പേയ്ടിഎമ്മിനെതിരെ അന്വേഷണവുമായി ഇ.ഡിയും രംഗത്ത്; ഓഹരിത്തകര്‍ച്ച തുടരുന്നു

പേയ്ടിഎമ്മിനെതിരെ എടുത്ത നടപടി പുനഃപരിശോധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു

Update:2024-02-14 15:32 IST

Image : RBI, ED, Paytm and Canva

റിസര്‍വ് ബാങ്കെടുത്ത കടുത്ത നടപടികള്‍ക്ക് പിന്നാലെ പ്രതിസന്ധിയിലായ പേയ്ടിഎം പേമെന്റ്‌സ് ബാങ്കിനെതിരെ അന്വേഷണത്തിന് തുടക്കമിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED). ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ നിക്ഷേപ, വായ്പാ ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്ന് രണ്ടാഴ്ച മുമ്പാണ് റിസര്‍വ് ബാങ്ക് പേയ്ടിഎമ്മിന്റെ ഉപസ്ഥാപനമായ പേയ്ടിഎം പേമെന്റ്‌സ് ബാങ്കിനോട് നിര്‍ദേശിച്ചത്.
പ്രീപെയ്ഡ് സൗകര്യങ്ങള്‍, വാലറ്റുകള്‍, ഫാസ്ടാഗ് തുടങ്ങിയവ ടോപ്-അപ്പ് ചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പേയ്ടിഎം യു.പി.ഐ സേവനങ്ങള്‍ മറ്റൊരു വിഭാഗമായതിനാല്‍, റിസര്‍വ് ബാങ്കിന്റെ നടപടി ബാധകമല്ല. എന്നാല്‍, പേയ്ടിഎം ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ജീവമാകുന്നതോടെ ഫലത്തില്‍ പേയ്ടിഎം യു.പി.ഐ ആപ്പ് സേവനങ്ങളും പ്രതിസന്ധിയിലാകും. ഇതൊഴിവാക്കാന്‍ മറ്റ് ബാങ്കുകളുടെ സേവനം പേയ്ടിഎം തേടുന്നുണ്ടെന്നും സൂചനകളുണ്ട്. മൂന്നാംകക്ഷിയായി (തേര്‍ഡ് പാര്‍ട്ടി) മറ്റ് ബാങ്കുകളുടെ സേവനം തേടാനാണ് ശ്രമം.
ഇ.ഡിയുടെ അന്വേഷണം
സി.എന്‍.ബി.സി-ടിവി 18 ആണ് പേയ്ടിഎമ്മിനെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇക്കാര്യം ഇ.ഡിയോ പേയ്ടിഎമ്മോ സ്ഥിരീകരിച്ചിട്ടില്ല. പേയ്ടിഎമ്മിനെതിരെ സ്വീകരിച്ച നടപടി പുനഃപരിശോധിക്കില്ലെന്ന് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്കും വ്യക്തമാക്കിയിരുന്നു.
വിദേശനാണ്യ വിനിമയച്ചട്ടം പേയ്ടിഎം ലംഘിച്ചിട്ടുണ്ടോയെന്നാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുകയെന്നാണ് സൂചനകള്‍. പേയ്ടിഎമ്മിലെ ചൈനീസ് നിക്ഷേപങ്ങളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും വലിയ ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഓഹരിത്തകര്‍ച്ച തുടരുന്നു
റിസര്‍വ് ബാങ്കിന്റെ നടപടിയും തുടര്‍ന്ന് ചില ബ്രോക്കറേജ് സ്ഥാപനങ്ങള്‍ റേറ്റിംഗ് വെട്ടിക്കുറച്ചതും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരികളെ നഷ്ടക്കയത്തിലേക്ക് തള്ളിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 31 ശതമാനമാണ് ഓഹരിവില ഇടിഞ്ഞത്. ഇന്നും 10 ശതമാനം ഇടിഞ്ഞാണ് ഓഹരിവിലയുള്ളത്. മൂന്നുമാസം മുമ്പ് 923 രൂപയായിരുന്ന ഓഹരിവില ഇന്നുള്ളത് 342.15 രൂപയില്‍.
21,853 കോടി രൂപയാണ് നിലവില്‍ പേയ്ടിഎമ്മിന്റെ വിപണിമൂല്യം (market cap). റിസര്‍വ് ബാങ്കിന്റെ നടപടി വന്നശേഷമുള്ള കഴിഞ്ഞ 10 വ്യാപാര ദിവസങ്ങളിലായി മാത്രം പേയ്ടിഎമ്മിന്റെ വിപണിമൂല്യത്തില്‍ നിന്ന് കൊഴിഞ്ഞത് ഏതാണ്ട് 26,000 കോടി രൂപയാണ്.
Tags:    

Similar News