക ആസ്തികളുടെ 7 ശതമാനം വരുമിത്. ജിയോ ബ്ലാക്ക് റോക്ക് എന്നാണ് പുതിയ സംയുക്ത സംരംഭത്തിന്റെ പേര്. ഒദ്യോഗിക അനുമതികള്‍ ലഭിച്ചാലുടന്‍ പ്രവര്‍ത്തനം തുടങ്ങും. നിലവില്‍ 15 കോടി ഡോളര്‍ (1,200 കോടി രൂപ) വീതമാണ് ഇരു കമ്പനികളും പുതിയ സംരംഭത്തിനായി മുതല്‍ മുടക്കുന്നത്.

ധനകാര്യ രംഗത്തെ മാറ്റിമറിക്കാന്‍

കഴിഞ്ഞയാഴ്ചയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ധനകാര്യവിഭാഗത്തെ വേര്‍പെടുത്തി ജിയോ ഫൈനാൻഷ്യല്‍ സര്‍വീസസ് എന്ന പുതിയ കമ്പനിക്ക് രൂപം കൊടുത്തത്. ജിയോ ടെലികോമിന്റെ 40 ലക്ഷം കോടി ഉപയോക്തക്കള്‍, റിലയന്‍സ് റീറ്റെയ്‌ലിന്റെ 80 കോടിയോളം ഉപയോക്താക്കള്‍, 20 ലക്ഷത്തോളം വ്യാപാരികള്‍ എന്നിങ്ങനെ വിപുലമായ ഡാറ്റ ബേസും ടെക്‌നോളജിയും പ്രയോജനപ്പെടുത്തി മുന്നേറാനാണ്  ജിയോ ഫൈനാൻഷ്യലിന്റെ ലക്‌ഷ്യം.

ജിയോ ഫൈനാൻഷ്യലുമായുള്ള  പങ്കാളിത്തത്തിലൂടെ ധനകാര്യമേഖലയില്‍ വിപ്ലവകരമായ മാറ്റം വരുത്താനാണ് ബ്ലാക്ക് റോക്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ആലാദിന്‍(Aladdin - the Asset, Liability, and Debt and Derivative Investment Network) ലക്ഷ്യമിടുന്നത്. ഇരുകമ്പനുകളുടേയും തലവന്‍മാന്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായാണ് അറിയുന്നത്.

Tags:    

Similar News