സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ ആനുകൂല്യങ്ങളും മുടക്കി ബൈജൂസ്
ആനുകൂല്യം നല്‍കാന്‍ സ്വയം നിശ്ചയിച്ച സമയം പാലിക്കാന്‍ ബൈജൂസിന് കഴിഞ്ഞില്ല
ഇന്ത്യയിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയായ ബൈജൂസില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന സൂചനയുമായി ട്യൂഷന്‍ സെന്റര്‍ വിഭാഗത്തിലെ ജീവനക്കാരുടെ ആനുകൂല്യ വിതരണം വീണ്ടും മുടങ്ങി. പ്രകടനം അടിസ്ഥാനമായുള്ള വേരിയബിള്‍-ഇന്‍കം നല്‍കാന്‍ സ്വയം നിശ്ചയിച്ച സമയം പാലിക്കാന്‍ ബൈജൂസിന് കഴിഞ്ഞില്ലെന്ന് ജീവനക്കാരെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബൈജൂസ് ട്യൂഷന്‍ സെന്റര്‍ (ബി.ടി.സി) ജീവനക്കാര്‍ക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യം നല്‍കാറുള്ളത്. 2022 സെപ്റ്റംബര്‍ പാദം മുതല്‍ ഇത് മുടങ്ങിയിരിക്കുകയാണ്. സെപ്റ്റംബറില്‍ വിതരണം ചെയ്യുന്ന ശമ്പളത്തിനൊപ്പം കുടിശികയടക്കം ആനുകൂല്യവും വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ജൂലൈയില്‍ കമ്പനി പറഞ്ഞിരുന്നു. എന്നാല്‍, സമയപരിധി കഴിഞ്ഞിട്ടും ഇതേക്കുറിച്ച് കമ്പനിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടിലുണ്ട്.
പി.എഫിലും വീഴ്ച
ജീവനക്കാരുടെ പ്രൊവിഡന്‍ഫ് ഫണ്ട് (പി.എഫ്) വിഹിതവും ബൈജൂസ് കൃത്യമായി അടയ്ക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രകടനം അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങളിലും ഇപ്പോള്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നു. ഇത് ബൈജൂസിലെ മറ്റ് വിഭാഗങ്ങളിലേക്കും പടര്‍ന്നേക്കുമെന്ന ആശങ്ക ജീവനക്കാര്‍ക്കുണ്ട്.
നിലവില്‍ വായ്പാദാതാക്കളുമായി 120 കോടി ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കല്‍ സംബന്ധിച്ച് ചര്‍ച്ചകളിലാണ് ബൈജൂസ്. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ ബൈജൂസ് പ്രവര്‍ത്തനഫലവും പുറത്തുവിട്ടിട്ടില്ല.
ഉന്നതരുടെ രാജിയും
പ്രതിസന്ധികള്‍ക്കിടെ ബൈജൂസിന്റെ തലപ്പത്ത് നിന്ന് ഉന്നതര്‍ രാജിവയ്ക്കുന്നതും തുടരുകയാണ്. ബൈജൂസിന്റെ അന്താരാഷ്ട്ര ബിസിനസ് ചുമതലയുള്ള സീനിയര്‍ വൈസ് പ്രഡിസന്റും മലയാളിയുമായ ചെറിയാന്‍ തോമസ്, ചീഫ് ബിസിനസ് ഓഫീസര്‍ പ്രത്യുഷ അഗര്‍വാള്‍, ബൈജൂസ് ട്യൂഷന്‍ സെന്റേഴ്‌സ് ബിസിനസ് ഹെഡ് ഹിമാന്‍ഷു ബജാജ്, ക്ലാസ് 4-10 ബിസിനസ് ഹെഡ് മുകുത് ദീപത് എന്നിവര്‍ അടുത്തിടെ രാജിവച്ചിരുന്നു.
പ്രവര്‍ത്തനഫലം പുറത്തുവിടുന്നത് നീട്ടിക്കൊണ്ട് പോകുന്നതില്‍ പ്രതിഷേധിച്ച് പ്രമുഖ ധനകാര്യ സ്ഥാപനമായ ഡെലോയിറ്റ്, ബൈജൂസിന്റെ ഓഡിറ്റര്‍ ചുമതലയും ഒഴിഞ്ഞിരുന്നു.