ബിപിസിഎല്‍ പമ്പുകളില്‍ വൈദ്യുത വാഹന ചാര്‍ജിംഗ്
ലഘു ഭക്ഷണ ശാലകളും വിശ്രമ സൗകര്യങ്ങളും ഉൾപ്പെടുന്ന പദ്ധതിയിൽ കേരളത്തിനും 3 കോറിഡോറുകൾ
വൈദ്യുത വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ട് ബിപിസിഎല്ലും. കേരളത്തില്‍ 19 വൈദ്യുത വാഹന സ്റ്റേഷനുകളാകും ഉണ്ടായിരിക്കുക. കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള് ആരംഭിച്ചിട്ടുണ്ട്. കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലെ 15 ഹൈവേകളിലായുള്ള 110 ഇന്ധന സ്റ്റേഷനുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍
കേരളത്തില്‍ 19 ഇന്ധന സ്റ്റേഷനുകളുമായി 3 കോറിഡോറുകളാണ് കമ്പനി തുറക്കുന്നത്. കര്‍ണാടകത്തില്‍ 33 ഇന്ധന സ്റ്റേഷനുകളുമായി 6 കോറിഡോറുകളും തമിഴ്‌നാട്ടില്‍ 58 ഇന്ധന സ്റ്റേഷനുകളുമായി 10 കോറിഡോറുകളും തുറക്കും. 125 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുന്ന ചാര്‍ജ് കിട്ടുന്ന രീതിയില്‍ വൈദ്യുത വാഹനം പൂര്‍ണമായും ചാര്‍ജു ചെയ്യാന്‍ വെറും 30 മിനിറ്റാണ് ഈ ഇന്ധന സ്റ്റേഷനുകളില്‍ എടുക്കുക എന്ന് സൗത്ത് റീട്ടെയില്‍ മേധാവി പുഷ്പ് കുമാര്‍ നയാര്‍ പറഞ്ഞു. അതിനാല്‍ തങ്ങള്‍ രണ്ടു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കിടയില്‍ 100 കിലോമീറ്റര്‍ ദൂരമാണു നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വിശദമാക്കി.
യാത്രക്കാര്‍ക്ക് മറ്റ് സൗകര്യങ്ങളും
ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കൊപ്പം വിശ്രമ സൗകര്യം, ലഘുഭക്ഷണം എന്നിവ ഉള്‍പ്പെടുന്നവ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
മക്‌ഡൊണാള്‍ഡ്‌സ്, എ2ബി, ക്യൂബ് സ്റ്റോപ്പ്, കഫേ കോഫി ഡേ, മറ്റ് പ്രാദേശിക ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുമായുള്ള സഖ്യത്തിലൂടെ ബിപിസിഎല്ലിന്റെ നിരവധി ഹൈവേ ഇന്ധന സ്റ്റേഷനുകളില്‍ ലഘുഭക്ഷണ, ഡ്രൈവ്- ഇന്‍ സംവിധാനമൊരുക്കും. ഇന്‍ & ഔട്ട് കണ്‍വീനിയന്‍സ് സ്റ്റോറുകളുടെ ശൃംഖലയും ബിപിസിഎല്‍ പുറത്തിറക്കിയിട്ടുണ്ട്.
വൈദ്യുത കോറിഡോറുകൾ
കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, വല്ലാര്‍പാടം ബസലിക്ക, കൊരട്ടി സെന്റ് ആന്റണീസ് ചര്‍ച്ച്, മര്‍ക്കസ് നോളേജ് സിറ്റി തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന കൊറിഡോറുകളാണ് വരുന്നത്.
തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ സൂര്യോദയം കാണാനും മധുരയിലെ മീനാക്ഷി ക്ഷേത്രം ദര്‍ശിക്കാനും അടക്കം നിരവധി സൗകര്യങ്ങളും ലഭിക്കും. ബിപിസിഎല്‍ ഇതുവരെ 21 ഹൈവേകള്‍ വൈദ്യുത കോറിഡോറുകളാക്കി മാറ്റിക്കഴിഞ്ഞു. ഈ മാസം അവസാനത്തോടെ 200 ഹൈവേകള്‍ അതിവേഗ വൈദ്യുത വാഹന ചാര്‍ജിംഗ്‌സൗകര്യമുള്ളവയാക്കി മാറ്റും.