ഹാല്‍ദിറാമിന്റെ മധുരം സ്വന്തമാക്കാന്‍ അമേരിക്കന്‍ കമ്പനി; നടപ്പാകുന്നത് ₹40,000 കോടിയുടെ കരാര്‍

റസ്റ്ററന്റ് ബിസിനസ് അഗര്‍വാള്‍ കുടുംബത്തിന്റെ മേല്‍നോട്ടത്തിലാകും

Update:2024-07-30 12:20 IST

ഇന്ത്യയിലെ പ്രമുഖ ഫുഡ് ബ്രാന്‍ഡായ ഹാല്‍ദിറാമിനെ ഏറ്റെടുക്കാന്‍ നീക്കവുമായി അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക് സ്റ്റോണ്‍. 1937ല്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ അഗര്‍വാള്‍ കുടുംബം ആരംഭിച്ച കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങാനായി ബ്ലാക്ക് റോക്ക് ഉള്‍പ്പെടെയുള്ള കണ്‍സോര്‍ഷ്യം 40,000 കോടി രൂപയുടെ താത്പര്യപത്രം നല്‍കിയതായാണ് വിവരം. കമ്പനിക്ക് 70,000-78,000 കോടി രൂപ മൂല്യം കണക്കാക്കിയാണ് ഡീല്‍.

നിയന്ത്രണം ബ്ലാക്ക് സ്‌റ്റോണിന്
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും റസ്റ്റോറന്റിന്റെ ഉടമസ്ഥാവകാശത്തെയുംം ബ്രാന്‍ഡ് ലൈസന്‍സിനെയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ മൂലമാണ് തീരുമാനമാകാതിരുന്നത്. മാത്രമല്ല വാല്വേഷനിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാലിപ്പോള്‍ അതില്‍ സമവായത്തിലെത്തിയതായാണ് അറിയുന്നത്. ഇതിന്റെ സൂക്ഷമപരിശോധനകള്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് നടത്തിവരികയാണ്.
ഏറ്റെടുക്കലിനു ശേഷം കമ്പനിയുടെ നിയന്ത്രണാവകാശവും പ്രോഡക്ട് ബിസിനസിന്റെ ലൈസന്‍സും ബ്ലാക്ക് സ്‌റ്റോണിന്റെ അധീനതയിലാകുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ ബ്രാന്‍ഡ് അവകാശവും റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനവും അഗര്‍വാള്‍ കുടുംബത്തിന് തന്നെയായിരിക്കും. ബ്രാന്‍ഡ് ഉപയോഗിക്കുന്നതിന് ഹാല്‍ദിറാം കുടുംബത്തിന് പുതിയ കമ്പനിയില്‍ നിന്ന് വാര്‍ഷിക റോയല്‍റ്റിയും ലഭിക്കും. സിംഗപ്പൂരിലെ ജി.ഐ.സി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ADIA) എന്നിവയും കണ്‍സോര്‍ഷ്യത്തിലുണ്ടെങ്കിലും മുഖ്യ ഓഹരിയുടമകള്‍ ബ്ലാക്ക് സ്‌റ്റോണ്‍ ആണ്.
ഏറ്റെടുക്കാൻ മറ്റു കമ്പനികളും 
ഹാല്‍ദിറാമിന് നാഗ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങള്‍ ആസ്ഥാനമാക്കി രണ്ട് വിഭാഗങ്ങളുണ്ട്. നാഗ്പൂര്‍ ആസ്ഥാനമായുള്ള ഹാര്‍ദിറാം ഫുഡിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3,622 കോടിരൂപയായിരുന്നു വരുമാനം. ഡല്‍ഹി കേന്ദ്രമാക്കിയുള്ള ഹാല്‍ദിറാം സ്‌നാക്ക്‌സിന് 5,600 കോടി രൂപയും വരുമാനമുണ്ട്. ഇതിനു മുമ്പും നിരവധി കമ്പനികള്‍ ഹല്‍ദിറാമിനെ ഏറ്റെടുക്കാന്‍ നീക്കം നടത്തിയിരുന്നു. സിംഗപ്പൂര്‍ നിക്ഷേപ സ്ഥാപനമായ ടെമാസെക്കും ബെയിനുമാണ് അവസാനം ഏറ്റെടുക്കലിനായി രംഗത്തെത്തിയത്.


Tags:    

Similar News