കോവിഡ് രണ്ടാം തരംഗം: ഓണ്‍ലൈന്‍ വില്‍പ്പനയിലും ഇടിവ്
ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 20-30 ശതമാനത്തിന്റെ കുറവ്
രണ്ടാം കോവിഡ് തരംഗം രാജ്യത്തെ ഓണ്‍ലൈന്‍ വില്‍പ്പനയെയും ബാധിക്കുന്നു. ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 20-30 ശതമാനത്തിന്റെ കുറവാണുണ്ടായത്. വുമണ്‍ ഫാഷന്‍ വിഭാഗത്തിലെ ഇ-കൊമേഴ്‌സ് വമ്പന്‍മാരായ ഫോറെവര്‍ ന്യൂയുടെ വില്‍പ്പന മാര്‍ച്ചിനെ അപേക്ഷിച്ച് ഈമാസം 30 ശതമാനമാണ് കുറഞ്ഞത്.
'ആളുകള്‍ ഇതിനകം വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്, കോവിഡ് ഉടന്‍ തന്നെ നീങ്ങാത്ത ഒരു പ്രതിസന്ധിയാണെന്ന് അവര്‍ കാണുന്നത്' ഫോറെവര്‍ ന്യൂയുടെ കണ്‍ട്രി മാനേജര്‍ ധ്രുവ് ബൊഗ്ര പറഞ്ഞു.
2020 ല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മിക്ക ബ്രാന്‍ഡുകളുടെയും ഇ-കൊമേഴ്‌സ് ബിസിനസുകള്‍ ഇരട്ടിയോളമാണ് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് പലരും ആശ്രയിച്ചിരുന്നത് ഓണ്‍ലൈന്‍ വിപണിയെയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഓണ്‍ലൈന്‍ വിപണി പോലും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
'ആളുകള്‍ അവരുടെ അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും കുറിച്ച് കൂടുതല്‍ ശ്രദ്ധാലുക്കളാണ്, കൂടാതെ അടിയന്തിര മുന്‍ഗണന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോഗ്യവും സുരക്ഷയുമാണ്, അതിനാലാണ് ഓണ്‍ലൈന്‍ വില്‍പ്പന കുറഞ്ഞത്' ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പന ബ്രാന്‍ഡുകളിലൊന്നായ ബെനെട്ടണ്‍ ഇന്ത്യയുടെ സിഇഒ സുന്ദീപ് ചഗ് പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ ആദ്യ വാരത്തിനുശേഷം ഓണ്‍ലൈന്‍ വില്‍പ്പന 15-20 ശതമാനം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.