ഫാക്ടിന്റെ പുത്തന്‍ പ്ലാന്റ് അടുത്തവര്‍ഷം പകുതിയോടെ; ഉത്പാദനം 15 ലക്ഷം ടണ്ണാകും

വിറ്റുവരവ് ₹8,000 കോടി കവിയുമെന്ന് പ്രതീക്ഷ; വിപണിമൂല്യം ₹30,000 കോടി

Update:2023-08-03 15:38 IST

Courtesy-FACT

നഷ്ടക്കയത്തില്‍ നിന്ന് കുറഞ്ഞകാലം കൊണ്ട് ലാഭപാതയിലേറിയ പ്രമുഖ കേന്ദ്ര പൊതുമേഖലാ രാസവളം നിര്‍മ്മാണ കമ്പനിയായ ഫാക്ടിന്റെ (FACT) 5 ലക്ഷം ടണ്‍ ഉത്പാദന ശേഷിയുള്ള പുതിയ പ്ലാന്റ് അടുത്തവര്‍ഷം മദ്ധ്യത്തോടെ പ്രവര്‍ത്തനം ആരംഭിക്കും.

അമ്പലമുഗളിലെ പുതിയ പ്ലാന്റ് ഫാക്ടിന്റെ മൊത്തം ശേഷി 15 ലക്ഷം ടണ്ണാക്കി വര്‍ദ്ധിപ്പിക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കിഷോര്‍ റുംഗ്ത പറഞ്ഞു.
ഫാക്ടിന്റെ വളര്‍ച്ചയിലെ നിര്‍ണായക നാഴികക്കല്ലായിരിക്കും പ്ലാന്റ്. നിലവിലെ 10 ലക്ഷം ടണ്‍ ഉത്പാദനശേഷി 50 ശതമാനം വര്‍ദ്ധിക്കുമ്പോള്‍ വിറ്റുവരവ് 8,000 കോടി രൂപ കവിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
30,000 കോടി വിപണി മൂല്യം
ഫാക്ടിന്റെ വിപണി മൂല്യം (Market Cap) കഴിഞ്ഞമാസം 30,000 കോടി രൂപ കവിഞ്ഞിരുന്നു. ഇന്ത്യയിലെ പൊതുമേഖലാ വളം നിര്‍മ്മാണ കമ്പനികളില്‍ ഈ നാഴികക്കല്ല് മറികടക്കുന്ന ആദ്യ സ്ഥാപനവും ഫാക്ടാണ്.
ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി 2019 ഫെബ്രുവരിയില്‍ കിഷോര്‍ റുംഗ്ത ചുമതലയേറ്റശേഷമാണ് ഫാക്ടിന്റെ ശുക്രദശ ആരംഭിച്ചത്. 2019ല്‍ 40 രൂപയായിരുന്ന ഫാക്ടിന്റെ ഓഹരി വില നാലുവര്‍ഷം കൊണ്ട് 1200 ശതമാനത്തോളം മുന്നേറി 486 രൂപയിലെത്തി. കമ്പനിയുടെ വരുമാനമാകട്ടെ ഇക്കാലയളവില്‍ മൂന്ന് മടങ്ങ് വര്‍ദ്ധിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 613 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കുറിച്ചു. വിറ്റുവരവ് മുന്‍വര്‍ഷത്തെ 4,424.80 കോടി രൂപയില്‍ നിന്നുയര്‍ന്ന് എക്കാലത്തെയും ഉയരമായ 6.198.15 കോടി രൂപയിലുമെത്തി.
മിനി രത്ന പദവിയിലേക്ക് 
കമ്പനിയുടെ സാമ്പത്തികസ്ഥിതി ഇപ്പോള്‍ ഭദ്രമാണ്. കേന്ദ്രത്തില്‍ നിന്നുള്ള സബ്‌സിഡി ആനുകൂല്യങ്ങളും കേരള സര്‍ക്കാരിന് 450 ഏക്കര്‍ വിറ്റഴിച്ചത് വഴി ലഭിച്ച തുകയും കമ്പനിയുടെ നഷ്ടം നികത്താന്‍ സഹായകമായി. സമ്പദ്ഭദ്രതയും പ്രവര്‍ത്തനവും മെച്ചപ്പെട്ട് സ്ഥിരതയാര്‍ന്ന നേട്ടം കൈവരിക്കുന്ന പശ്ചാത്തലത്തില്‍ മിനിരത്‌ന (Mini Ratna) പദവിക്കായി ഫാക്ട് അപേക്ഷിച്ചിട്ടുണ്ടെന്നും കിഷോര്‍ റുംഗ്ത പറഞ്ഞു.
Tags:    

Similar News