ഓഹരികള്‍ തിരികെ വാങ്ങണം, പണം സമാഹരിക്കാന്‍ ഒരുങ്ങി ബൈജൂ രവീന്ദ്രന്‍

ബൈജ്യൂസിലുള്ള ഓഹരികള്‍ പണയപ്പെടുത്തിയാവും പണം കണ്ടെത്തുക

Update: 2023-01-04 11:30 GMT

ബൈജൂസിലെ ഓഹരി വിഹിതം ഉയര്‍ത്താനൊരുങ്ങി കമ്പനി സ്ഥാപകനായ ബൈജു രവീന്ദ്രന്‍. നിലവില്‍ കമ്പനിയില്‍ 25 ശതമാനം ഓഹരികളാണ് ബൈജുവിനുള്ളത്. ഇത് 40 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും കമ്പനി നടത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം 400 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിലൂടെ ബൈജു, ഓഹരി വിഹിതം 2 ശതമാനം ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷം കമ്പനിയിലെ 15 ശതമാനം ഓഹരികളാവും തിരികെ വാങ്ങുക. ഇതിനായി ധനസമാഹരണത്തിന് ശ്രമിക്കുകയാണ്. നിലവില്‍ ബൈജ്യൂസിലുള്ള ഓഹരികള്‍ പണയപ്പെടുത്തിയാവും പണം കണ്ടെത്തുക.

അതേ സമയം പണം കണ്ടെത്തുന്നതിന്റെ ഭാഗമായി കമ്പനിയുടെ വിപണി മൂല്യം പുതുക്കി നിശ്ചയിച്ചേക്കും. നിലവിലുള്ളതിലും താഴെയാവും പുതുക്കിയ വിപണി മൂല്യം. 22 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യം അവകാശപ്പെടുന്ന കമ്പനിയാണ് ബൈജ്യൂസ്. ഇതുവരെ 5 ബില്യണ്‍ ഡോളറോളമാണ് ബൈജൂസ് സമാഹരിച്ചിട്ടുള്ളത്. ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷിയേറ്റീവ്, സെക്കോയ ക്യാപിറ്റല്‍ ഇന്ത്യ, ബ്ലാക്ക്‌റോക്ക് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് നിക്ഷേപമുള്ള കമ്പനിയാണ് ബൈജൂസ്. 2020-21 സാമ്പത്തിക വര്‍ഷം 4,500 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം.

ബൈജൂസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ശൃംഖലയായ ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസ് (Aakash Educational Services) പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെയും (IPO) ഈ വര്‍ഷം ബൈജൂസ് പണം സമാഹരിക്കുന്നുണ്ട്. 2023 ഓഗസ്റ്റ് -സെപ്റ്റംബര്‍ കാലയളവിലായിരിക്കും ആകാശിന്റെ 8000 കോടി രൂപയുടെ ഐപിഒ.

Tags:    

Similar News