ജിയോമാര്‍ട്ടിനെ നേരിടാന്‍ വാള്‍മാര്‍ട്ട് ഇന്ത്യയെ സ്വന്തമാക്കി ഫ്ളിപ്കാര്‍ട്ട്

Update: 2020-07-23 11:37 GMT

ജിയോമാര്‍ട്ടുമായുള്ള കടുത്ത മത്സരത്തിന് ശക്തി പകര്‍ന്നുകൊണ്ട് മൊത്തവ്യാപാരം ലക്ഷ്യമിട്ട് വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട് സ്വന്തമാക്കി. ഓഗസ്റ്റോടെ മൊത്തവ്യാപാരത്തിനുള്ള പുതിയ ഡിജിറ്റല്‍ സംരംഭത്തിനു തുടക്കമിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പരചരക്ക്, ഫാഷന്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഇതോടൊപ്പമുണ്ടാകും. സുഗമമായി പുതു ശൃംഖല ഉറപ്പാക്കാന്‍ വാള്‍മാര്‍ട്ടിന്റെ സിഇഒയായ സമീര്‍ അഗര്‍വാള്‍ തല്‍ക്കാലം ഇതേ സ്ഥാനത്തു തുടരും. പിന്നീട് മറ്റൊരു ചുമതലയിലേയ്ക്കു മാറും. ലക്ഷക്കണക്കിന് ചെറു ഷോപ്പുകളെയും എം എസ് എം ഇ യൂണിറ്റുകളെയും ശൃംഖലയുടെ ഭാഗമാക്കും. ഫ്ളിപ്കാര്‍ട്ടിലെ തന്നെ പ്രമുഖനായ ആദര്‍ശ് മേനോനായിരിക്കും 'ഫ്ളിപ്കാര്‍ട്ട് ഹോള്‍സെയിലി'ന്റെ ചുമതല.

ഭക്ഷ്യ-പലചരക്ക് മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും വിതരണശൃംഖല ശക്തിപ്പെടുത്താനും വാള്‍മാര്‍ട്ടിനെ ഏറ്റെടുക്കുന്നത് ഫ്ളിപ്കാര്‍ട്ടിന് ഗുണം ചെയ്യുമെന്ന്  ഫ്ളിപ്കാര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കല്യാണ്‍ കൃഷ്ണന്‍ പറഞ്ഞു. വാള്‍മാര്‍ട്ടിന് രാജ്യത്ത് 28 സ്റ്റോറുകളും രണ്ട് സംഭരണകേന്ദ്രങ്ങളുമുണ്ട്.

പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാര്‍ട്ട് ആപ്ലിക്കേഷന്‍ രാജ്യത്തെ 200ലധികം നഗരങ്ങളില്‍ ലഭ്യമായിത്തുടങ്ങി. ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന ജിയോമാര്‍ട്ട് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജിയോമാര്‍ട്ട് ഇന്ന് രാജ്യത്തെ 200ലധികം നഗരങ്ങളില്‍ ലഭ്യമാണ്.

ജിയോമാര്‍ട്ട് ഡോട്‌കോം  വഴിയായിരുന്നു ഇതുവരെ ഉപഭോക്താക്കള്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി പേയ്‌മെന്റ് നടത്താനും സാധിക്കുന്നതോടെ ജിയോമാര്‍ട്ട് ആപ്പിലൂടെ എളുപ്പത്തില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും. മേയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജിയോമാര്‍ട്ട് ആമസോണ്‍, ബിഗ്ബാസ്‌ക്കറ്റ്, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

പ്രവര്‍ത്തനം തുടങ്ങി രണ്ടു മാസത്തിനിടെ ഓണ്‍ലൈന്‍ ഗ്രോസറി വില്പനയില്‍ ബിഗ്ബാസ്‌കറ്റിനെയും ആമസോണിനെയും ജിയോമാര്‍ട്ട് പിന്നിലാക്കി. പ്രതിദിനം 2,50,000 ഓര്‍ഡറുകളാണ് ജിയോമാര്‍ട്ടിന് ലഭിക്കുന്നതെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷം അംബാനി കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അറിയിച്ചത്. ഇത് ബിഗ്ബാസ്‌കറ്റിനും ആമസോണിനും ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണ്. ബിഗ്ബാസ്‌കറ്റിന് 2,20000 വും ആമസോണ്‍ പാന്‍ട്രിക്ക് 1,50,000വുമാണ് ലഭിക്കുന്ന ഓര്‍ഡറുകള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News