ക്രൂഡ് ഓയ്ല്‍ വില മൂന്നു വര്‍ഷത്തെ ഉയരത്തില്‍
പെട്രോളിനും ഡീസലിനും എല്‍പിജിക്കും വീണ്ടും വില കൂടും
തുടര്‍ച്ചയായ നാലാം ദിവസവും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയ്ല്‍ വില കൂടി. മൂന്നു വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇന്ന് ക്രൂഡ് ഓയ്‌ലിന്. ഇതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടാനുളള സാധ്യതയൊരുങ്ങി. 77.65 ഡോളറാണ് ഇന്ന് ഒരു ബാരല്‍ ക്രൂഡ് ഓയ്‌ലിന്റെ വില. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. അതേസമയം കോവിഡിന്റെ ഒന്നാം തരംഗം കൊടുമ്പിരികൊണ്ട കഴിഞ്ഞ വര്‍ഷം ബാരലിന് 25 ഡോളര്‍ വരെയായി കുറയുകയും ചെയ്തിരുന്നു.
ഇന്ത്യ ആവശ്യമായ ക്രൂഡ് ഓയ്‌ലിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്നതു കൊണ്ടു തന്നെ രാജ്യാന്തര വിപണിയില്‍ ഉണ്ടായ വില വര്‍ധനവ് നേരിട്ട് പെട്രോള്‍, ഡിസല്‍, എല്‍പിജി ഗ്യാസ് എന്നിവയുടെ വിലയെ ബാധിക്കും. ഈ കലണ്ടര്‍ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെ 51 ശതമാനം വര്‍ധനയാണ് ക്രൂഡ് ഓയ്‌ലിന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ പെട്രോളിന് 21 ശതമാനവും ഡീസലിന് 20 ശതമാനവും വര്‍ധനയാണ് ഉണ്ടായത്. ജനുവരി ഒന്നിന് 51.09 ഡോളറായിരുന്നു ക്രൂഡ് ഓയ്‌ലിന്റെ വില. സെപ്തംബര്‍ 23 ന് അത് 77.38 ഡോളറായാണ് കൂടിയത്.