ബൈജൂസ് 1000 ജീവനക്കാരെ കൂടി പിരിച്ചുവിട്ടേക്കും

ഈ വര്‍ഷം ആദ്യം കമ്പനി 900-1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു

Update:2023-06-09 09:27 IST

Image : Byju Raveendran

മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്ടെക്(EdTech) സ്ഥാപനമായ ബൈജൂസ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ദി മോര്‍ണിംഗ് കോണ്‍ടെക്സ്റ്റ് റിപ്പോര്‍ട്ട് പ്രകാരം 1000 ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് ഉദ്ദേശിക്കുന്നത്. ഈ ജീവനക്കാര്‍ കരാറുകാരാണെന്നും സെയില്‍സ് ടീമിന്റെ ഭാഗമാണെന്നും സൂചനയുണ്ട്.

വിവാദങ്ങള്‍ക്കിടെ

യു.എസിലെ ബാങ്കുകള്‍ക്ക് 4 കോടി ഡോളര്‍ നല്‍കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നടക്കുകയാണ്. 2021 ലാണ് ബൈജൂസ് വിദേശ വിപണിയില്‍ നിന്ന് 1,200 കോടി ഡോളര്‍ (99,000 കോടി രൂപ) വായ്പയെടുത്തത്. ജൂണ്‍ അഞ്ചിന് പലിശയിനത്തില്‍ നാല് കോടി ഡോളര്‍ നല്‍കേണ്ടതായിരുന്നു.

എന്നാല്‍ പലിശ തിരിച്ചു നല്‍കുന്നതിനു പകരം ബൈജൂസ് വായ്പാദാതാവിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. ഈ വിവാദത്തിനിടെയാണ് പുതിയ പിരിച്ചുവിടല്‍ വര്‍ത്തകള്‍ പുറത്തുവരുന്നത്.

നിരവധി പേരെ പിരിച്ചുവിട്ടിരുന്നു

ഈ വര്‍ഷം ആദ്യം കമ്പനി 900-1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം പ്രതിവര്‍ഷം ഒരു കോടി രൂപയും അതിനുമുകളിലും ശമ്പളം വാങ്ങുന്ന സീനിയര്‍ വൈസ് പ്രസിഡന്റുമാരുള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്.അതേസമയം പുതിയ പിരിച്ചുവിടൽ പ്രശ്നത്തിൽ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


Tags:    

Similar News