ചൈനീസ് സ്റ്റീല്‍ ഇറക്കുമതി: തീരുവ ഉയര്‍ത്തണമെന്ന് ആവശ്യം, വേണ്ടത് ശക്തമായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് ടാറ്റ സ്റ്റീല്‍
ടാറ്റ സ്റ്റീല്‍ എം.ഡിയുടെ അഭിപ്രായങ്ങള്‍ ഇന്ത്യന്‍ സ്റ്റീൽ വ്യവസായത്തിന്റെ മൊത്തത്തിലുളള വികാരത്തെ പ്രതിഫലിപ്പിക്കുന്നു
ചൈനയില്‍ നിന്ന് വില കുറഞ്ഞ സ്റ്റീല്‍ ഇന്ത്യയിലേക്ക് വന്‍ തോതില്‍ ഇറക്കുമതി ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ടാറ്റാ സ്റ്റീല്‍.
ചൈനീസ് സ്റ്റീൽ നിർമ്മാതാക്കള്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, അത് അവര്‍ സ്വന്തം രാജ്യത്ത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അവരുടെ പ്രശ്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ അനുവദിക്കരുത്- ഇതാണ് ടാറ്റ സ്റ്റീലിന്റെ നിലപാട്.
ചൈന കുറഞ്ഞ വിലയ്ക്ക് സ്റ്റീല്‍ കയറ്റുമതി ചെയ്യുന്നു
ചൈനയിലെ സ്റ്റീല്‍ വ്യവസായം പരിതാപകരമായ അവസ്ഥയിലാണ്. ഉല്‍പ്പാദനത്തിന് അനുസരിച്ച് വില്‍ക്കാന്‍ സാധിക്കുന്നില്ല എന്ന പരിമിതി മൂലം അവര്‍ കുറഞ്ഞ വിലയ്ക്ക് സ്റ്റീല്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്.
കേന്ദ്ര സർക്കാർ ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളായ ടാറ്റ സ്റ്റീലിന്റെ എം.ഡിയും സി.ഇ.ഒയുമായ ടി.വി നരേന്ദ്രൻ അസന്നിഗ്ധമായി പറഞ്ഞു.
ചൈനീസ് നിർമ്മാതാക്കൾ കുറഞ്ഞ വിലയ്ക്ക് അവര്‍ക്ക് നഷ്ടമാണെങ്കില്‍ പോലും സ്റ്റീൽ വിൽക്കുന്നു എന്നതാണ് നിലവിലെ പ്രശ്നം. ഇത് ലോകമെമ്പാടും മറ്റ് വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പ്രശ്നത്തില്‍ മറ്റ് രാജ്യങ്ങൾ നടപടിയെടുക്കുന്നുണ്ട്. ഇന്ത്യ തീർച്ചയായും ഇക്കാര്യത്തില്‍ നടപടികൾ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണെന്നും നരേന്ദ്രന്‍ സി.എന്‍.ബി.സി ടി.വി 18 നോട് പറഞ്ഞു.
ഇറക്കുമതി തീരുവ ഉയര്‍ത്തണം
ഇന്ത്യയിലെ സ്റ്റീൽ കമ്പനികൾക്ക് പുതിയ ഉല്‍പ്പാദനത്തിന് ആവശ്യമായ പണമൊഴുക്ക് സൃഷ്ടിക്കുന്നതിന് കുറഞ്ഞത് 15 മുതല്‍ 20 ശതമാനം വരെ ഇ.ബി.ഐ.ടി.ഡി.എ (EBITDA) മാർജിൻ ഉണ്ടാക്കേണ്ടിവരും. ഇത് വളരെ ചെലവേറിയ നടപടിയായിരിക്കുമെന്നും നരേന്ദ്രൻ പറഞ്ഞു. ഒരു കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും ബിസിനസ് മൂല്യനിർണ്ണയവും മനസ്സിലാക്കുന്നതിനുള്ള ഉപയോഗപ്രദമായ കണക്കുകൂട്ടലാണ് ഇ.ബി.ഐ.ടി.ഡി.എ മാർജിൻ.
ടാറ്റ സ്റ്റീല്‍ എം.ഡിയുടെ അഭിപ്രായങ്ങള്‍ ഇന്ത്യന്‍ സ്റ്റീൽ വ്യവസായത്തിന്റെ മൊത്തത്തിലുളള വികാരം പ്രതിഫലിപ്പിക്കുന്നു. ചൈനീസ് ഇറക്കുമതിക്കെതിരെ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സജ്ജൻ ജിൻഡാലും രംഗത്തെത്തിയിരുന്നു. ഇറക്കുമതി ആഭ്യന്തര സ്റ്റീൽ നിർമ്മാതാക്കളുടെ ബിസിനസിനെ കാര്യമായി ബാധിക്കുന്നതായി ജിൻഡാല്‍ പറഞ്ഞിരുന്നു.
സ്റ്റീൽ ഇറക്കുമതിക്ക് 10-12 ശതമാനം തീരുവ ചുമത്തുന്നത് പര്യാപ്തമല്ല. ചൈനയുടെ 'കൊള്ളയടിക്കുന്ന' ഈ സമീപനത്തെ ചെറുക്കാൻ തീരുവ ഉയര്‍ത്തണമെന്നും ജിൻഡാല്‍ പറഞ്ഞു.