'പാപ്പര്‍' ആയെന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്; മെയ് മൂന്ന് മുതല്‍ അഞ്ച് വരെ സര്‍വീസുകള്‍ റദ്ദാക്കി

എന്‍.സി.എല്‍.റ്റിയില്‍ പാപ്പരത്തത്തിന് അപേക്ഷ സമര്‍പ്പിച്ചു

Update:2023-05-02 18:41 IST

വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള ആഭ്യന്തര വിമാനകമ്പനിയായ ഗോ ഫസ്റ്റ് പാപ്പരത്ത നടപടികളിലേക്ക് നീങ്ങുന്നു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍.സി.എല്‍.റ്റി) അപേക്ഷ സമര്‍പ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം മെയ് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ വിമാന സര്‍വീസ് റദ്ദാക്കിയതായി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ നീക്കം.

എന്‍ജിന്‍ തകരാര്‍ നഷ്ടത്തിലാക്കി

അമേരിക്കന്‍ വിമാന എന്‍ജിന്‍ നിര്‍മാണ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയില്‍ നിന്ന് വിമാന എന്‍ജിന്‍ സമയത്തിന് ലഭിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് ഗോഫസ്റ്റ് സി.ഇഒ കൗശിക് ഖോന ന്യൂസ് ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

എന്‍ജിന്‍ ലഭിക്കാത്തതു മൂലം 28 വിമാനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി. കമ്പനിയുടെ മൊത്തം വിമാനങ്ങളുടെ പകുതിയിലധികം വരുമിത്. എന്‍ജിന്‍ തകരാറുകള്‍ പരിഹരിക്കുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രമോട്ടര്‍മാര്‍ 3,200 കോടി രൂപ മുതല്‍മുടക്കിയിരുന്നു. നിരന്തര പ്രശ്‌നങ്ങള്‍ മൂലം 50 ശതമാനം എ320 നിയോ വിമാനങ്ങളും സര്‍വീസ് നടത്താനാകാതെ വന്നത് കമ്പനിക്ക് 10,800 കോടി രൂപയുടെ വരുമാന നഷ്ടം വരുത്തിയതായും അദ്ദേഹം പറഞ്ഞു.

കമ്പനികള്‍ക്ക് കൊടുക്കാന്‍ പണമില്ല

എണ്ണ കമ്പനികള്‍ക്ക് ദിവസേന പണം നല്‍കേണ്ട രീതിയിലാണ് ഗോ ഫസ്റ്റ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വിമാനങ്ങള്‍ എന്‍ജിന്‍ തകരാര്‍ മൂലം സര്‍വീസ് നടത്താതായതോടെ കമ്പനികള്‍ക്ക് പണം കൊടുക്കാന്‍ സാധിച്ചില്ല.

കമ്പനിയുടെ പ്രശ്‌നം ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് 10 എഞ്ചിനുകള്‍ ഏപ്രില്‍ 27 നുള്ളിലും 10 എണ്ണം വീതം ഓരോ മാസം എന്ന രീതിയിലും ഈ വര്‍ഷം അവസാനം വരെ നല്‍കണമെന്ന് എമര്‍ജെന്‍സി ആര്‍ബിട്രേറ്റര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രാട്ട് ആന്‍ഡ് വിത്‌നെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഗോ ഫസ്റ്റ് ആരോപിക്കുന്നു.

ഓഹരിയുടമകളുടെ താത്പര്യം സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് പാപ്പരത്വത്തിന് അപേക്ഷിക്കുന്നതെന്ന് സി.ഇ.ഒ വ്യക്തമാക്കി. 3000 ജീവനക്കാരുള്ള കമ്പനി ഇതിനകം തന്നെ സര്‍ക്കാരിന വിവരം ധരിപ്പിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് (ഡി.ജി.സി.എ)വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. എന്‍.സി.എല്‍.റ്റി അപേക്ഷ അംഗീകരിച്ച ശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും കൗശിക് ഖോന അറിയിച്ചു.

ഗോ ഫസ്റ്റിന്റെ ഭാവി

മാര്‍ച്ചിലെ കണക്കനുസരിച്ച് 8.95 ലക്ഷം പേരാണ് ഗോ ഫസ്റ്റ് വഴി യാത്ര ചെയ്തത്. രണ്ടു ദിവസം വിമാന സര്‍വീസ് നിര്‍ത്തി വയ്ക്കുന്നത് 55,000-60,000 യാത്രക്കാരെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രതിദിനം 200 നടുത്ത് ആഭ്യന്തര സര്‍വീസുകളാണ് ഗോ ഫസ്റ്റ് നടത്തുന്നത്. വേനല്‍ക്കാലത്ത് 220 സര്‍വീസുകള്‍ നടത്താന്‍ അനുമതിയും ലഭിച്ചിട്ടുണ്ട്. ഡി.ജി.സി.എയുടെ ഡേറ്റ പ്രകാരം മാര്‍ച്ചിലാണ് കമ്പനി ഏറ്റവും മോശം പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ളത്.

ഗോ ഫസ്റ്റിന്റെ ഇപ്പോഴത്തെ ഈ നീക്കം കൂടുതല്‍ പ്രതിസന്ധിയ്ക്കിടയാക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. കാരണം സര്‍വീസ് പുനരാരംഭിച്ചാലും പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുന്ന ഗോ ഫസ്റ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആളുകള്‍ മടികാണിക്കും. അല്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കേണ്ടി വരും. ഇപ്പോഴത്തെ മത്സരാത്മകമായ വിപണിയില്‍ ഡിസ്‌കൗണ്ട് നല്‍കുന്നത് കമ്പനിക്ക് കൂടുതല്‍ നഷ്ടമുണ്ടാക്കും. ഇതിനു മുന്‍പ് ഇത്തരം നടപടികള്‍ സ്വീകരിച്ച കമ്പനികളില്‍ തിരിച്ചു വരവ് സാധ്യമായത് ചുരുക്കം കമ്പനികള്‍ക്ക് മാത്രമാണെന്നും കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ക്കായി മുംബൈ വിമാനത്താവളം ആറ് മണിക്കൂര്‍ അടച്ചിട്ടതിനു തൊട്ടുപിന്നാലെ സര്‍വീസുകള്‍ നിര്‍ത്താലാക്കി കൊണ്ടുള്ള ഗോ ഫസ്റ്റിന്റെ പ്രഖ്യാപനം വ്യാമയാന മേഖലയ്ക്കും തിരിച്ചടിയാണ്.

Tags:    

Similar News