ബ്ലൂ ഡാര്‍ട്ടിന്റെ ഡാര്‍ട്ട് പ്ലസ് ഇനി 'ഭാരത് ഡാര്‍ട്ട്': ഓഹരിയിലും കുതിപ്പ്

ഇന്ത്യയെ 'ഭാരത്' ആക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് കൊറിയര്‍ കമ്പനിയുടെ നീക്കം

Update:2023-09-13 16:07 IST
Image Courtesy : bluedart.com

ഇന്ത്യയെ 'ഭാരത'മാക്കാനുള്ള ചര്‍ച്ചകള്‍ കൊടുമ്പിരികൊള്ളുമ്പോള്‍ രാജ്യത്തെ പ്രമുഖ കൊറിയര്‍ സേവന കമ്പനികളിലൊന്നായ ബ്ലൂ ഡാര്‍ട്ട് അവരുടെ പ്രീമിയം സേവന വിഭാഗമായ ഡാര്‍ട്ട് പ്ലാസിന്റെ പേര് 'ഭാരത് ഡാര്‍ട്ട്' എന്നാക്കി റീബ്രാന്‍ഡ് ചെയ്തു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പേര് മാറ്റത്തെ കുറിച്ച് കമ്പനി സൂചിപ്പിച്ചിരിക്കുന്നത്.

വുപുലമായ ചര്‍ച്ചകള്‍ക്കും ഗവേഷണ പ്രക്രിയകള്‍ക്കും ശേഷമാണ് പേര് മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് ബ്ലൂഡാര്‍ട്ട് വ്യക്തമാക്കി. രാജ്യം മുഴുവന്‍ സേവനം നല്‍കുന്ന കമ്പനിയെന്ന നിലയില്‍ റീബ്രാന്‍ഡിംഗ് കമ്പനിയെ സംബന്ധിച്ച് ആവേശകരമായ പരിവര്‍ത്തനമാണെന്നും 'ഭാരത് ഡാര്‍ട്ട്' എന്ന പേര് വരാനിരിക്കുന്ന പുതിയ അദ്ധ്യായങ്ങളുടെ തുടക്കമാണെന്നും ബ്ലൂ ഡാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ബാലര്‍ഫോര്‍ മാനുവല്‍ പറഞ്ഞു.
ജ-20യും ഭാരതും
ഇന്ത്യ ആതിഥ്യമരുളിയ ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തി ദിവസങ്ങള്‍ക്കു ശേഷമാണ് പേര് മാറ്റവുമായി ബ്ലൂ ഡാര്‍ട്ട് എത്തിയിരിക്കുന്നത്.
ജി-20യുമായി ബന്ധപ്പെട്ട രാഷ്ട്രപത്രിയുടെ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതാണ് പേരുമാറ്റ ചര്‍ച്ചകളുടെ തുടക്കം. ജി-20 ഉച്ചകോടിയിലെ വിദേശ പ്രതിനിധികള്‍ക്ക് നല്‍കുന്ന കൈപ്പുസ്തകത്തിലും 'ഭാരത്; ജനാധിപത്യത്തിന്റെ മാതാവ്' എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
പിന്നാലെ ആസിയാന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇറക്കിയ കുറിപ്പിലും 'പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്' എന്ന് ആലേഖനം ചെയ്തിരുന്നു.
ഇന്ത്യ എന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും സാധ്യമായ ഇടങ്ങളിലെല്ലാം ഭാരത് എന്ന് പറയണമെന്നും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ നിര്‍ദേശത്തിനു പിന്നാലെയായിരുന്നു മാറ്റമെന്നതാണ് ശ്രദ്ധേയം
ഓഹരി കുതിപ്പില്‍
കഴിഞ്ഞ് അഞ്ച് വ്യാപാര ദിനങ്ങളായി 8.7 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തിയ ബ്ലൂ ഡാര്‍ട്ട് ഓഹരി ഇന്ന് രണ്ട് ശതമാനത്തിനു മുകളിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിലെ ഓഹരിയുടെ നേട്ടം 6.73 ശതമാനമാണ്. 16.07 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് ബ്ലൂ ഡാര്‍ട്ട്. കാര്‍ഗോ എയര്‍ലൈന്‍, ബ്ലൂ ഡാര്‍ട്ട് ഏവിയേഷന്‍ എന്നിവ ഉപകമ്പനികളാണ്. അമേരിക്കന്‍ ലൊജിസ്റ്റിക്‌ കമ്പനിയായ ഡി.എച്ച്.എല്‍ ആണ് മാതൃകമ്പനി.
Tags:    

Similar News