രാജ്യത്തെ ഭക്ഷ്യഎണ്ണ ഇറക്കുമതി കുറഞ്ഞു

മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണിലെ ഭക്ഷ്യഎണ്ണ ഇറക്കുമതി 6.37 ശതമാനമാണ് ഇടിഞ്ഞത്

Update: 2022-07-14 07:45 GMT

രാജ്യത്ത് ജൂണ്‍ മാസത്തിലെ ഭക്ഷ്യഎണ്ണയുടെ (Cooking Oil) ഇറക്കുമതിയില്‍ കുറവ്. മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി 6.37 ശതമാനമാണ് കുറഞ്ഞത്. അതേസമയം, നടപ്പ് എണ്ണവര്‍ഷത്തെ (നവംബര്‍-ഒക്ടോബര്‍) ആദ്യ എട്ട് മാസങ്ങളിലെ മൊത്തം ഇറക്കുമതി 0.44 ശതമാനം വര്‍ധിച്ചു. സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ)യുടെ കണക്കുകള്‍ പ്രകാരം 9.41 ലക്ഷം ടണ്‍ ഭക്ഷ്യഎണ്ണയാണ് ജൂണില്‍ ഇറക്കുമതി ചെയ്തത്. മെയ് മാസത്തില്‍ ഇത് 10.05 ലക്ഷം ടണ്ണായിരുന്നു. എന്നിരുന്നാലും, ഭക്ഷ്യഎണ്ണ ഇറക്കുമതി 2021-22 എണ്ണ വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ 84.90 ലക്ഷം ടണ്ണായി. മുന്‍വര്‍ഷം ഇത് 84.52 ലക്ഷം ടണ്ണായിരുന്നു.

അതേസമയം പാം ഓയ്‌ലിന്റെ (Palm Oil) ഇറക്കുമതി മെയ് മാസത്തിലെ 5.14 ലക്ഷം ടണ്ണില്‍നിന്ന് 5.90 ലക്ഷം ടണ്ണായി ഉയര്‍ന്നു. 14.96 ശതമാനം വളര്‍ച്ച. 2021-22 എണ്ണ വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ പാം ഓയിലിന്റെ മൊത്തം ഇറക്കുമതി മുന്‍ കാലയളവിലെ 51.49 ലക്ഷം ടണ്ണില്‍നിന്ന് 43.30 ലിറ്ററായി കുറഞ്ഞു. 15.89 ശതമാനത്തിന്റെ ഇടിവ്. ഇന്തോനേഷ്യയും മലേഷ്യയുമാണ് ഇന്ത്യയിലേക്കുള്ള പാമോയിലിന്റെ പ്രധാന വിതരണക്കാര്‍.
സോയാബീന്‍ എണ്ണയുടെ ഇറക്കുമതി ജൂണില്‍ 2.30 ലക്ഷം ടണ്ണായി കുറഞ്ഞു. മെയ് മാസത്തില്‍ ഇത് 3.73 ലക്ഷം ടണ്ണായിരുന്നു. സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി മെയ് മാസത്തിലെ 1.18 ലക്ഷം ടണ്ണില്‍നിന്ന് നേരിയ വര്‍ധനവോടെ ജൂണില്‍ 1.19 ലക്ഷം ടണ്ണായി. അതേസമയം. സോയാബീന്‍ എണ്ണയുടെ മൊത്തം ഇറക്കുമതി 2020-21 ലെ 18.50 ലക്ഷം ടണ്ണില്‍നിന്ന് 2021-22 എണ്ണ വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ 28.10 ലക്ഷം ടണ്ണായി വര്‍ധിച്ചു. സൂര്യകാന്തി എണ്ണയുടെ മൊത്തം ഇറക്കുമതി 2020-21 ലെ 14.52 ലക്ഷം ടണ്ണില്‍നിന്ന് 2021-22 എണ്ണ വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ 13.48 ലക്ഷം ടണ്ണായി കുറഞ്ഞു.


Tags:    

Similar News