ഇന്ത്യയില്‍ ഫോണ്‍ നിര്‍മിച്ചാല്‍ മാത്രം പോര, കയറ്റി അയയ്ക്കണം, ചൈനീസ് കമ്പനികളോട് കേന്ദ്രം

2025-26 സാമ്പത്തിക വര്‍ഷത്തോടെ രാജ്യത്ത് 126 ബില്യണ്‍ ഡോളറിന്റെ ഫോണുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം;

Update:2022-08-23 13:00 IST

Photo : Oppo / Website

ഇന്ത്യയില്‍ നിര്‍മിക്കുന്ന മൊബൈല്‍ ഫോണുകളുടെ (Mobile Phones) കയറ്റുമതി ഉയര്‍ത്തണമെന്ന് ചൈനീസ് കമ്പനികളോട് കേന്ദ്രം. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം വിഷയത്തില്‍ ചൈനീസ് കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കയറ്റുമതിക്കൊപ്പം വിതരണ ശൃംഖല കാര്യക്ഷമമാക്കണമെന്നും കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം ചൈനീസ് കംപോണന്റ് നിര്‍മാണ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് തടസങ്ങളുണ്ട്. ഇന്ത്യന്‍ കംപോണന്റ് നിര്‍മാണ കമ്പനികളുമായി ചേര്‍ന്ന് ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ (Chinese Smartphones) പ്രവര്‍ത്തിക്കണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. 2025-26 സാമ്പത്തിക വര്‍ഷത്തോടെ രാജ്യത്ത് 126 ബില്യണ്‍ ഡോളറിന്റെ ഫോണുകള്‍ നിര്‍മിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഓപ്പോ ഉള്‍പ്പടെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷം കൊണ്ട് 5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഓപ്പോ ഇന്ത്യയില്‍ (Oppo India) നിന്ന് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കമ്പനി 60 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. 2021-22 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിപണിയുടെ 75 ശതമാനവും (26 ബില്യണ്‍ ഡോളര്‍) ചൈനീസ് കമ്പനികളാണ് നേടിയത്. അതില്‍ ബജറ്റ് സെഗ്മെന്റിലെ വിഹിതം 98 ശതമാനത്തോളം ആണ്. ഇക്കാലയളവില്‍ 5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ചൈനീസ് കമ്പനികള്‍ നടത്തിയത്.

Tags:    

Similar News