വായ്പ തിരിച്ചടവിന് കൂടുതല്‍ സമയം വേണമെന്ന് ബൈജൂസ്; ചര്‍ച്ചകള്‍ തുടരുന്നു
വായ്പ തിരിച്ചടയ്ക്കേണ്ടി വന്നാല്‍ ബൈജൂസിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചേക്കാം
പ്രമുഖ എഡ്ടെക്ക് കമ്പനി ബൈജൂസ് ടേം ബി വായ്പ വിഭാഗത്തില്‍ സമാഹരിച്ച 1.2 ബില്യണ്‍ ഡോളറിന്റെ ഒരു വിഹിതം തിരിച്ചടയ്ക്കുന്നതിന് വായ്പക്കാരോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. വായ്പക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിടാന്‍ ചൊവ്വാഴ്ച വരെ സമയമുണ്ട്. ടേം ബി വായ്പയിൽ കൂടുതല്‍ അനുകൂലമായ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി 10 വരെ കമ്പനിയെ ഇത് അനുവദിക്കും. ഈ കരാര്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ഭൂരിഭാഗം വായ്പക്കാരുടേയും അനുമതി ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
5 വര്‍ഷ കാലാവധിയില്‍ കഴിഞ്ഞ വര്‍ഷമാണ് ബൈജൂസ് ടേം ബി വായ്പ വിഭാഗത്തില്‍ പണം സമാഹരിച്ചത്. ആദ്യം വായ്പ നല്‍കിയവരില്‍ നിന്ന് കടം ഏറ്റെടുത്തവരാണ് തിരിച്ചടവ് ആവശ്യപ്പെടുന്നവരില്‍ ഭൂരിഭാഗവും. വായ്പ നിബന്ധനകള്‍ ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു തിരിച്ചടവ് നടപടിയുണ്ടായത്. ബ്ലൂംബെര്‍ഗ് സമാഹരിച്ച കണക്കുകള്‍ പ്രകാരം നിലവില്‍ 81.9 സെന്റോളമാണ് ഈ കടപ്പത്രങ്ങളുടെ മൂല്യം. ബൈജൂസിന്റെ യുഎസ് യൂണീറ്റിലെ 850 മില്യണ്‍ ഡോളറിന്റെ ക്യാഷ് റിസര്‍വ് വായ്പ തിരിച്ചടിവിന് ഉപയോഗിക്കണമെന്നാണ് കടപ്പത്ര ഉടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വായ്പ തിരിച്ചടയ്ക്കേണ്ടി വന്നാല്‍ അത് ബൈജൂസിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം. ഇത് കമ്പനി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. അതേസമയം ബൈജൂസ് ഇതിനേട് പ്രതികരിച്ചിട്ടില്ല. 2020-21 സാമ്പത്തിക വര്‍ഷം 4,500 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 83 കോടി രൂപ കുറഞ്ഞ് 2,428 കോടി രൂപയിലെത്തി. 2021-22ലെ സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ ഇതുവരെ ബൈജൂസ് പുറത്തുവിട്ടിട്ടില്ല.