നാരായണ മൂര്‍ത്തിയുടെ '70 മണിക്കൂര്‍ ജോലി' പരാമര്‍ശം: ധനം വായനക്കാരുടെ പ്രതികരണം ഇങ്ങനെ

നാരായണ മൂര്‍ത്തിയെ ന്യായീകരിച്ച് എഴുത്തുകാരിയായ ഭാര്യ സുധാ മൂര്‍ത്തിയും രംഗത്തെത്തിയിരുന്നു

Update:2023-10-30 17:36 IST

Image : NR Narayana Murthy

ഇന്ത്യയിലെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ പരാമര്‍ശം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ രംഗത്തെത്തുകയും ചെയ്തു. ധനം ഓണ്‍ലൈന്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവരും സമ്മിശ്രമായ പ്രതികരണങ്ങളാണ് പങ്കുവച്ചത്.

48% ശതമാനം പേര്‍ക്ക് വിയോജിപ്പ്
യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ്പ്, ടെലഗ്രാം, ലിങ്ക്ഡ് ഇന്‍, ട്വിറ്റര്‍, ഷെയര്‍ചാറ്റ് തുടങ്ങിയ വിവിധ സാമൂഹ്യ മാധ്യമങ്ങളിലായി നടത്തിയ വോട്ടെടുപ്പില്‍ നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തി. 'വികസിത രാജ്യങ്ങളുമായി മത്സരിക്കാന്‍ ഇന്ത്യയിലെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണമൂര്‍ത്തിയുടെ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ' എന്നായിരുന്നു ചോദ്യം. 48 ശതമാനം പേര്‍ എതിര്‍ത്തപ്പോള്‍ 47 ശതമാനം പേര്‍ അനുകൂലിച്ചു. അഞ്ച് ശതമാനം പേര്‍ക്ക് അഭിപ്രായമില്ല.


രസകരമായ കമന്റുകളും

രസകരമായ നിരവധി കമന്റുകളും വാര്‍ത്തയ്ക്ക് താഴെ നിറയുന്നുണ്ട്. മണിക്കൂറിന് കൂലി നല്‍കുന്ന രീതി കൊണ്ടുവന്നാല്‍ മതിയെന്ന് ചിലര്‍ കമന്റിട്ടപ്പോള്‍ ഇന്ത്യയിലെ യുവാക്കളുടെ മാനസികാരോഗ്യത്തെ ഇത് മോശമായി ബാധിക്കുമെന്ന ആശങ്കയാണ് മറ്റ് ചിലര്‍ പങ്കുവച്ചത്. ജോലി കഴിഞ്ഞ് ബാക്കി സമയം കിടന്നുറങ്ങിയാല്‍ പിന്നെ ഇന്ധന ചെലവുള്‍പ്പെടെയുള്ളവ കുറയ്ക്കാം, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഈ അഭിപ്രായം പങ്ക്‌വയ്ക്കൂ (എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ മരുമകനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി), 'അങ്ങനെ അടിമപ്പണി ചെയ്യിപ്പിക്കേണ്ട' തുടങ്ങി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

''മണിക്കൂറുകളില്‍ വലിയ കാര്യമൊന്നുമില്ല. എങ്ങനെ ജോലി ചെയ്യുന്നു എന്നതിലാണ് കാര്യം. ഒരേ ജോലി ഒരു മണിക്കൂര്‍ കൊണ്ടും 10 മണിക്കൂര്‍ കൊണ്ടും 10 ദിവസം കൊണ്ടും ചെയ്യാം'' - ഒരാളുടെ കമന്റ് ഇങ്ങനെ.

''ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യുമ്പോഴാണ് ഉത്പാദനക്ഷമത കൂടുന്നത്. ഐ.ടി കണ്‍സള്‍ട്ടന്റുമാരുടേയും മറ്റ് കണ്‍സള്‍ട്ടന്‍സി ജോലികള്‍ ചെയ്യുന്നവരുടേയും ഉത്പാദനക്ഷമ ദിവസത്തിന്റെ ആദ്യ മണിക്കൂറില്‍ വളരെ കൂടുതലായിരിക്കും. ആഴ്ചയില്‍ 60 മണിക്കൂര്‍ ജോലി എന്ന നിര്‍ദേശം 2020ല്‍ നടപ്പാക്കിയതിന് ശേഷവും ഏറ്റവും കുറഞ്ഞ ഉത്പാദനക്ഷമതയും ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യവുമുള്ള സ്ഥാപനമാണ് ഇന്‍ഫോസിസ്. ജീവനക്കാരെ ഉത്തേജിപ്പിക്കാന്‍ വേണ്ടതു നല്‍കിയില്‍ ഉത്പാദനക്ഷമത താനേ വര്‍ധിക്കും. '' - മറ്റൊരാൾ പറഞ്ഞു.

രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയാകാന്‍
മുന്‍ ഇന്‍ഫോസിസ് സി.എഫ്.ഒ ടി.വി മോഹന്‍ദാസ് പൈയുമായി നടത്തിയ 'ദി റെക്കോര്‍ഡ്' എന്ന പോഡ്കാസ്റ്റ് പരിപാടിക്കിടെയായിരുന്നു നാരായണ മൂര്‍ത്തി യുവാക്കളോട് രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിച്ചത്. ''സമ്പന്ന രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്ക് മത്സരിക്കാനാകും, എന്നാല്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണം. ഇന്ത്യയിലെ തൊഴില്‍ ഉത്പാദന ക്ഷമത ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ചൈനയെ പോലുള്ള രാജ്യങ്ങളുമായി മത്സരിക്കുന്നതിന് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാനും ജര്‍മ്മനിയും ചെയ്തതു പോലെ ഇന്ത്യയിലെ ചെറുപ്പക്കാരും അധിക മണിക്കൂര്‍ ജോലി ചെയ്യേണ്ടതുണ്ട്''. എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ആഴ്ചയില്‍ 6 പ്രവൃത്തിദിനമെന്ന് കണക്കാക്കിയാൽ  ദിവസം 11.7 മണിക്കൂര്‍ ജോലി ചെയ്താലാണ് ആഴ്ചയില്‍ 70 മണിക്കൂര്‍ ആകുക. അഞ്ച് പ്രവൃത്തിദിനങ്ങളാണെങ്കില്‍ പ്രതിദിനം 14 മണിക്കൂര്‍ പണിയെടുക്കേണ്ടി വരും. ഒരു ദിവസം എട്ടു മണിക്കൂര്‍ ജോലി എന്ന രീതിയിലാണ് നിലവില്‍ മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഐ.ടി മേഖലയിൽ ജോലിയുടെ സ്വഭാവമനുസരിച്ച് ഇതില്‍ ഏറ്റക്കുറിച്ചില്‍ വരുത്താറുണ്ട്.

അലകള്‍ അടങ്ങുന്നില്ല

നാരായണ മൂര്‍ത്തിയുടെ വാക്കുകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും അതുമായി ബന്ധപ്പെട്ട അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഡിഫന്‍സ് അനലിസ്റ്റായ അഭിജിത്ത് അയ്യര്‍ മിത്ര സാമൂഹിക മാധ്യമമായ എക്‌സിലൂടെ നാരായണ മൂര്‍ത്തിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയതോടെ ചര്‍ച്ച വീണ്ടും കൊ
ഴു
ക്കുകയാണ്. ഇന്ത്യക്കാരുടെ മനോഭാവത്തിന്‌ ഉത്തമ ഉദാഹരണമാണ് നാരായണ മൂര്‍ത്തിയുടെ വാക്കുകളെന്നും നിലവാരം കുറഞ്ഞ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന ഐ.ടി സേവനദാതാവായ ഇന്‍ഫോസിസ് വെറുതെ മഹത്വവത്കരിക്കപ്പെടുകയാണെന്നുമാണ് അഭിജിത് കുറിച്ചത്.
എന്നാല്‍ അഭിജിത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മോഹന്‍ദാസ് പൈ എത്തി. ''ഇത്തരം വില കുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്താതിരിക്കൂ. ഇന്‍ഫോസിസ് എന്താണെന്നും അവിടെ എന്താണ് നടക്കുന്നതെന്നും നിങ്ങള്‍ക്ക് അറിയില്ല. താരതമ്യപ്പെടുത്താവുന്ന തരത്തിലുള്ള 20 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള ഒരു കമ്പനി സ്ഥാപിക്കൂ. എന്നിട്ട് ഇതേ കുറിച്ച് സംസാരിക്കൂ''- എന്നാണ് മോഹന്‍ദാസ് പൈയുടെ മറുപടി.
ഇന്‍ഫോസിസ് സ്ഥാപകന്റെ പരാമര്‍ശം യുക്തിക്ക് നിരക്കാത്തതും മനുഷ്യത്വരഹിതവുമാണെന്ന വിമര്‍ശനവുമായി ബംഗളൂരുവിലെ ഹൃദ്‌രോഗ വിദഗ്ധന്‍ ഡോ.ദീപക് കൃഷണമൂര്‍ത്തിയും സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരുന്നു. ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നാരായണ മൂര്‍ത്തിയെ ന്യായീകരിച്ച് എഴുത്തുകാരിയായ ഭാര്യ സുധാ മൂര്‍ത്തിയും രംഗത്തെത്തിയിരുന്നു. ആഴ്ചയില്‍ 80-90 മണിക്കൂര്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് നാരായണ മൂര്‍ത്തിയെന്നും ആ അനുഭവത്തില്‍ നിന്നാണ് യുവാക്കളോട് ഇങ്ങനെയൊരു കാര്യം അദ്ദേഹം അഭ്യര്‍ത്ഥിച്ചതെന്നുമാണ് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സുധാ മൂര്‍ത്തി വ്യക്തമാക്കിയിരിക്കുന്നത്. കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്ന മൂര്‍ത്തി അത്തരമൊരു ജീവിതശൈലിയാണ് പിന്തുടരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ സജ്ജന്‍ ജിന്‍ഡാല്‍, ഓല സി.ഇ.ഒ ഭവിഷ് അഗര്‍വാള്‍ തുടങ്ങിയ കോര്‍പറേറ്റ് രംഗത്ത് പല പ്രമുഖരും നാരായണ മൂര്‍ത്തിയെ അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.

Tags:    

Similar News