അംബാനി മാത്രമല്ല, ലോകത്തെ ഏറ്റവും സമ്പന്ന പട്ടികയില്‍ ഇടം നേടി സൈറസ് പൂനാവാലയും

Update: 2020-06-24 13:49 GMT

കൊവിഡ് കാലത്ത് രാജ്യത്ത് സമ്പത്ത് വളര്‍ത്തിയവരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ ഡോ. സൈറസ് പൂനാവാലയും. ലോകത്തിലെ ഏറ്റവും വലിയ 100 സമ്പന്നരുടെ ഹുറൂണ്‍ പട്ടികയില്‍ ആദ്യമായി ഇടം നേടിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ ഇടയില്‍ ഏറ്റവും വേഗത്തില്‍ സമ്പത്ത് വളര്‍ത്തിക്കൊണ്ടിരിയ്ക്കുന്ന ആളാണ് അദ്ദേഹം. ഇത്തവണ 57 സ്ഥാനങ്ങള്‍ മറികടന്നാണ് ഹുറൂണ്‍ പട്ടികയില്‍ ആദ്യ 100-ല്‍ ഈ വാക്‌സിന്‍ രാജാവ് ഇടം പിടിച്ചിരിക്കുന്നത്.

കൊറോണക്കാലത്ത് മാത്രം 25 ശതമാനം വര്‍ധനയാണ് സമ്പത്തില്‍ ഉണ്ടായത്. നാലു മാസങ്ങള്‍ കൊണ്ടാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചിരിയ്ക്കുന്നത്. മുകേഷ് അംബാനി ഈ ലിസ്റ്റിലെ എട്ടാമത്തെ വലിയ സമ്പന്നനാണ്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഫോബ്സ് പുറത്തിറക്കിയ ടോപ് 10 റിച്ചസ്റ്റ് ഹെല്‍ത്ത്കെയര്‍ ബില്യണേഴ്സിന്റെ പട്ടികയിലും എത്തിയ ഒരേ ഒരു ഇന്ത്യക്കാരന്‍ ഇദ്ദേഹമായിരുന്നു. മാര്‍ച്ചിലെ ഫോബ്സിന്റെ കണക്കുകള്‍ പ്രകാരം ഡോ. പൂനാവാലയുടെ നെറ്റ് വര്‍ത്ത് 62,000 കോടി രൂപയാണ്. പല വര്‍ഷങ്ങളിലും സെറത്തിന്റെ വളര്‍ച്ചാ നിരക്ക് 30-40 ശതമാനവും.

ഇന്ത്യയുടെ വാക്സിന്‍ രാജാവ്: സൈറസ് പൂനവാലയെ അറിയാം; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെയും

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ അഭിമാനമാണ്. ലോകത്തില്‍ പിറന്നുവീഴുന്ന 65 ശതമാനം കുട്ടികള്‍ ഒരിക്കലെങ്കിലും സെറം നിര്‍മിക്കുന്ന വാക്സിന്‍ എടുക്കുന്നുണ്ട്. ലോകത്തിലെ 160 ലേറെ രാജ്യങ്ങളിലേക്ക് ഇവര്‍ വാക്സിന്‍ കയറ്റുമതി ചെയ്യുന്നു. ലോക വാക്സിന്‍ വിപണിയുടെ 60 ശതമാനവും ഈ ഇന്ത്യന്‍ കമ്പനിയുടെ കൈകളിലാണ്. പോളിയോ വാക്സിന്‍, ഡിഫ്തീരിയ, ടെറ്റനസ്, ബിസിജി, ഹെപ്പറ്റൈറ്റിസ് ബി, മീസില്‍സ്, മംപ്സ്, റൂബെല്ല എന്നിവയ്ക്കെല്ലാമുള്ള വാക്സിന്‍ വരുന്നത് സെറത്തില്‍ നിന്നാണ്.

ഇത്രയേറെ വാക്സിനുകള്‍ വികസിപ്പിക്കുമ്പോള്‍ തന്നെ അതിനിടുന്ന വിലയാണ് സെറത്തെ വ്യത്യസ്തമാക്കുന്നത്. ലോകമെമ്പാടുമുള്ള, അന്നത്തിന് പോലും വകയില്ലാത്ത കുട്ടികളെയും അസുഖത്തിന്റെ വായില്‍ നിന്ന് രക്ഷിക്കാന്‍ ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് വാക്സിന്‍ കമ്പനി നല്‍കുന്നത്.

അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ വന്‍തോതിലുള്ള ഉല്‍പ്പാദനമാണ് വാക്സിനുകള്‍ വില കുറച്ച് വില്‍ക്കാന്‍ സെറത്തെ പ്രാപ്തമാക്കുന്നത്. ബിസിനസിന്റെ ഭാഗമായല്ല സെറത്തിന് ജീവകാരുണ്യ പ്രവര്‍ത്തനം, ബിസിനസിന്റെ കോര്‍ തന്നെ അതാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News