ബി.പി.സി.എല്‍ വില്‍പ്പന നടപടികള്‍ അതിവേഗം

Update: 2020-02-17 06:07 GMT

കേന്ദ്ര പൊതുമേഖലയിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ (ബി.പി.സി.എല്‍) ഓഹരി വിറ്റ് 60,000 കോടി രൂപ നേടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. ഓഹരി വില്പനയ്ക്ക് മുന്നോടിയായുള്ള സെയില്‍ ബിഡ് രേഖകള്‍ക്ക് കേന്ദ്ര മന്ത്രിതല സമിതിയുടെ അനുമതിയായി.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ കൂടി വേണ്ടിവരുമെന്നതിനാല്‍, 2020-21 സാമ്പത്തിക വര്‍ഷമേ ഓഹരി വില്പന പൂര്‍ത്തിയാകൂ. ഇതു കൂടി കണക്കിലെടുത്താണ്, കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2020-21ലെ മൊത്തം പൊതുമേഖലാ ഓഹരി വില്പന വരുമാനലക്ഷ്യം 2.10 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയത്.

ബി.പി.സി.എല്ലില്‍ 53.29 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഇതു മുഴുവന്‍ വിറ്റൊഴിഞ്ഞ് സര്‍ക്കാര്‍, കമ്പനിയെ സ്വകാര്യവത്കരിക്കും. ധനകാര്യ, പെട്രോളിയം, നിയമ, കോര്‍പ്പറേറ്റ് കാര്യ മന്ത്രിമാരും ഓഹരി വില്പന വകുപ്പിന്റെ പ്രതിനിധിയും അടങ്ങിയ സമിതിയാണ് താത്പര്യപത്രം (എക്സ്പ്രഷന്‍ ഒഫ് ഇന്ററസ്റ്റ് - ഇ.ഒ.ഐ), പ്രാഥമിക വിവര പത്രിക (പി.ഐ.എം) എന്നിവ സംബന്ധിച്ച അനുമതി നല്‍കിയത്. മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരുടെ ചെറു സമിതിയായ 'ഓള്‍ട്ടര്‍നേറ്റീവ് മെക്കാനിസ'ത്തിന്റെ അംഗീകാരമാണ് അടുത്ത ഘട്ടം. ഇതു കഴിഞ്ഞാല്‍ നിക്ഷേപകരെ തേടി താത്പര്യപത്രം ക്ഷണിക്കും.ഇ.ഒ.ഐ, പ്രാഥമിക വിവര പത്രിക (പി.ഐ.എം) എന്നിവ അടുത്ത മാസം പുറത്തു വരത്തക്കവണ്ണമാണ് നടപടികള്‍ മുന്നോട്ടുപോകുന്നത്.

മൊത്തം 1.03 ലക്ഷം കോടി രൂപയുടെ മൂല്യമാണ് ബി.പി.സി.എല്ലിന് കണക്കാക്കുന്നത്. വളരെ കുറച്ചുള്ള മൂല്യ നിര്‍ണ്ണയമാണ് നടത്തിയിട്ടുള്ളതെന്ന് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.53.29 ശതമാനം വരുന്ന സര്‍ക്കാര്‍ ഓഹരികളുടെ വില 54,000 കോടി മുതല്‍ 60,000 കോടി രൂപ വരെയെന്ന് വിലയിരുത്തുന്നു. സര്‍ക്കാര്‍ ഓഹരികള്‍ വാങ്ങുന്ന നിക്ഷേപകര്‍, കമ്പനിയിലെ 26 ശതമാനം വരുന്ന ന്യൂനപക്ഷ ഓഹരികളും ഓപ്പണ്‍ ഓഫറിലൂടെ വാങ്ങേണ്ടിവരും. ഇതിന് വേണ്ടത് 30,000 കോടി രൂപയാണ്.

കൊച്ചിക്കു പുറമേ മുംബൈ, മദ്ധ്യപ്രദേശിലെ ബിന, അസ്സമിലെ നുമാലിഗഢ് എന്നിവിടങ്ങളിലായി നാല് റിഫൈനറികളാണ് ബി.പി.സി.എല്ലിനുള്ളത്. ഇവയുടെ വാര്‍ഷിക ഉത്പാദനശേഷിയായ 38.3 മില്യണ്‍ ടണ്‍ ഇന്ത്യയുടെ മൊത്തം ഉത്പാദനശേഷിയുടെ 15 ശതമാനമാണ്.ഇന്ത്യയുടെ മൊത്തം പെട്രോളിയം ഉത്പന്ന ഡിമാന്‍ഡിന്റെ 21 ശതമാനവും പൂര്‍ത്തിയാക്കുന്നത് ബി.പി.സി.എല്ലാണ്. 15,177പെട്രോള്‍ പമ്പുകള്‍ ബി.പി.സി.എല്ലിനുണ്ട്. എല്‍.പി.ജി ബോട്ടിലിംഗ് പ്‌ളാന്റുകള്‍ 51. എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടര്‍ എജന്‍സികള്‍ 6,011. 35.3 മില്യണ്‍ ടണ്‍ ശേഷിയുള്ള നുമാലിഗഢ് ഒഴികെയുള്ള മൂന്നു റിഫൈനറികളാണ് വിറ്റഴിക്കുക. നുമാലിഗഢ് റിഫൈനറി ഇന്ത്യന്‍ ഓയിലിനു വില്‍ക്കാനുള്ള നിര്‍ദ്ദേശമാണുള്ളത്.

മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും ഒട്ടേറെ കരാര്‍ ജോലിക്കാരെയും ബാധിക്കുന്ന ബി.പി.സി.എല്‍ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കഴിഞ്ഞാഴ്ച കത്തു വഴി ആവശ്യപ്പെട്ടിരുന്നു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനി പൊതുമേഖലയില്‍ നിലനിറുത്തേണ്ടത് രാജ്യതാത്പര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അര ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബി.പി.സി.എല്‍ നടത്തിയത്. ബി.പി.സി.എല്ലിന്റെ ഭാഗമായ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സര്‍ക്കാര്‍ കൂടി മുന്‍കൈയെടുത്താണ്. റിഫൈനറിയില്‍ കേരളത്തിന് 5 ശതമാനം ഓഹരിയുണ്ടായിരുന്നു. റിഫൈനറി ബി.പി.സി.എല്‍ ഏറ്റെടുത്തപ്പോള്‍ സംസ്ഥാനത്തിന്റെ ഓഹരി നിലനിറുത്തുകയും ബോര്‍ഡില്‍ ഒരു ഡയറക്ടറെ ഉള്‍പ്പെടുത്തുകയും ചെയ്തു.ബി.പി.സി.എല്‍ ഉത്പാദനശേഷി വര്‍ദ്ധിപ്പിച്ചപ്പോള്‍ സംസ്ഥാനം സാമ്പത്തികവും സാമ്പത്തികേതരവുമായ പിന്തുണ നല്‍കി. 85 കോടി വരുന്ന വര്‍ക്ക് കോണ്‍ട്രാക്ട് നികുതി പൂര്‍ണമായി തിരിച്ചു നല്‍കാന്‍ സമ്മതിച്ചു. കമ്പനിയുടെ ശേഷി വര്‍ദ്ധിക്കുമ്പോള്‍ അധികമായി ലഭിക്കുന്ന വാറ്റ് വരുമാനം ദീര്‍ഘകാല വായ്പയായി കണക്കാക്കാനും സംസ്ഥാനം തയ്യാറായി. ഈ നിലയില്‍ 1,500 കോടി രൂപയാണ് നല്‍കാന്‍ നിശ്ചയിച്ചത്.

ബി.പി.സി.എല്ലിന് സമീപം വന്‍കിട പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ക്രൂഡ് ഓയില്‍ സംസ്‌കരണം കഴിഞ്ഞ് ബാക്കി വരുന്ന പദാര്‍ത്ഥങ്ങളാണ് പാര്‍ക്കില്‍ ഉത്പാദനത്തിന് ആവശ്യമായി വരുന്നത്. പെട്രോകെമിക്കല്‍ കോംപ്ലക്‌സ് വഴി 25,000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. സ്വകാര്യവത്കരണം പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുമെന്ന ആശങ്കയും മുഖ്യമന്ത്രി പ്രകടിപ്പിച്ചിരുന്നു.സ്വകാര്യവത്കരണ നീക്കത്തിനെതിരെ ജീവനക്കാര്‍ നാലു മാസത്തോളമായി കൊച്ചിയില്‍ സമര രംഗത്താണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News