ബ്രിട്ടനില്‍ നിന്ന് ഹൈബ്രിഡ് കപ്പല്‍ ഓര്‍ഡര്‍; കൊച്ചിൻ ഷിപ്പ്‌യാഡ് ഓഹരിക്ക് ഇന്ന് പുത്തന്‍ റെക്കോഡ്

കപ്പല്‍ശാലയുടെ വിപണിമൂല്യം ₹51,000 കോടി കടന്നു

Update:2024-05-27 16:36 IST

Image Courtesy : Cochin Shipyard

കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണശാലയുമായ കൊച്ചിന്‍ ഷിപ്പ്‌യാഡിന്റെ നേട്ടത്തില്‍ വീണ്ടുമൊരു പൊന്‍തൂവല്‍. യു.കെയില്‍ നിന്ന് 60 മില്യണ്‍ യൂറോയുടെ (ഏകദേശം 540 കോടി രൂപ) പുതിയ ഓര്‍ഡറാണ് കപ്പല്‍ശാലയെ തേടിയെത്തിയത്.
ഓഫ്‌ഷോര്‍ പുനരുപയോഗ ഓപ്പറേറ്റര്‍മാരും ബ്രിട്ടീഷ് കമ്പനിയുമായ നോര്‍ത്ത് സ്റ്റാറിന് ഇരട്ട ഇന്ധനത്തില്‍ (ഹൈബ്രിഡ്) പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസ്സല്‍സ് (SOV) നിര്‍മ്മിച്ച് നല്‍കാനുള്ള ഓര്‍ഡറാണ് ലഭിച്ചതെന്ന് കൊച്ചിന്‍ ഷിപ്പ്‌യാഡ് വ്യക്തമാക്കി.
ഇംഗ്ലണ്ടിലെ സഫക് കോസ്റ്റല്‍ (Suffolk Coast) പ്രദേശത്തെ കാറ്റാടിപ്പാടത്ത് (windfarm) ഉപയോഗിക്കാനാണ് എസ്.ഒ.വികള്‍ വാങ്ങുന്നത്. രണ്ടോ അതിലധികോ വെസലുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കാനുള്ള വ്യവസ്ഥയും കൊച്ചിന്‍ ഷിപ്പ്‌യാഡുമായുള്ള കരാറിലുണ്ട്. ആഗോളതലത്തില്‍ പുനരുപയോഗ ഊര്‍ജത്തിന് പ്രസക്തിയേറുന്ന പശ്ചാത്തലത്തിലാണ് ഹൈബ്രിഡ് എസ്.ഒ.വികളും ശ്രദ്ധനേടുന്നത്.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മറ്റൊരു ഹൈബ്രിഡ് എസ്.ഒ.വിക്ക് വേണ്ടിയും കമ്പനി കൊച്ചിന്‍ ഷിപ്പ്‌യാഡുമായി കരാര്‍ സ്ഥാപിച്ചിരുന്നു. നിലവില്‍ ലഭിച്ച 60 മില്യണ്‍ യൂറോയുടെ ഓര്‍ഡര്‍ സംബന്ധിച്ച് ഈമാസം 13ന് കൊച്ചിന്‍ ഷിപ്പ്‌യാഡ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നെങ്കിലും തുകയോ ഉപയോക്താവിന്റെ വിവരങ്ങളോ വ്യക്തമാക്കിയിരുന്നില്ല.
ഡീസലും ഇലക്ട്രിക്കും
ബ്രിട്ടീഷ് കമ്പനിയുമായുള്ള കരാര്‍പ്രകാരം കൊച്ചിന്‍ ഷിപ്പ്‌യാഡ് നിര്‍മ്മിക്കുന്ന ഹൈബ്രിഡ് എസ്.ഒ.വിക്ക് നീളം 85 മീറ്ററായിരിക്കും. നോര്‍വേ ആസ്ഥാനമായ വാര്‍ഡ് എ.എസ് (VARD AS) എന്ന കമ്പനിയാണ് വെസ്സലിന്റെ രൂപകല്‍പന നിര്‍വഹിക്കുന്നത്.
4 ഡീസല്‍ ജനറേറ്ററുകള്‍ക്ക് പുറമേ വലിയ ലിഥിയം ബാറ്ററി പായ്‌ക്കോട് കൂടിയ ഹൈബ്രിഡ് എന്‍ജിന്‍ സംവിധാനമാണ് വെസ്സലിനുണ്ടാവുക. ആധുനിക സംവിധാനങ്ങളോടെ സജ്ജമാക്കുന്ന വെസ്സലിന് 80 ടെക്‌നീഷ്യന്മാരെ ഉള്‍ക്കൊള്ളാനാകും.
കപ്പല്‍ശാലയുടെ വൈദഗ്ദ്ധ്യം
കൊച്ചിന്‍ ഷിപ്പ്‌യാഡിന് കപ്പല്‍ നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണിയിലുമുള്ള വൈദഗ്ദ്ധ്യം, സമയബന്ധിതമായുള്ള പ്രവര്‍ത്തനം, ഉന്നത നിലവാരം, താങ്ങാനാവുന്ന ചെലവ് തുടങ്ങിയ മികവുകള്‍ കണക്കിലെടുത്താണ് ഹൈബ്രിഡ് എസ്.ഒ.വിക്കായി വീണ്ടും കരാര്‍ ഒപ്പുവച്ചതെന്ന് നോര്‍ത്ത് സ്റ്റാറിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ജെയിംസ് ബ്രാഡ്‌ഫോഡ് പറഞ്ഞു.
നോര്‍ത്ത് സ്റ്റാറില്‍ നിന്ന് വീണ്ടും ഓര്‍ഡര്‍ ലഭിച്ചത് സന്തോഷകരമാണെന്നും പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കൊച്ചിന്‍ ഷിപ്പ്‌യാഡ് പ്രതിജ്ഞാബദ്ധമാണെന്നും കപ്പല്‍ശാലയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായര്‍ പറഞ്ഞു.

നിലവിലൊരു യൂറോപ്യൻ ഉപയോക്താവിനായി രണ്ട് കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസലുകൾ (CSOVs) നിർമ്മിച്ച് കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് കൊച്ചി കപ്പൽശാലയ്ക്ക് പുതിയ കരാറും ലഭിച്ചിരിക്കുന്നത്.

ഓഹരികളില്‍ നേട്ടം
മികച്ച പ്രവര്‍ത്തനമികവിന്റെ പശ്ചാത്തലത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാഡ് ഓഹരികള്‍ കാഴ്ചവയ്ക്കുന്ന തിളക്കവും തുടരുകയാണ്. ഇന്നൊരുവേള കമ്പനിയുടെ ഓഹരികള്‍ 10 ശതമാനത്തിലധികം ഉയര്‍ന്ന് എക്കാലത്തെയും ഉയരമായ 2,100 രൂപയില്‍ തൊട്ടു.
വ്യാപാരാന്ത്യത്തില്‍ ഓഹരിവിലയുള്ളത് 3.25 ശതമാനം നേട്ടവുമായി 1973 രൂപയില്‍ (BSE). 51,905 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ വിപണിമൂല്യം 50,000 കോടി ഭേദിക്കുന്ന മൂന്നാമത്തെ മാത്രം കമ്പനിയാണ് കൊച്ചിന്‍ ഷിപ്പ്‌യാഡ്.
നിലവില്‍ 50,000 കോടി രൂപയ്ക്കുമേല്‍ വിപണിമൂല്യമുള്ള കേരള കമ്പനികളില്‍ രണ്ടാമതുമാണ് കൊച്ചിന്‍ ഷിപ്പ്‌യാഡ്. 68,500 കോടി രൂപ വിപണിമൂല്യമുള്ള മുത്തൂറ്റ് ഫിനാന്‍സാണ് മുന്നില്‍. ഫാക്ടും കഴിഞ്ഞവര്‍ഷം 50,000 കോടി രൂപ വിപണിമൂല്യം ഭേദിച്ചിരുന്നെങ്കിലും പിന്നീട് താഴേക്കിറങ്ങി.
മുന്നേറ്റത്തിന് പിന്നില്‍
പ്രതിരോധ മേഖലയ്ക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നും ജലഗതാഗതത്തിനായി വിവിധ സംസ്ഥാന സര്‍ക്കാരില്‍ നിന്നും കയറ്റുമതി ഓര്‍ഡറായി യൂറോപ്പില്‍ നിന്നുള്‍പ്പെടെയും മികച്ച ഓര്‍ഡറുകള്‍ കൊച്ചി കപ്പല്‍ശാല സ്വന്തമാക്കിയിട്ടുണ്ട്.
മാത്രമല്ല, ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ കമ്പനിയുടെ ലാഭം 39.33 കോടി രൂപയില്‍ നിന്ന് 258 കോടി രൂപയിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. ഇതാണ് കമ്പനിയുടെ ഓഹരികള്‍ക്ക് ആവേശമാകുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മാത്രം 650 ശതമാനത്തോളം നേട്ടമാണ് നിക്ഷേപകര്‍ക്ക് കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ സമ്മാനിച്ചനേട്ടം.
Tags:    

Similar News