കഫേ കോഫീ ഡേ തങ്ങളുടെ കോഫീ വെന്റിംഗ് മെഷീനുകള്‍ തിരിച്ചെടുക്കുന്നു; കാരണമിതാണ്

ഗ്രാമങ്ങളില്‍ പോലും സിസിഡിയെന്ന ബ്രാന്‍ഡിനെ ശക്തമാക്കിയ ബ്രാന്‍ഡിംഗ് തന്ത്രം എന്ത് കൊണ്ടാണ് കമ്പനി പിന്‍വലിക്കുന്നത്. കമ്പനിയുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്, വായിക്കാം.

Update:2021-07-02 15:43 IST

കഫേ കോഫീ ഡേ മാത്രമായിരുന്നു കോഫീ ഷോപ്പ് ട്രെന്‍ഡ് ഇന്ത്യയെമ്പാടും വിപുലമാക്കിയതിനു പിന്നില്‍. പിന്നീടാണ് ചെറു നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ കോഫീ ഷോപ്പ് സംസ്‌കാരം തന്നെ വിപുലമായത്. എന്നാല്‍ ഇത്തരത്തില്‍ തുടങ്ങിയ കോഫീ ഷോപ്പുകളിലും ബേക്കറികളില്‍ പോലും സിസിഡിയുടെ കോഫീ വെന്റിംഗ് മെഷീനുകള്‍ സ്ഥാനം പിടിച്ചിരുന്നു. ഓഫീസുകളിലും സിസിഡി കോഫി മെഷിനുകള്‍ പാന്‍ട്രികളിലെ നിറസാന്നിധ്യമായി. കമ്പനിയുടെ ബ്രാന്‍ഡ് വളര്‍ത്താനും ഇത് ഏറെ സഹായിച്ചിരുന്നു.

കോഫീ കഫേ ഡേ ഉടമയായിരുന്ന സിദ്ധാര്‍ത്ഥയുടെ മരണശേഷം കമ്പനി കടത്തില്‍ നിന്നും കരകയറാന്‍ നന്നേ പാട് പെടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോളിതാ കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഉപഭോക്താക്കളുടെ പക്കലുള്ള 30000 ത്തോളം കോഫി വെന്റിങ് മെഷീനുകളാണ് കമ്പനി തിരിച്ചെടുക്കുകയാണ്. കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം നിലയിലേക്ക് മാറിയതോടെ ഓഫീസുകളില്‍ ജീവനക്കാരില്ലാതായി. കഫെകള്‍ അടഞ്ഞു. കഫേ കോഫി ഡെയുടെ വെന്റിങ് മെഷീനുകള്‍ വെറുതെ കിടക്കാനും തുടങ്ങി. ഇതോടെ കമ്പനി അവ തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്തു.
കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പതിനായിരക്കണക്കിന് മെഷീനുകള്‍ കമ്പനി ഇതിനോടകം തിരിച്ചെടുത്തു. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 306.54 കോടി രൂപയാണ്. പ്രവര്‍ത്തന വരുമാനം 73.4 ശതമാനം ഇടിഞ്ഞ് 400.81 കോടിയായി.
ജനുവരി - മാര്‍ച്ച് പാദവാര്‍ഷികത്തില്‍ മാത്രം കമ്പനിക്ക് 94.81 കോടി നഷ്ടം ഉണ്ടായി. വരുമാനം 61.4 ശതമാനം ഇടിഞ്ഞ് 141.04 കോടിയായി. ബ്രാന്‍ഡ് വളര്‍ത്താനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനുമുള്ള സമയമല്ല, മറിച്ച് കടത്തില്‍ നിന്നും കരകയറാനുള്ള മാര്‍ഗങ്ങളിലാണ് കമ്പനിയെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇതിന്റെ ഭാഗമാകാം പുതിയ നീക്കവുമെന്നാണ് അറിയാന്‍ കഴിയുന്നത്.


Tags:    

Similar News