ഐഫോണ്‍ ചൈനയെ കൈവിടുമോ? അടുത്ത നിര്‍മ്മാണ യൂണിറ്റ് ബംഗളൂരുവില്‍

പുതിയ പ്ലാന്റ് ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

Update:2023-03-04 12:04 IST

ഐഫോണ്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ പ്രധാന കമ്പനികളിലൊന്നായ ഫോക്സ്‌കോണ്‍ ബംഗളൂരുവില്‍ 70 കോടി ഡോളറിന്റെ പുതിയ ഐഫോണ്‍ യൂണിറ്റ് തുടങ്ങുമെന്ന് ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസും ചൈനയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന നയതന്ത്ര പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് കമ്പനികളില്‍ പലതും ചൈനയില്‍ നിന്നും പിന്‍വാങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് ഫോക്സ്‌കോണ്‍ ചൈനയില്‍ നിന്നു ഇന്ത്യയിലേക്ക് ഈ പ്ലാന്റ് മാറ്റുന്നത്. ബംഗളൂരുവില്‍ 300 ഏക്കറില്‍ പുതിയ ഫാക്ടറി സ്ഥാപിക്കുന്നതോടെ ആപ്പിള്‍ രാജ്യത്ത് ഉല്‍പ്പാദന അടിത്തറ ശക്തിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

തൊഴിലവസരങ്ങളേറെ

ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ദൊഡ്ഡബല്ലാപുര, ദേവനഹള്ളി എന്നീ താലൂക്കുകളില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പ്ലാന്റ് ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

പിഎല്‍ഐ പദ്ധതി

പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയ്ക്ക് കീഴിലാണ് ഫോക്‌സ്‌കോണ്‍ നിലവില്‍ തമിഴ്‌നാട്ടില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത്. ആപ്പിളിന്റെ മറ്റ് രണ്ട് കരാര്‍ നിര്‍മ്മാതാക്കളായ തമിഴ്നാട്ടിലെ പെഗാട്രോണും കര്‍ണാടകയിലെ വിസ്ട്രോണും പിഎല്‍ഐ പദ്ധതിയ്ക്ക് കീഴില്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

പിഎല്‍ഐ പദ്ധതിയ്ക്ക് കീഴില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 60,000 കോടി രൂപ കവിഞ്ഞു. ഈ കയറ്റുമതിയില്‍ 50 ശതമാനവും ആപ്പിളിന്റെ സംഭാവനയാണ്. മുഴുവന്‍ സാമ്പത്തിക വര്‍ഷത്തേക്കുള്ള കയറ്റുമതി 75,000 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News