ഡിസ്‌നിയുടെ തലപ്പത്തേക്ക് തിരിച്ചെത്താനൊരുങ്ങി ബോബ് ഇഗര്‍

കമ്പനിയുടെ സ്ട്രീമിംഗ് മീഡിയ യൂണിറ്റ് തുടര്‍ച്ചയായ നഷ്ടം രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ബോബ് ഇഗര്‍ മടങ്ങിയെത്തുന്നത്

Update: 2022-11-21 06:13 GMT

മുന്‍ വാള്‍ട്ട് ഡിസ്നി കോ ചീഫ് എക്സിക്യൂട്ടീവ് ബോബ് ഇഗര്‍ മീഡിയ കമ്പനിയിലേക്ക് സിഇഒ ആയി മടങ്ങുകയാണെന്ന് കമ്പനിയുടെ ബോര്‍ഡ് അറിയിച്ചു. 15 വര്‍ഷത്തെ ചീഫ് എക്‌സിക്യൂട്ടീവ് സേവനത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ബോബ് ഇഗര്‍ ഡിസ്‌നിയില്‍ നിന്ന് വിരമിച്ചത്. നിലവില്‍ രണ്ട് വര്‍ഷം കൂടി സിഇഒ ആയി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സമ്മതം അറിയിച്ചതായി കമ്പനി പ്രസ്താവനയില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ ഡിസ്‌നി സിഇഒ ആയി ചുമതലയേറ്റ ബോബ് ചാപെക്കിന് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. കോവിഡിന്റെ സമയം മുതല്‍ ബോബ് ചാപെകാണ് ഡിസ്‌നിയെ നയിക്കുന്നത്. എന്നാല്‍ ഈ മാസം നിക്ഷേപകരെ ഡിസ്‌നി നിരാശരാക്കി. കമ്പനിയുടെ സ്ട്രീമിംഗ് മീഡിയ യൂണിറ്റ് തുടര്‍ച്ചയായ നഷ്ടം രേഖപ്പെടുത്തിക്കൊണ്ടിരുന്നു.

സങ്കീര്‍ണ്ണമായ കാലഘട്ടത്തിലേക്ക് ഡിസ്‌നി നീങ്ങുമ്പോള്‍ കമ്പനിയെ നയിക്കാന്‍ ബോബ് ഇഗര്‍ സജ്ജനാണെന്ന വിശ്വാസമുണ്ടെന്ന് ഡിസ്‌നിയുടെ ബോര്‍ഡ് ചെയര്‍ സൂസന്‍ അര്‍നോള്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കമ്പനിയായ  ഡിസ്‌നിക്ക് ഇതൊരു വഴിത്തിരിവായിരിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഡിസ്‌നിയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്നും കമ്പനിയുടെ സിഇഒ ആയി മടങ്ങിവരാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ബോബ് ഇഗര്‍ പറഞ്ഞു.2005 മുതല്‍ 2020 വരെയുള്ള 15 വര്‍ഷം ഡിസ്‌നിയുടെ സിഇഒ സ്ഥാനത്തിരുന്നപ്പോള്‍ സാങ്കേതിക നവീകരണം, അന്താരാഷ്ട്ര വളര്‍ച്ച എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച കാഴ്ചപ്പാടോടെ ലോകത്തിലെ ഏറ്റവും വിജയകരവും പ്രശംസനീയവുമായ മാധ്യമ, വിനോദ കമ്പനികളിലൊന്നായി ഡിസ്‌നിയെ കെട്ടിപ്പടുക്കാന്‍ ഇഗര്‍ സഹായിച്ചു.

Tags:    

Similar News