ഇന്ത്യന്‍ ഓഹരി വിപണിയിലും വരുമോ 'ഗെയിംസ്‌റ്റോപ്പ് ട്വിസ്റ്റ്'!

അമേരിക്കന്‍ വീഡിയോ ഗെയിം റീറ്റെയ്‌ലറായ ഗെയിംസ്‌റ്റോപ്പിന്റെ ഓഹരി വില കുതിപ്പിന്റെ കഥ. ഇന്ത്യയില്‍ അത് സാധ്യമോ എന്ന അന്വേഷണവും

Update: 2021-01-29 10:44 GMT

ഗെയിം സ്‌റ്റോപ്പ് എന്ന അമേരിക്കന്‍ കമ്പനിയുടെ ഓഹരിവില ഒരാഴ്ചയില്‍ ഉയര്‍ന്നത് 700 ശതമാനം. ഈ അഭൂതപൂര്‍വമായ മുന്നേറ്റത്തിന് പിന്നില്‍ വളരെ നല്ല ഒരു കഥയുണ്ട്. ശതകോടി ഡോളറുകള്‍ കൈകാര്യം ചെയ്യുന്ന വമ്പന്‍ യു.എസ് ഹെഡ്ജ് ഫണ്ടുകള്‍ ഗെയിം സ്‌റ്റോപ്പ് ഓഹരികള്‍ ഷോര്‍ട്ട് ചെയ്തു. കൈവശം ഓഹരികള്‍ ഇല്ലാതെ ഓഹരികള്‍ വില്‍ക്കുന്നതിനെയാണ് ഷോര്‍ട് ചെയ്യുക എന്ന് പറയുക. ഒരു നിശ്ചിത കാലയളവില്‍ ഇത് തിരികെ വാങ്ങണം എന്ന മാത്രം. ഓഹരി വിപണിയില്‍ ഇത് നിയമവിധേയമാണ്.

ഹെഡ്ജ് ഫണ്ടുകള്‍ ഈ കമ്പനിയുടെ ഓഹരികള്‍ വിറ്റത്, നിലവിലെ വിലയില്‍ നിന്ന് ഭാവിയില്‍ വില വീണ്ടും താഴേക്ക് പോകും എന്ന കണക്ക് കൂട്ടലിലാണ്. ഇവിടെയാണ് കഥയിലെ ട്വിസ്റ്റ്. ഗെയിം സ്‌റ്റോപ്പ് എന്ന കമ്പനി വീഡിയോ ഗെയിം റീറ്റെയ്‌ലറാണ്. ഹെഡ്ജ് ഫണ്ടുകള്‍ ഷോര്‍ട്ട് പൊസിഷന്‍ എടുക്കുന്നതറിഞ്ഞ ഒരു കൂട്ടം ആളുകള്‍ ഈ ഓഹരികള്‍ വാങ്ങാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയിലും മറ്റും ഇത് വലിയ ചര്‍ച്ചയായി. ഇതേതുടര്‍ന്ന് കൂടുതല്‍ ആളുകള്‍ ഈ ഓഹരികള്‍ വാങ്ങി.

ഇതിലെ തമാശ എന്തെന്നാല്‍ വില കുറയും എന്ന കരുതി ഓഹരികള്‍ ഷോര്‍ട്ട് ചെയ്ത ഹെഡ്ജ് ഫണ്ടുകള്‍ ഇപ്പോള്‍ കൈ പൊള്ളിയ അവസ്ഥയിലാണ്. വില വലിയ രീതിയില്‍ ഉയര്‍ന്നതിനാല്‍ ഇവയ്‌ക്കൊക്കെ നഷ്ടം നേരിടും എന്ന തീര്‍ച്ചയാണ്.

എന്താണ് ഈ മുന്നേറ്റത്തിന്റെ പ്രസക്തി എന്ന് നോക്കാം. സാധാരണ ഓഹരിവിപണിയിലെ ഓഹരികളുടെ വില നിയന്ത്രിക്കുക ഹെഡ്ജ് ഫണ്ടുകള്‍, വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍ ഇവയൊക്കെയാണ്. അതായത്, ഇവര്‍ വിചാരിച്ചാല്‍ മിക്ക ഓഹരിയും വലിച്ചു കയറ്റാം, ചവിട്ടി താഴെയിടാം. അവര്‍ അവരുടെ ബിസിനസ് താല്പര്യത്തിന് വേണ്ടി ഇതൊക്കെ ചെയ്യും. സാധാരണ നിക്ഷേപകന് ഇക്കാര്യത്തില്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല.

എന്നാല്‍, ഗെയിം സ്‌റ്റോപ്പ് കമ്പനിയുടെ കാര്യത്തില്‍ വന്‍കിട ഫണ്ടുകളെ ചെറുകിട നിക്ഷേപകര്‍ വെല്ലുവിളിക്കുകയാണുണ്ടായത്. ഒരു പരിധിവരെ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു. എന്റെ അഭിപ്രായത്തില്‍ ഓഹരി വിപണിയിലെ കുത്തക വല്‍ക്കരണത്തിനെതിരെയുള്ള ആദ്യത്തെ 'വലിയ പണി' യാണിത്.

'റോബ് വാള്‍സ്ട്രീറ്റ്' എന്ന ഈ മുന്നേറ്റം ഇപ്പോള്‍ അമേരിക്കയില്‍ മാത്രമല്ല ലോകം മുഴുവന്‍ ചര്‍ച്ചയാണ്.

ഇത്തരം ഒരു മുന്നേറ്റം ഇന്ത്യയില്‍ സാധ്യമോ?

ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടില്‍ അധികമായി നിയന്ത്രിക്കുന്നത് സ്വദേശികളും, വിദേശികളുമായ വന്‍കിട നിക്ഷേപ സ്ഥാപനങ്ങളാണ്. വരുന്ന രണ്ട് പതിറ്റാണ്ട് കൂടിയെങ്കിലും ഇത് അപ്രകാരം തുടരുകയും ചെയ്യും. ഇന്ത്യയില്‍ ആകെയുള്ള നാല് കോടി ഡീമാറ്റ് എക്കൗണ്ടുകളില്‍ 75 ശതമാനവും വെറുതെ കിടക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും, മെട്രോ നഗരങ്ങളിലും മാത്രമാണ് ആളുകള്‍ ഓഹരി വിപണിയിലെ നിക്ഷേപത്തെ ഗൗരവമായി കാണുന്നുള്ളൂ. കേരളത്തില്‍ എന്‍.എസ്. ഡി.എല്ലിന്റെ കണക്കനുസരിച്ച്് 642,314 ഡീമാറ്റ് എക്കൗണ്ടുകള്‍ ഉണ്ട്. സി.ഡി.എസ്.എല്ലില്‍ ഏതാണ്ട് ആറ് ലക്ഷത്തോളം എക്കൗണ്ടുകള്‍ കാണും. എന്നാല്‍ ഇവയില്‍ പകുതിയില്‍ അധികം വെറുതെ കിടക്കുന്നു.

സാഹചര്യം ഇങ്ങനെ ആയതുകൊണ്ട് റോബ് വാള്‍സ്ട്രീറ്റ് രീതിയിലുള്ള മുന്നേറ്റം ഒന്നും ഇന്ത്യയില്‍ സമീപഭാവിയില്‍ നടക്കാന്‍ സാധ്യതയില്ല. പക്ഷെ, ഇത്തരം മുന്നേറ്റങ്ങള്‍ വിപണിയിലെ കുത്തക സ്ഥാപനങ്ങളെ വെല്ലുവിളിക്കാന്‍ ലോകമാകമാനമുള്ള ചെറുകിട നിക്ഷേപകര്‍ക്ക് ശക്തി പകരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അതില്‍ ഒരു ശതമാനം എങ്കിലും വിജയിച്ചാല്‍ അത് വലിയൊരു നേട്ടമാണ്. പതിയെ, ഇതിന്റെ അലയൊലികള്‍ ഇന്ത്യയിലേക്ക് ഏതാനും മതി.


Tags:    

Similar News