സര്‍ക്കാരിന്റെ ടയര്‍ കമ്പനി; വെല്ലുവിളികളേറെ

സംസ്ഥാന സര്‍ക്കാറിന്റെ കേരള റബര്‍ ലിമിറ്റഡ് നല്ല നീക്കമാണെങ്കിലും വെല്ലുവിളികള്‍ ഏറെയാണ്

Update: 2021-08-30 07:05 GMT

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ റബര്‍ കൃഷിക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്ന കേരള റബര്‍ ലിമിറ്റഡ് നല്ലൊരു ആശയമാണെങ്കിലും അതിന്റെ ഫലപ്രദമായ നടത്തിപ്പിന് മുന്നില്‍ വെല്ലുവിളികളേറെയുണ്ടെന്ന് വിവിധ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് വിമാനത്താവളം സാധ്യമാക്കിയ, സിയാല്‍ മോഡലിലാകും കേരള റബര്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുകയെന്നാണ് സൂചന. കമ്പനിയുടെ ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്റ്ററുമായി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍പേഴ്‌സണുമായ ഷീല തോമസിനെ നിയമിച്ചിട്ടുമുണ്ട്.

വ്യവസായ വകുപ്പ് ഡയറക്റ്റര്‍, കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്റ്റര്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്റ്റര്‍, റബര്‍ ബോര്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ഡോ. കെ എന്‍ രാഘവന്‍ എന്നിവരാണ് ഡയറക്റ്റര്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍.

നിലവില്‍ ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നവരാണ് ഡയറക്റ്റര്‍ ബോര്‍ഡിലെ ഭൂരിഭാഗം അംഗങ്ങളും. മാത്രമല്ല, റബറില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനായുള്ള ഒരു കമ്പനിയുടെ സാരഥ്യത്തില്‍ ആ മേഖലയെ കുറിച്ച് സാങ്കേതിക പരിജ്ഞാനമുള്ളവര്‍ ഉണ്ടായിരിക്കേണ്ടതും അനിവാര്യമാണ്. ''കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്റ്ററെ പോലുള്ളവര്‍ ഇപ്പോള്‍ തന്നെ ഒട്ടേറെ കമ്പനികളുടെ ഡയറക്റ്റര്‍ ബോര്‍ഡിലുണ്ട്. വന്‍കിട കമ്പനികളുമായി മത്സരിക്കാന്‍ വേണ്ടി രംഗത്തിറങ്ങുന്ന ഒരു കമ്പനിക്ക് ടെക്‌നോളജി പരിജ്ഞാനമുള്ള വിദഗ്ധരുടെ സേവനവും അനിവാര്യമാണ്. മാത്രമല്ല, അതൊരു പാര്‍ടൈം ഉത്തരവാദിത്തമല്ലാത്ത വിധത്തില്‍ കൊണ്ടുനടക്കുകയും വേണം. ഇതാണ് കമ്പനിയുടെ രൂപീകരണത്തില്‍ കാണുന്ന ആദ്യ അപാകത,'' റബര്‍ വ്യവസായ രംഗത്തുള്ള ഒരു ബിസിനസുകാരന്‍ ചൂണ്ടിക്കാട്ടുന്നു.

റബറില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി ലാഭകരമായി കമ്പനി പ്രവര്‍ത്തിക്കണമെങ്കില്‍ അസംസ്‌കൃത വസ്തുവായ റബര്‍, വിലക്കുറവില്‍ ലഭിക്കണം. ആ സാഹചര്യത്തില്‍ റബര്‍ കര്‍ഷകര്‍ക്ക് ഈ കമ്പനി ഗുണകരമാകുമോയെന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
രക്ഷപ്പെടാതെ പോയ പഴയ ആശയങ്ങള്‍
മുന്‍ ധനമന്ത്രി കെ എം മാണി മുന്‍കൈയെടുത്ത ടയര്‍ കമ്പനിയുടെ ഗതിയാകുമോ പുതിയ കമ്പനിക്കെന്നും ചില റബര്‍ കര്‍ഷകര്‍ ആശങ്കപ്പെടുന്നുണ്ട്. റബര്‍ മേഖലയെ രക്ഷിക്കാനെന്ന പേരില്‍ കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വന്ന ടയര്‍ കമ്പനികള്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആ സ്ഥിതിക്ക് റബറില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന പുതിയ കമ്പനി വളരാന്‍ നടത്തിപ്പിലും സര്‍ക്കാര്‍ കാഴ്ചപ്പാടിലും സമൂല മാറ്റങ്ങള്‍ വേണ്ടിവരുമെന്നാണ് ഇവരുടെ പക്ഷം. ''രാഷ്ട്രീയ പാര്‍ട്ടികളോട് ചായ് വുള്ളവരാണ് ഈ പുതിയ കമ്പനിയുടെയും സാരഥ്യത്തില്‍ വരുന്നതെങ്കില്‍ പ്രഖ്യാപിത ലക്ഷ്യം നേടാന്‍ സാധിക്കില്ല. വന്‍കിട കമ്പനികള്‍ നിലനില്‍ക്കുന്ന മേഖലയില്‍ സര്‍ക്കാരിന്റെ കമ്പനി പിടിച്ചുനില്‍ക്കണമെങ്കില്‍, സ്വകാര്യ മേഖലയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രൊഫഷണല്‍ മികവോടെ പ്രവര്‍ത്തിക്കേണ്ടി വരും,'' ഒരു വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നു.


Tags:    

Similar News