ബി.എസ്.എന്‍.എല്ലിന്റെ രക്ഷയ്ക്ക് 89,000 കോടി രൂപയുടെ പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍
4ജി, 5ജി സ്‌പെക്ട്രം അനുവദിക്കുന്നത് ഉള്‍പ്പടെയുള്ളവയാവും ബി.എസ്.എന്‍.എല്ലില്‍ നടപ്പാക്കുക
നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ (ബി.എസ്.എന്‍.എല്‍) പുനരുജ്ജീവനത്തിനായി 89,047 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 4ജി, 5 ജി സ്‌പെക്ട്രം അനുവദിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പാക്കേജ് വഴി നടപ്പാക്കുക. ഇതോട ബി.എസ്.എന്‍.എല്ലിന്റെ മൂലധനം 1,50,000 കോടി രൂപയില്‍ നിന്നും 2,10,000 കോടി രൂപയായി വര്‍ധിക്കും. രാജ്യത്തിന്റെ വിദൂരസ്ഥലങ്ങളില്‍ പോലും സേവനം നല്‍കാനാകുന്ന വിധത്തിലേക്ക് ബി.എസ്.എന്‍.എല്ലിനെ മാറ്റാന്‍ പാക്കേജ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
ഒടുവില്‍ 4 ജിയിലേക്ക്
രാജ്യത്തെമ്പാടും 4 ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കാനായി ബി.എസ്.എന്‍.എല്ലും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും തമ്മില്‍ കരാര്‍ ഒപ്പു വച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. മറ്റ് സേവന ദാതാക്കള്‍ പലരും 5 ജി നെറ്റ് വര്‍ക്കിലേക്ക് നീങ്ങാനൊരുങ്ങുമ്പോഴാണ് ബി.എസ്.എന്‍.എല്‍ 4 ജി നെറ്റ് വര്‍ക്കിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന്റെ(എം.ടി.എന്‍.എല്‍) പ്രവര്‍ത്തനം അവസാനിപ്പിച്ച് ജീവനക്കാരെ ബി.എസ്.എന്‍.എല്ലിലേക്ക് മാറ്റാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.