വിലക്കുതിപ്പിനിടെ ചൈനക്കാരെ വെട്ടിലാക്കി ഡ്യൂപ്ലിക്കേറ്റ് സ്വര്‍ണം; സമ്പാദ്യമെല്ലാം വെള്ളത്തിലായി!

ബോധവത്കരണവുമായി സര്‍ക്കാര്‍

Update:2024-05-23 16:40 IST

Image : Canva

ആഗോളതലത്തില്‍ സ്വര്‍ണവില റെക്കോഡ് പുതുക്കി മുന്നേറുന്ന കാലമാണിത്. പൊന്നിന്റെ വിലക്കുതിപ്പിന് വലിയൊരുപങ്ക് വഹിച്ചതാകട്ടെ, ഏറ്റവുമധികം സ്വര്‍ണാഭരണപ്രിയരുള്ള രാജ്യമായ ചൈനയും.
ഓഹരിയും റിയല്‍ എസ്‌റ്റേറ്റുമടക്കം രാജ്യത്തെ ജനപ്രിയ നിക്ഷേപമേഖലകളെല്ലാം നിരാശപ്പെടുത്തിയതോടെ ചൈനക്കാര്‍ വന്‍തോതില്‍ സ്വര്‍ണനിക്ഷേപത്തിലേക്ക് തിരിഞ്ഞതും ചൈനീസ് കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സ്വര്‍ണശേഖരം കൂട്ടിയതും ആഗോളതലത്തില്‍ തന്നെ വിലവര്‍ധനയ്ക്ക് ആക്കംകൂട്ടുകയായിരുന്നു.
ഇപ്പോഴിതാ ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങളുടെ ഈറ്റില്ലമായ ചൈനയിലെ ജനങ്ങള്‍ 'സ്വയം കുഴിച്ച കുഴിയില്‍' തന്നെ വീണിരിക്കുന്നു. രാജ്യത്ത് സ്വര്‍ണത്തിന് ഡിമാന്‍ഡേറിയത് മുതലെടുത്ത് ചില വിരുതന്മാര്‍ സ്വന്തം നാട്ടുകാരെ വ്യാജ സ്വര്‍ണം ഓണ്‍ലൈനില്‍ നല്‍കി പറ്റിച്ചിരിക്കുന്നു. 24-കാരറ്റിന്റെ തനി പരിശുദ്ധ സ്വര്‍ണമെന്ന പേരില്‍ വ്യാജ സ്വര്‍ണം വാങ്ങിയവര്‍ക്ക് കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യവും ആവിയായി.
999 പരിശുദ്ധ സ്വര്‍ണം
ഓണ്‍ലൈനിലൂടെ '999 സ്വര്‍ണം' വാങ്ങിയവരാണ് വഞ്ചിക്കപ്പെട്ടതെന്ന് ചൈനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 999 സ്വര്‍ണമെന്നാൽ 99.9 ശതമാനവും പരിശുദ്ധ സ്വര്‍ണമെന്നാണ് അര്‍ത്ഥം. അതായത്, ആഭരണത്തില്‍ മറ്റ് ലോഹങ്ങള്‍ നാമമാത്രമായിരിക്കും. 999 സ്വര്‍ണമാണ് 24-കാരറ്റ് സ്വര്‍ണം എന്നും അറിയപ്പെടുന്നത്.
തട്ടിപ്പിന്റെ വഴി
സാധാരണക്കാരായ ചൈനക്കാരാണ് ഓണ്‍ലൈന്‍ വഴി വ്യാജ സ്വര്‍ണം വാങ്ങി വെട്ടിലായത്. ഇവര്‍ക്ക് ശരിയായ സ്വര്‍ണം തിരിച്ചറിയാന്‍ കഴിയാതിരുന്നത് തട്ടിപ്പുകാര്‍ മുതലെടുത്തുവെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ഒരു ഉപയോക്താവ് 280 ഡോളര്‍ (ഏകദേശം 23,000 രൂപ) ചെലവിട്ട് ടൗബാവോ (Taobao) എന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്ന് 5 ആഭരണങ്ങള്‍ വാങ്ങി. സംശയം തോന്നിയ അദ്ദേഹം അവ തീയില്‍ ചൂടാക്കി നോക്കിയപ്പോള്‍ ആഭരണങ്ങള്‍ കരിഞ്ഞുപോകുകയോ പച്ചനിറത്തിലേക്ക് മാറുകയോ ചെയ്യുകയായിരുന്നു.
യഥാര്‍ത്ഥ സ്വര്‍ണം തീയില്‍ച്ചൂടാക്കിയാല്‍ തിളക്കംകൂടി വെള്ളനിറമായി മാറുകയാണ് ചെയ്യുക. തുടര്‍ന്ന്, തട്ടിപ്പ് വെളിച്ചത്തുവരികയായിരുന്നു.
ബോധവത്കരിക്കാന്‍ സര്‍ക്കാര്‍
രാജ്യത്ത് വ്യാജ സ്വര്‍ണ വില്‍പനക്കേസുകള്‍ പെരുകിയതോടെ ജനങ്ങളെ ബോധവത്കരിക്കാനുള്ള നടപടികളുമായി ചൈനീസ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി.
അതിലൊന്ന്, വാങ്ങുന്ന സ്വര്‍ണം ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് നോക്കി ശബ്ദം ശ്രദ്ധിക്കുകയെന്നതാണ്. മറ്റൊന്ന് സ്വര്‍ണത്തില്‍ നൈട്രിക് ആസിഡ് ഒഴിക്കാനുള്ളതാണ്.
ആസിഡ് വീണ് സ്വര്‍ണത്തിന്റെ നിറം പച്ചയോ മറ്റേതെങ്കിലും നിറമോ ആയാല്‍ അത് വ്യാജമെന്ന് ഉറപ്പിക്കാം. അഥവാ മാറ്റമൊന്നും സംഭവിച്ചില്ലെങ്കില്‍ അത് പരിശുദ്ധ സ്വര്‍ണം തന്നെ. വിപണിയിലെ വിശ്വാസ്യതയുള്ള ബ്രാന്‍ഡുകളുടെ മാത്രം സ്വര്‍ണം വാങ്ങുകയെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നടപടി തുടങ്ങി
വ്യാജന്മാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയും തുടങ്ങി. ബെയ്ജിംഗ് ആസ്ഥാനമായുള്ള ഒരു കമ്പനി 60 കിലോ വ്യാജ സ്വര്‍ണം നല്‍കി 70ലേറെ ഉപയോക്താക്കളെ കബളിപ്പിച്ചിരുന്നു. വഞ്ചിക്കപ്പെട്ട പലരും പിന്നീട് സ്വര്‍ണം വാങ്ങാനായി ഈ കമ്പനിയുടെ നിക്ഷേപപദ്ധതികളില്‍ പണം മുടക്കിയവരായിരുന്നു. ഈ സ്ഥാപനം സര്‍ക്കാര്‍ അടച്ചുപൂട്ടി. എന്നാല്‍, സ്വര്‍ണം വാങ്ങിയവര്‍ക്ക് മുടക്കുമുതല്‍ തിരികെ കിട്ടിയിട്ടില്ല.
മറ്റൊരു കമ്പനി സമാനരീതിയില്‍ വിറ്റ സ്വര്‍ണത്തില്‍ വെറും പത്ത് ശതമാനം സ്വര്‍ണമേ ഉണ്ടായിരുന്നുള്ളൂ.
Tags:    

Similar News