കേരളത്തിലെ കശുവണ്ടി വ്യവസായത്തെ ആര് രക്ഷിക്കും?

കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന് രണ്ടു വര്‍ഷമായി കേന്ദ്ര സഹായം ലഭിക്കുന്നില്ല

Update:2023-01-24 16:10 IST

കശുവണ്ടി കയറ്റുമതി കുറയുകയും ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ കശുവണ്ടി സംസ്‌കരണ യൂണിറ്റുകളുടെ വരുമാനം 2023 -24 ല്‍ 15% വര്‍ധിച്ച് 30,000 കോടി രൂപയാകുമെന്ന് ക്രിസില്‍ റേറ്റിംഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ദേശീയ  വിപണിയില്‍ ഉണ്ടായിരിക്കുന്ന ഈ കുതിപ്പ് കൊണ്ട് കേരളത്തിലെ കശുവണ്ടി മേഖലയ്ക്ക് എന്തെങ്കിലും നേട്ടമുണ്ടാകാന്‍ സാധ്യതയില്ല.

നിലവില്‍ 300 ല്‍പ്പരം കശുവണ്ടി സംസ്‌കരണ യൂണിറ്റുകള്‍ ഉള്ളതില്‍ 100ല്‍ പരം യൂണിറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തന ക്ഷമമായിട്ടുള്ളത്. പൂട്ടി കിടക്കുന്നതില്‍ ഭൂരിപക്ഷം യൂണിറ്റുകളും സ്വകാര്യ മേഖലയിലാണ്. കേരള സ്റ്റേറ്റ് കാഷ്യൂ  വര്‍ക്കേഴ്‌സ് അപെക്‌സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ (കാപ്പെക്‌സ്) കീഴിലുള്ള 10 ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ 2022 ല്‍ 135 തൊഴില്‍ ദിവസങ്ങളാണ് തൊഴിലാളികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത്. അസംസ്‌കൃത കശുവണ്ടിയുടെ ലഭ്യത കുറവാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കാപ്പെക്‌സ് അധ്യക്ഷന്‍ ശിവശങ്കര പിള്ള പറഞ്ഞു. 4500 തൊഴിലാളികളാണ് കാപ്പെക്സില്‍ ഉള്ളത്.

പാഴാക്കുന്ന ധനസഹായം

2022 -23 സംസ്ഥാന ബജറ്റില്‍ കശുവണ്ടി മേഖലക്കായി 30 കോടി രൂപ അനുവദിച്ചെങ്കിലും അത് ഇതുവരെ വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. തുറന്ന് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് ധന സഹായം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന് 2020 -21, 2021 -22 വര്‍ഷങ്ങളില്‍ കേന്ദ്ര സഹായം ഒന്നും ലഭിച്ചില്ല.

കയറ്റുമതി വര്‍ധിപ്പിക്കാന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 40 ലക്ഷം രൂപ വരെ സഹായം ലഭിച്ചിരുന്നതാണ്. ഇതാണ് നിര്‍ത്തലാക്കിയത്. ഇത് പല പദ്ധതികളുടെയും നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. ഇന്ത്യന്‍ കശുവണ്ടിയുടെ വിപണനം മെച്ചപ്പെടുത്താന്‍ കഴിയുന്ന വിപണിയെന്നോണം ഗള്‍ഫുഡ് എന്ന അന്താരാഷ്ട്ര ഭക്ഷ്യ - ഹോസ്പിറ്റാലിറ്റി മേളയില്‍ പങ്കെടുക്കാനുള്ള തുകയും കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ സ്വയം വഹിക്കുന്ന സാഹചര്യമാണ് ഇപ്പോൾ എന്ന്   എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ മുന്‍ അധ്യക്ഷനും കൈരളി എക്‌സ്‌പോര്‍ട്ട്‌സ് മാനേജിംഗ് ഡയറക്ടറുമായ ഡോ ആര്‍.കെ ഭൂദേസ് അറിയിച്ചു.

കശുവണ്ടി പരിപ്പിന്റെ കസ്റ്റംസ് തീരുവ 40ല്‍ നിന്ന് 70 ശതമാനമായി ഉയര്‍ത്തിയെങ്കിലും പ്രത്യേക സാമ്പത്തിക മേഖലയിലെ യൂണിറ്റുകള്‍ ഇറക്കുമതി ചെയ്യുന്ന കശുവണ്ടി പരിപ്പിന് കുറഞ്ഞ ഇറക്കുമതി വില ബാധകമല്ലാതെയാക്കി. പൊട്ടിയ കശുവണ്ടിക്ക് കുറഞ്ഞ ഇറക്കുമതി വില 680 രൂപയും, മുഴുവന്‍ കശുവണ്ടിക്ക് 720 രൂപയുമായിരുന്നു. വ്യവസായികള്‍ ഇതിനെതിരെ വിവിധ ഹൈക്കോടതികളില്‍ കേസുമായി പോയി അനുകൂല വിധി സമ്പാദിക്കേണ്ടതായി വന്നു.

മത്സരക്ഷമത  കൈ വയ്ക്കണം 

കശുവണ്ടി വ്യവസായത്തില്‍ യന്ത്രവല്‍ക്കരണം നടപ്പാക്കാന്‍ കഴിയാത്തതും വേതന വര്‍ധനവും കാരണം ഇന്ത്യന്‍ കമ്പനികള്‍ക്ക് വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളുമായി മത്സരക്ഷമത കൈവരിക്കാന്‍ സാധിക്കാതെ വരുന്നു.

ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിക്കുന്നത് കൊണ്ട് കശുവണ്ടി പരിപ്പിന്റെ വില കിലോയ്ക്ക് 615 -625 വരെ വില വര്‍ധിച്ചേക്കാം. ഹോട്ടല്‍, റസ്റ്റോറന്റുകള്‍ എന്നിവ കോവിഡിന് ശേഷം തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയത് കൊണ്ടാണ് ഡിമാന്‍ഡ് വര്‍ധിച്ചത്. മാത്രമല്ല ആഘോഷങ്ങള്‍ കൂടുമ്പോള്‍ കശുവണ്ടി ചേര്‍ത്തുള്ള ഭക്ഷണം ഉണ്ടാക്കുന്നതും വര്‍ധിക്കും.

2022 കശുവണ്ടി കയറ്റുമതിക്ക് പ്രതിസന്ധി നിറഞ്ഞ വര്‍ഷമായിരുന്നു 2023 ലും സ്ഥിതി വ്യത്യസ്തമാകില്ലെന്ന് പ്രമുഖ കശുവണ്ടി വ്യവസായി രാജ്മോഹന്‍ പിള്ള അഭിപ്രായപ്പെട്ടു. ചൈനയിലെ കോവിഡ് വ്യപനം, റഷ്യ-യുക്രയ്ന്‍ യുദ്ധം, പണപ്പെരുപ്പം എല്ലാം കശുവണ്ടി കയറ്റുമതിയെ ബാധിച്ചതായി രാജ്മോഹന്‍ പിള്ള അഭിപ്രായപ്പെട്ടു. അവശ്യ സാധനങ്ങള്‍ക്ക് ഉപഭോക്താക്കള്‍ കൂടുതല്‍ പണം ചെലവാക്കുകയും വിവേചന ചെലവുകള്‍ നിയന്ത്രിക്കുകയും ചെയ്യുകയാണ്.

ഇവിടെ യന്ത്രവല്‍ക്കരണം ഏര്‍പെടുത്തിയാലും അസംസ്‌കൃത കശുവണ്ടി ആവശ്യത്തിന് ലഭ്യമല്ല. അതിനാല്‍ ആഫ്രിക്കയില്‍ പുതിയ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതായി രാജ്മോഹന്‍ പിള്ള അറിയിച്ചു. കശുവണ്ടി ലഭ്യമായ സ്ഥലത്ത് സംസ്‌കരിക്കുന്നതല്ലേ ലാഭകരം?

സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതിയില്‍ കശുവണ്ടി മേഖലക്കായി സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയും വിരളമാകുന്നു. കേരളത്തിലെ കശുവണ്ടി വ്യവസായത്തെ ആര് രക്ഷിക്കും ?

Tags:    

Similar News