ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനവുമായി കേന്ദ്രം: ഈ ഫീസ് നല്‍കേണ്ടതില്ല
റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്
ഇലക്ട്രിക് വാഹന ഉടമകള്‍ക്കും ഇവി സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്കും സന്തോഷവാര്‍ത്ത. ഇലക്ട്രിക് വാഹങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കിയതായി കേന്ദ്രം അറിയിച്ചു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനോ പുതുക്കുന്നതിനോ ഉള്ള ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ ഒഴിവാക്കിയതായി റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ചൊവ്വാഴ്ചയാണ് അറിയിച്ചത്.
പുതിയ രജിസ്‌ട്രേഷന്‍ മാര്‍ക്ക് നല്‍കുന്നതിന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ ഫീസ് അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫെയിം II പദ്ധതിയിലൂടെ കേന്ദ്രം സബ്‌സിഡികള്‍ വര്‍ധിപ്പിച്ചിരുന്നു.