'ഫെയര്‍ ആന്‍ഡ് ലവ്‌ലി'പേര് മാറ്റി; പുതിയപേര് തങ്ങളുടേതെന്ന വാദവുമായി ഇമാമി രംഗത്ത്

Update: 2020-07-03 03:17 GMT

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നങ്ങളിലൊന്നായ ഫെയര്‍ ആന്‍ഡ് ലവ്‌ലി വര്‍ണവെറിക്കെതിരെ ലോകമെമ്പാടും നടക്കുന്ന കാംപെയ്‌നില്‍ അണി ചേര്‍ന്നിുന്നു. ഫെയര്‍ എന്നത് പ്രചരിപ്പിക്കുന്ന പേര് നീക്കംചെയ്യാന്‍ ആണ് തങ്ങള്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചിരുന്നു. ഫെയര്‍ ഇല്ല, ഇനി മുതല്‍ 'ഗ്ലോ ആന്‍ഡ് ലവ്‌ലി' എന്ന പേരില്‍ അറിയപ്പെടും. ഉല്‍പ്പന്നത്തിന്റെ പുരുഷന്മാരുടെ വിഭാഗത്തെ 'ഗ്ലോ & ഹാന്‍ഡ്സം' എന്ന് വിളിക്കുമെന്നും എച്ച്യുഎല്‍ വ്യാഴാഴ്ച എക്സ്ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും ഏതുനിറക്കാര്‍ക്കും തിളങ്ങാം എന്നതാണ് പുതിയ ബ്രാന്‍ഡ് പ്രമേയം.

പരസ്യത്തിലെ കണ്ടന്റും മാറ്റാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഫെയര്‍ ആന്റ് ലവ്ലിയുടെ പാക്കേജിംഗ്, മാര്‍ക്കറ്റിംഗ് മെറ്റീരിയലുകളില്‍ നിന്ന് 'ഫെയര്‍', 'വൈറ്റനിംഗ്', 'ലൈറ്റനിംഗ്' എന്നീ പദങ്ങള്‍ നീക്കംചെയ്യുമെന്നും ഭാവിയിലെ പരസ്യ കാമ്പെയ്നുകളില്‍ എല്ലാ സ്ത്രീകളുടെയും സ്‌കിന്‍ ടോണുകള്‍ അവതരിപ്പിക്കുമെന്നും ജൂണ്‍ 25 ന് എച്ച്യുഎല്‍ അറിയിച്ചിരുന്നു.

നിറം കുറവായതിനാല്‍ വിവാഹം മുടങ്ങുകയും ജോലി ലഭിക്കാതിരിക്കുകയും ഫെയര്‍ ആന്‍ഡ് ലവ്‌ലിയിലൂടെ മുഖം വെളുത്ത് വിവാഹവും ജോലിയുമൊക്കെ സാധ്യമാകുകയും ചെയ്യുന്നതു പോലുള്ള പരസ്യ കാമ്പെയ്‌നുകള്‍ നിര്‍ത്താനും കമ്പനി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പേര് മാറ്റിയതോടെ എതിര്‍പ്പുമായി ഇമാമി ബ്രാന്‍ഡ് രംഗത്തെത്തി. കാരണം ഇമാമി ഇതിനകം തന്നെ പുരുഷന്മാരുടെ ഫെയര്‍നെസ് ക്രീമിന്റെ പേര് 'ഇമാമി ഗ്ലോ & ഹാന്‍ഡ്സം' എന്ന് മാറ്റി ബ്രാന്‍ഡ് ഡിജിറ്റലായി ലോഞ്ച് ചെയ്തിരുന്നു. എച്ച്യുഎല്ലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇമാമി ലിമിറ്റഡ് വ്യക്തമാക്കി. ഇതറിഞ്ഞതിനു ശേഷവും പുരുഷന്മാരുടെ ഫെയര്‍നസ് ക്രീം വിഭാഗത്തെ 'ഗ്ലോ & ഹാന്‍ഡ്സം' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള എച്ച്യുഎല്ലിന്റെ തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്ന് ഇമാമി പ്രതികരിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News