കൈവിട്ട് ഉപയോക്താക്കള്‍; ബി.എസ്.എന്‍.എല്ലിന് '4ജി' നല്‍കി രക്ഷയ്‌ക്കെത്തുമോ വോഡഫോണ്‍?
മിക്കവരും ജിയോയിലേക്കും എയര്‍ടെല്ലിലേക്കും മാറുകയാണ്
എന്നുവരും ബി.എസ്.എന്‍.എല്‍ 4ജി? റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും ഇന്ത്യ മുഴുവന്‍ 5ജി ലഭ്യമാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ബി.എസ്.എന്‍.എല്ലിന്റെ ഉപയോക്താക്കള്‍ ഇപ്പോഴും ഉന്നയിക്കുന്ന ചോദ്യമിതാണ്. 4ജി പോലും ഇനിയും ലഭ്യമാക്കാന്‍ ബി.എസ്.എന്‍.എല്ലിന് കഴിയാത്ത സാഹചര്യത്തില്‍ വോഡഫോണ്‍-ഐഡിയയുടെ നെറ്റ്‌വര്‍ക്ക് താത്കാലികമായി പ്രയോജനപ്പെടുത്തി 4ജി ലഭ്യമാക്കണമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തില്‍ ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഈ വര്‍ഷം ഓഗസ്‌റ്റോടെ 4ജി സേവനം അവതരിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലുള്ളത്. ഐ.ടി കമ്പനിയായ ടി.സി.എസ്., പൊതുമേഖലാ ടെലികോം റിസര്‍ച്ച് സ്ഥാപനമായ സി-ഡോട്ട് എന്നിവ സംയുക്തമായി വികസിപ്പിച്ച തദ്ദേശ നിര്‍മ്മിത സാങ്കേതികവിദ്യ ഉപയോഗിച്ച് പഞ്ചാബില്‍ നിലവില്‍ 4ജി സേവനം പരീക്ഷണാര്‍ത്ഥം ലഭ്യമാക്കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് പഞ്ചാബില്‍ പരീക്ഷണം തുടങ്ങിയത്. ഒരുവര്‍ഷത്തോളം നീളുന്ന പരീക്ഷണത്തോടെയാണ് വിജയസാധ്യത വിലയിരുത്താനാകൂ. പരീക്ഷണം വിജയിച്ചാല്‍ ഓഗസ്റ്റില്‍ 4ജി ലഭ്യമാക്കാനാണ് ശ്രമം. 4ജിയും പിന്നാലെ 5ജിയും രാജ്യവ്യാപകമായി ലഭ്യമാക്കാനായി 1.12 ലക്ഷം ടവറുകളും സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബി.എസ്.എന്‍.എല്‍.
ഉപയോക്താക്കള്‍ കൊഴിയുന്നു
എന്നാല്‍, ഉപയോക്താക്കള്‍ വന്‍തോതില്‍ കൂടൊഴിയുന്നതിന് തടയിടാന്‍ ഉടന്‍ 4ജി സേവനം ലഭ്യമാക്കണമെന്നാണ് എംപ്ലോയീസ് യൂണിയന്റെ ആവശ്യം. ടി.സി.എസിന്റെ സാങ്കേതികവിദ്യ നടപ്പാക്കാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നിരിക്കേ, താത്കാലികമായി വോഡഫോണ്‍ ഐഡിയയുടെ (Vi) നെറ്റ്‌വര്‍ക്ക് പ്രയോജനപ്പെടുത്തി ഉടന്‍ 4ജി ലഭ്യമാക്കണമെന്നാണ് ആവശ്യം.
4ജി സേവനം ഇനിയും കിട്ടാത്തതിനാല്‍ 2023-24ല്‍ 1.8 കോടി ഉപയോക്താക്കളെയാണ് ബി.എസ്.എന്‍.എല്ലിന് നഷ്ടപ്പെട്ടതെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം കൊഴിഞ്ഞുപോയത് 23 ലക്ഷം ഉപയോക്താക്കളാണ്. മിക്കവരും ജിയോയിലേക്കും എയര്‍ടെല്ലിലേക്കും മാറുകയാണ്. ബി.എസ്.എന്‍.എല്ലിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന കേരളത്തില്‍ നിന്നും ലക്ഷക്കണക്കിന് വരിക്കാരാണ് കൂടൊഴിഞ്ഞ് മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് ചേക്കേറിയത്.
വോഡഫോണ്‍ ഐഡിയയുടെ നിലവിലെ ഏറ്റവും വലിയ ഓഹരി ഉടമകളാണ് കേന്ദ്രസര്‍ക്കാര്‍ എന്നിരിക്കേ, വോഡഫോണ്‍ ഐഡിയയുടെ നെറ്റ്‌വര്‍ക്ക് ബി.എസ്.എന്‍.എല്ലിന് വേണ്ടി പ്രയോജനപ്പെടുത്താനുള്ള തീരുമാനം എളുപ്പം കൈക്കൊള്ളാനാകുമെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു.