റബര്‍ മേഖലയ്ക്കുള്ള സഹായം 23% കൂട്ടി ₹708 കോടിയാക്കി കേന്ദ്രം; പട്ടികജാതി കര്‍ഷകര്‍ക്ക് രണ്ടുലക്ഷം രൂപ

250 പുതിയ റബര്‍ ഉത്പാദക സംഘങ്ങളും ആരംഭിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പേ തന്ത്രപരമായ നീക്കം

Update:2024-02-20 13:17 IST

Image : Canva

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ റബര്‍ മേഖലയ്ക്കുള്ള സഹായം ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ള (2024-25, 2025-26) ധനസഹായം 576.41 കോടി രൂപയില്‍ നിന്ന് 708.69 കോടി രൂപയായാണ് ഉയര്‍ത്തിയത്.
വ്യവസായ മേഖലയ്ക്ക് പിന്തുണയേകാന്‍ അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പരമ്പരാഗത മേഖലയില്‍ 12,000 ഹെക്ടറിലേക്ക് കൂടി റബര്‍ കൃഷി വ്യാപിപ്പിക്കും. ഇതിനായി 43.50 കോടി രൂപ ചെലവിലാകും റബര്‍ നടീല്‍. ഇതിനുള്ള സഹായനിരക്ക് ഹെക്ടറിന് 25,000 രൂപയെന്നത് 40,000 രൂപയായും കൂട്ടി. പാരമ്പര്യേതര മേഖലയിലെ 3,752 ഹെക്ടറിലുള്ള കൃഷി 18.76 കോടി രൂപ ചെലവില്‍ റബര്‍ കൃഷിക്ക് കീഴിലും ഇക്കാലയളവില്‍ കൊണ്ടുവരും.
ഹെക്ടറിന് 50,000 രൂപയുടെ നടീല്‍ വസ്തുക്കളും ഇതിനായി റബര്‍ ബോര്‍ഡ് നല്‍കും. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 'ഇന്റോഡ്' എന്ന പേരില്‍ നടത്തുന്ന റബര്‍ക്കൃഷി വ്യാപന പദ്ധതിക്ക് പുറമേയുള്ള പദ്ധതിയാണിത്. പാരമ്പര്യേതര പ്രദേശങ്ങളിലെ പട്ടികജാതി കര്‍ഷകര്‍ക്ക് ഹെക്ടറിന് രണ്ടുലക്ഷം രൂപ നിരക്കിലും നടീല്‍ സഹായം ലഭ്യമാക്കും.
നഴ്‌സറികള്‍ക്ക് 2.50 ലക്ഷം രൂപ
നിലവാരമുള്ള നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ പാരമ്പര്യേതര മേഖലകളില്‍ റബര്‍ ബോര്‍ഡ് നഴ്‌സറികളെ പ്രോത്സാഹിപ്പിക്കും. ഓരോ നഴ്‌സറിക്കും 2.50 ലക്ഷം രൂപ വീതം സഹായവും നല്‍കും.
റബറിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ടുവര്‍ഷത്തിനുള്ളില്‍ കേന്ദ്രം 35.60 കോടി രൂപയുടെ സഹായവും നല്‍കും. റബര്‍ കര്‍ഷകരുടെ ശാക്തീകരണത്തിനായി റബര്‍ ഉത്പാദക സംഘങ്ങളെ (RPS) പ്രോത്സാഹിപ്പിക്കും. അടുത്ത രണ്ടുവര്‍ഷത്തിനകം 250 പുതിയ ആര്‍.പി.എസുകള്‍ തുടങ്ങാനുള്ള സഹായവും നല്‍കും. ഇതിനുള്ള സഹായം 3,000 രൂപയില്‍ നിന്ന് 5,000 രൂപയുമാക്കി.
ലാറ്റക്‌സ് ശേഖരണത്തിനും ഡി.ആര്‍.സി പരിശോധന ഉപകരണങ്ങള്‍ക്കുമായി ഓരോ ആര്‍.പി.എസിനും 40,000 രൂപ സഹായം നല്‍കും. റബര്‍ ഷീറ്റുകളുടെ നിലവാരം ഉറപ്പാക്കാന്‍ ഗ്രൂപ്പ് പ്രോസസിംഗ് സെന്ററുകള്‍ സ്ഥാപിക്കും. റബര്‍ ഗവേഷണത്തിന് 29 കോടി രൂപയും നല്‍കും. റബര്‍ ബോര്‍ഡിനെ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യാന്‍ 8.91 കോടി രൂപയും കേന്ദ്രം നല്‍കും.
തിരഞ്ഞെടുപ്പിന് മുമ്പേ തന്ത്രപരമായ നീക്കം
റബറിന്റെ വിലത്തകര്‍ച്ച, ഉയര്‍ന്ന ഉത്പാദനച്ചെലവ്, തൊഴിലാളി ക്ഷാമം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ നിരവധി പ്രതിസന്ധികള്‍ മൂലം വലയുകയാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍. റബറിന്റെ താങ്ങുവില 200-250 രൂപയെങ്കിലുമാക്കണമെന്ന ആവശ്യം ബജറ്റില്‍ പരിഗണിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായതുമില്ല. സംസ്ഥാന ബജറ്റില്‍ വെറും 10 രൂപ കൂട്ടി റബര്‍ വിലസ്ഥിരതാ ഫണ്ടിലെ താങ്ങുവില 180 രൂപയാക്കുകയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചെയ്തത്.
കേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളിലേക്ക് കണ്ണുംനട്ടിരിക്കുന്ന ബി.ജെ.പിയുടെ തന്ത്രപരമായ നീക്കം കൂടിയാണ് തിരഞ്ഞെടുപ്പിന് മുമ്പായി പ്രഖ്യാപിച്ച ഇപ്പോഴത്തെ സഹായ വര്‍ധന.
കേരളത്തിന്റെ പ്രതിസന്ധി
ഏതാനും വര്‍ഷം മുമ്പുവരെ ഇന്ത്യയിലെ മൊത്തം റബര്‍ ഉത്പാദനത്തില്‍ 90 ശതമാനവും കേരളത്തിലായിരുന്നത് ഇപ്പോള്‍ 70 ശതമാനത്തിലേക്ക് ഇടിഞ്ഞു. അതേസമയം, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ റബര്‍ കൃഷിയിലും ഉത്പാദനത്തിലും മുന്നേറുകയുമാണ്. കേന്ദ്ര വാണിജ്യ മന്ത്രാലയം, റബര്‍ ബോര്‍ഡ്, ടയര്‍ നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ ഒരുമിച്ച് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ടുലക്ഷം ഹെക്ടറില്‍ റബര്‍ കൃഷി നടത്തുന്നുണ്ട്. മൂന്നുവര്‍ഷത്തിനകം ഒരുലക്ഷം ഹെക്ടറിലേക്ക് കൂടി കൃഷി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.
വിലത്തകര്‍ച്ചയാണ് കേരളത്തിലെ റബര്‍ കൃഷിയുടെ പ്രധാന വിലങ്ങുതടി. കിലോയ്ക്ക് 180-200 രൂപ ഉത്പാദനച്ചെലവുള്ളപ്പോള്‍ റബറിന് വിലയാകട്ടെ വെറും 160 രൂപയാണ്. ഉത്പാദനച്ചെലവ് പോലും കിട്ടാതെ വലയുകയാണ് കേരളത്തിലെ കര്‍ഷകര്‍. പലരും കൃഷി ഉപേക്ഷിക്കുന്നതിലേക്കും സ്ഥിതി എത്തിക്കഴിഞ്ഞു.
Tags:    

Similar News