എത്തിഹാദ് എയര്‍വേയ്‌സിന് ഇനി കോഴിക്കോട് നിന്നും തിരുവനന്തപുരത്തു നിന്നും കൂടുതല്‍ സര്‍വീസുകള്‍
ഡിമാന്‍ഡ് കൂടുതലായതിനാല്‍ പുത്തന്‍ സര്‍വീസുകള്‍; കേരളത്തിലും ഗള്‍ഫിലേക്ക് പറക്കുന്നവരുടെ എണ്ണം കൂടി
കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് എത്തിഹാദ് എയര്‍വേയ്‌സ് ഇനി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ജനുവരി ഒന്നു മുതല്‍ അധികമായി രണ്ട് വിമാന സര്‍വീസ് ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് കേരളമെന്ന് അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനി അധികൃതർ പറഞ്ഞു.
കേരളത്തിന് പുറമെ ഡിമാന്‍ഡ് അനുസരിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, മുംബൈ, ന്യൂ ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളിലും സേവനം വിപുലമാക്കാനുള്ള പദ്ധതികള്‍ കമ്പനിക്കുണ്ട്.
നിലവില്‍ എത്തിഹാദും സഹോദര സ്ഥാപനമായ എയര്‍ അറേബ്യയും ചേര്‍ന്ന് 232 പ്രതിവാര ഫ്‌ളൈറ്റുകളാണ് ഇന്ത്യയിലെ 10 പ്രധാന സ്ഥലങ്ങളില്‍ നിന്ന് നടത്തുന്നത്.
ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കും തിരികെയുമുള്ള സർവീസിന് ഡിമാൻഡ് വര്‍ധിച്ചിട്ടുള്ള സാഹചര്യത്തില്‍ എയര്‍ലൈന്‍ വ്യവസായ രംഗത്ത് മത്സരം മുറുകും.