ഈസ്റ്റേണും എം.ടി.ആറും ഇനി ഓര്‍ക്‌ല ഇന്ത്യയ്ക്ക് കീഴില്‍; രാജ്യത്തെ ബിസിനസുകളെ ഒറ്റ കമ്പനിയാക്കി

ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ സി.ഇ.ഒ ആയി നവാസ് മീരാന്‍ തുടരും;

Update:2023-10-12 14:31 IST

Sanjay Sharma, CEO, Orkla India

കേരളത്തിലെ പ്രമുഖ സുഗന്ധവൃഞ്ജന-കറിപ്പൊടി-ഭക്ഷ്യോത്പന്ന കമ്പനിയായ ഈസേ്റ്റണ്‍ കോണ്ടിമെന്റ്‌സിനെ ഏറ്റെടുത്ത നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്‌ല ഇന്ത്യയിലെ മൂന്ന് ബിസിനസുകളേയും സംയോജിപ്പിച്ച് ഓര്‍ക്‌ല ഇന്ത്യ എന്ന ഒറ്റ കമ്പനിയാക്കി. ഈസ്റ്റേണ്‍ കൂടാതെ ഓര്‍ക്‌ല ഏറ്റെടുത്ത കര്‍ണാടക ബ്രാന്‍ഡായ എം.ടി.ആര്‍, ഇന്റര്‍നാഷണല്‍ ബിസിനസ് എന്നിവയാണ് ഓര്‍ക്‌ല ഇന്ത്യക്ക് കീഴില്‍ വരിക.

ഓര്‍ക്‌ലയുടെ കീഴിലുള്ള 12 സ്വതന്ത്ര കമ്പനികളില്‍ ഏറ്റവും വലിയ ആറാമത്തെ കമ്പനിയാണ് ഓര്‍ക്‌ല ഇന്ത്യ. മൊത്തം ബിസിനസിന്റെ നാല് ശതമാനം ഇന്ത്യയില്‍ നിന്നാണ്. 
2007ലാണ് ഓര്‍ക്‌ല എം.ടി.ആര്‍ ഫുഡ്‌സിനെ ഏറ്റെടുത്തുകൊണ്ട് ഇന്ത്യയിലേക്ക് ചുവടുവയ്ക്കുന്നത്. 2020ല്‍ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 67.8 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു.
വ്യത്യസ്ത ബ്രാന്‍ഡുകളായി
പുതിയ നീക്കത്തിന്റെ ഭാഗമായി എം.ടി.ആറിന്റെ സി.ഇ.ഒ ആയിരുന്ന സഞ്ജയ് ശര്‍മയെ ഓര്‍ക്‌ല ഇന്ത്യ സി.ഇ.ഒ ആയി നിയമിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് ബിസിനസ് യൂണിറ്റുകള്‍ക്കും സ്വതന്ത്ര സി.ഇ.ഒമാരുമുണ്ടാകും. ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ സി.ഇ.ഒ ആയി നവാസ് മീരാന്‍ തുടരും. ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറായിരുന്ന സുനെയ് ബാസിനായിരിക്കും എം.ടി.ആറിന്റെ പുതിയ സി.ഇ.ഒ.
 പുനഃസംഘടനയ്ക്ക് ശേഷവും എം.ടി.ആറും ഈസ്റ്റേണും വ്യത്യസ്ത ബ്രാന്‍ഡുകളായി നിലനില്‍ക്കും. കമ്പനിയുടെ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലും ബാക്ക് എന്‍ഡിലുമാണ് മാറ്റം വരുന്നത്.
40 വര്‍ഷമായി കറി മസാല കൂട്ടുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈസ്റ്റേണിന്റെ ബിസിനസ് കൂടുതല്‍ ഭക്ഷ്യ ഉത്പന്നങ്ങളിലേക്ക് വ്യാപിപ്പിക്കും. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ വെജിറ്റേറിയന്‍ ഭക്ഷ്യ വിഭാഗത്തിലായിരിക്കും എം.ടി.ആര്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ഇന്റര്‍നാഷണല്‍ ബിസിനസ് യൂണിറ്റ് നേരത്തെ ഇന്ത്യന്‍ വിപണിയുടെ ആവശ്യങ്ങളാണ് നിറവേറ്റിയിരുന്നതെങ്കില്‍ ഇനി ലോകമെമ്പാടുമുള്ള ഉപയോക്താക്കളിലേക്കും കടന്നു ചെല്ലാന്‍ ശ്രമിക്കും.

മൊത്തം ബിസിനസിന്റെ 45 ശതമാനം എം.ടി.ആറും 37 ശതമാനം ഈസ്റ്റേണും 18 ശതമാനം ഇന്റര്‍നാഷണല്‍ ബിസിനസും സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഞ്ജയ് ശര്‍മ പറഞ്ഞു.

നിലവിലുള്ള ബിസിനസുകൾ  വിപുലീകരിച്ചും പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചുമുള്ള വളര്‍ച്ചയാണ് ഓര്‍ക്‌ല ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി റെഡി ടു ഈറ്റ് സ്വീറ്റ്‌സ് കാറ്റഗറിയിലേക്കും കടക്കും.  നിലവില്‍ 2,200 കോടി രൂപ വരുമാനമുള്ള കമ്പനിയാണ് ഓര്‍ക്‌ല ഇന്ത്യ. ലയനത്തോടെ 10-12 ശതമാനം വളര്‍ച്ച നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News