ടെലികോമിലെ വി.ആര്‍.എസ് അപേക്ഷകള്‍ 92700 കവിഞ്ഞു

Update: 2019-12-05 09:51 GMT

പൊതുമേഖലാ ടെലികോം കമ്പനികളായ ബി.എസ്.എന്‍.എല്ലും, എം.ടി.എന്‍.എല്ലും നടപ്പാക്കുന്ന സ്വയം വിരമിക്കല്‍ പദ്ധതിക്ക് ആകെ അപേക്ഷ നല്‍കിയവരുടെ എണ്ണം 92,700 കവിഞ്ഞു. വി.ആര്‍.എസ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ച ശേഷമുള്ള കണക്കാണിത്.

പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായുള്ള ബിഎസ്എന്‍എല്ലിന്റെ വിആര്‍എസ് പദ്ധതിക്ക് പൂര്‍ണ വിജയം കൈവരിക്കാന്‍ സാധിക്കുമെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്. വിആര്‍എസ് പദ്ധതിയിലൂടെ കമ്പനികളുടെ നഷ്ടം നികത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.  ജീവനക്കാരുടെ എണ്ണം കുറയുമ്പോള്‍ ശമ്പള ചെലവ് ഗണ്യമായി താഴും.

ഞങ്ങള്‍ക്ക് 1.51 ലക്ഷം ജീവനക്കാരുണ്ട് ഇപ്പോള്‍. വിആര്‍എസിന് ശേഷം 70,000 പേര്‍ അവശേഷിക്കും- ബിഎസ്എന്‍എല്‍ ചെയര്‍മാനും എംഡിയുമായ  പി.കെ. പൂര്‍വാര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങികിടക്കുന്ന അവസ്ഥയാണുള്ളത്. നടപ്പുവര്‍ഷം മാത്രം ബിഎസ്എന്‍എല്ലിന് 13,804 കോടി രൂപയുടെ നഷ്ടമുണ്ടായി. അടുത്ത ആറ് മാസത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി സേവനം നടപ്പിലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News