₹538 കോടിയുടെ വായ്പാ തിരിമറി: ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിനെ ഇ.ഡി അറസ്റ്റ് ചെയ്തു
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിങ്ങനെയുള്ള കുറ്റങ്ങളും നരേഷ് ഗോയലിനെതിരെ ചുമത്തിയിട്ടുണ്ട്
കനറാ ബാങ്കില്‍ നിന്നെടുത്ത വായ്പയില്‍ 538 കോടി രൂപയുടെ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിനെ (74) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തു. ഇ.ഡിയുടെ ഓഫീസിലെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പണം തിരിമറി തടയല്‍ നിയമപ്രകാരമാണ് (Prevention of Money Laundering Act-PMLA) നരേഷ് ഗോയലിനെ കസ്റ്റഡിയിലെടുത്തത്.
ജെറ്റ് എയര്‍വേയ്സ് (ഇന്ത്യ) ലിമിറ്റഡിന് (ജെഐഎല്‍) 848.86 കോടി രൂപയുടെ വായ്പാ അനുവദിച്ചു എന്നും ഇതില്‍ 538.62 കോടി രൂപ വകമാറ്റി ചെലവഴിച്ചു എന്നുള്ള കനറാ ബാങ്കിന്റെ 2022 നവംബറിലെ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസില്‍ ജെറ്റ് എയര്‍വേയ്സ് കമ്പനിക്കും നരേഷ് ഗോയല്‍, ഭാര്യ അനിത, ചില മുന്‍ കമ്പനി എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കുമെതിരെ കഴിഞ്ഞ മെയ് മാസം സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേന്‍ (സി.ബി.ഐ) ബാങ്ക് തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിങ്ങനെയുള്ള കുറ്റങ്ങളും നരേഷ് ഗോയലിനെതിരെ ചുമത്തിയിട്ടുണ്ട്. നരേഷ് ഗോയലിനെ ഇന്ന് മുംബൈയിലെ പ്രത്യേക പി.എം.എല്‍.എ കോടതിയില്‍ ഹാജരാക്കും. നരേഷ് ഗോയല്‍ 1993ലാണ് ജെറ്റ് എയര്‍വേസ് ആരംഭിക്കുന്നത്. എന്നാല്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സ് 2019ല്‍ പ്രവര്‍ത്തനമവസാനിപ്പിക്കുകയായിരുന്നു.