പി.എഫ് വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തി ബൈജൂസ്

പി.എഫ് വിഹിതം നല്‍കാന്‍ സാധിക്കാത്തത് ചില സാങ്കേതിക തകരാര്‍ മൂലമാണെന്നാണ് കമ്പനി

Update: 2023-06-26 04:44 GMT

Image : Byju Raveendran

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട പ്രമുഖ എഡ്ടെക് (EdTech) സ്ഥാപനമായ ബൈജൂസിനെതിരെ പുതിയ ആരോപണവുമായി മുന്‍ ജീവനക്കാര്‍. നിരവധി മുന്‍ ജീവനക്കാരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) എക്കൗണ്ടില്‍ അവര്‍ക്ക് അര്‍ഹമായ കമ്പനിയുടെ പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) വിഹിതം ബൈജൂസ് അടച്ചിട്ടില്ലെന്ന് 'ദി ഹിന്ദു ബിസിനസ് ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു.

പി.എഫ് നിയമം പാലിച്ചിട്ടില്ല

നാല് മുന്‍ ജീവനക്കാര്‍ അവരുടെ ഇ.പി.എഫ് എക്കൗണ്ട് പാസ്ബുക്കും സാലറി സ്ലിപ്പുകളും ഇ.പി.എഫ്.ഒ പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങളും പരിശോധിച്ചതോടെ പ്രതിമാസം കമ്പനിയുടെ പി.എഫ് വിഹിതം നിക്ഷേപിക്കണമെന്ന നിയമം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് അവരുടെ മിക്ക ജീവനക്കാര്‍ക്കും 2024 സാമ്പത്തിക വര്‍ഷത്തില്‍ പി.എഫ് വിഹിതം നല്‍കിയിട്ടില്ലെന്ന് ഇ.പി.എഫ്.ഒ വിവരങ്ങള്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ഏപ്രിലില്‍ 3,164 ജീവനക്കാര്‍ക്കുള്ള പി.എഫ് വിഹിതം 36 ദിവസത്തെ കാലതാമസത്തിന് ശേഷം കമ്പനി അടച്ചു. മെയ് മാസം 31 ജീവനക്കാര്‍ക്ക് മാത്രമാണ് പി.എഫ് വിഹിതം ലഭിച്ചത്. കമ്പനി 2022 ഡിസംബര്‍, 2023 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പി.എഫ് വിഹിതം ജൂണ്‍ 19ന് നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാ ജീവനക്കാര്‍ക്കും ഇത് ലഭിച്ചിട്ടില്ല. 

സാങ്കേതിക തകരാറെന്ന് കമ്പനി

ഒരു മാസത്തേക്കുള്ള പി.എഫ് വിഹിതം കമ്പനി അടുത്ത മാസം 15നകം നിക്ഷേപിക്കണമെന്നാണ് ഇ.പി.എഫ്.ഒ നിയമങ്ങള്‍ അനുശാസിക്കുന്നത്. കാലതാമസമുണ്ടായാല്‍ തുകയുടെ 5-100 ശതമാനം പിഴ ഈടാക്കാം. എന്നാല്‍ ജീവനക്കാരുടെ പി.എഫ് വിഹിതം നല്‍കാന്‍ സാധിക്കാത്തത് ചില സാങ്കേതിക തകരാര്‍ മൂലമാണെന്നാണ് കമ്പനി അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

ഒരാഴ്ച മുമ്പ് 1,000 ജീവനക്കാരെ കൂടി കമ്പനി പിരിച്ചുവിട്ടിരുന്നു. കൂടാതെ 2020-21 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ അന്തിമമാക്കാനും 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് ആരംഭിക്കാനും കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബഹുരാഷ്ട്രാ ധനകാര്യ സ്ഥാപനമായ ഡിലോയിറ്റ് ഹസ്‌കിന്‍സ് ആന്‍ഡ് സെല്‍സ് പിന്മാറിയിരുന്നു.

Tags:    

Similar News