ഇലക്ട്രിക് വാഹനങ്ങള്‍ കൂടുമ്പോള്‍ ഈ ലോഹത്തിന്റെ ഡിമാന്റും കുതിക്കും
2021ല്‍ വൈദ്യുത കാറുകളുടെ ഡിമാന്റ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായതായി റിപ്പോര്‍ട്ടുകള്‍
വൈദ്യുത വാഹനങ്ങളുടെ വിപണി വിപുലപ്പെടുന്നതോടെ കൊബാള്‍ട്ട് ലോഹത്തിന്റെ (Cobalt Metal) ഡിമാന്റും കുതിച്ച് ഉയരുകയാണ്. കൊബാള്‍ട്ട് ഏറ്റവും അധികം ഖനനം ചെയ്ത് എടുക്കുന്നത് മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലാണ്. ലോകത്തെ മൊത്തം ലഭ്യതയുടെ 74% കോംഗോയില്‍ നിന്നാണ് എത്തുന്നത്.
സ്വിറ്റ്സര്‍ലെന്‍ഡിലെ കൊബാള്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 2021 ല്‍ കൊബാള്‍ട്ടിന്റെ ഡിമാന്റ്റ് 22% ശതമാനം വര്‍ധിച്ചു. അതില്‍ 34% ഡിമാന്റ് വൈദ്യുത കാറുകളുടെ ഉല്‍പാദനത്തിനായിരുന്നു. മൊത്തം ഡിമാന്റ് വര്‍ധനവ് 32,000 ടണ്‍. മൊത്തം ലോക ഉല്‍പാദനം 12% വര്‍ധിച്ച് 1,60,000 ടണ്ണായി.
2026-ാടെ മൊത്തം ഡിമാന്റിന്റെ 50 % വൈദ്യുത വാഹന നിര്‍മാണത്തിന് വേണ്ടിയാകുമെന്ന് കൊബാള്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നു.
2021ല്‍ വൈദ്യുത കാറുകളുടെ ഡിമാന്റ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായതാണ് കൊബാള്‍ട്ട് ഡിമാന്റ് ഉയരാന്‍ പ്രധാന കാരണം. ഒരു പൗണ്ട് (ഏകദേശം 500 ഗ്രാം) കൊബാള്‍ട്ടിന്റെ വില കഴിഞ്ഞ വര്‍ഷം 16 ഡോളറില്‍ നിന്ന് 32 ഡോളറായി ഉയര്‍ന്നു.
വൈദ്യുത വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം ഐയോണ്‍ ബാറ്ററിയുടെ നിര്‍മാണത്തിനും കൊബാള്‍ട്ട് ഉപയോഗിക്കുന്നുണ്ട്. അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ കൊബാള്‍ട്ട് ഡിമാന്റ് 13 % വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൊബാള്‍ട്ട് ശുദ്ധീകരിക്കുന്നതില്‍ മുന്നില്‍ ചൈനയാണ്. ലോകത്ത് മൊത്തം പ്രാഥമിക കൊബാള്‍ട്ട് ഉല്‍പ്പാദനത്തിന്റെ 72 % ശുദ്ധീകരിക്കുന്നത് ചൈനയിലാണ്. അതിന് പിന്നില്‍ ഇന്തോനേഷ്യയും. ലോക ഡിമാന്റിന്റെ 25 % വരെ ചൈനയില്‍ നിന്നാണ് നിറവേറ്റപ്പെടുന്നത്.