ആഗോള ഹോട്ടല്‍ വമ്പന്‍മാര്‍ക്ക് ഇന്ത്യയില്‍ വലിയ പ്രതീക്ഷ

ഹില്‍ട്ടണ്‍, റാഡിസണ്‍, മിനാര്‍ ഹോട്ടല്‍സ് എന്നിവ ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകളാണ് പുതിയ ബ്രാന്‍ഡുകളുമായി രാജ്യത്തേക്കെത്തുന്നത്‌

Update:2023-04-14 13:04 IST

മൂന്നു വര്‍ഷത്തെ കോവിഡ് കാലത്തിനുശേഷം ഹോസ്പിറ്റാലിറ്റി മേഖല ഇന്ത്യയില്‍ കരുത്തോടെ തിരിച്ചുവരികയാണ്‌. രാജ്യത്തെ വിപണിയുടെ വളര്‍ച്ചാ സാധ്യതകള്‍ കണക്കിലെടുത്ത് പ്രമുഖ രാജ്യാന്തര ഹോട്ടല്‍ ചെയിനുകളില്‍ പലതും പുതിയ ബ്രാന്‍ഡുകളുമായി ഇന്ത്യയിലേക്ക് എത്താനുള്ള തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു.

അഞ്ചു വര്‍ഷത്തില്‍ നിരവധി ബ്രാന്‍ഡുകള്‍

അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഹോസ്പിറ്റാലിറ്റി ചെയിനായ ഹില്‍ട്ടണ്‍, റാഡിസണ്‍, തായ്‌ലാന്‍ഡ് ഗ്രൂപ്പായ മൈനര്‍ ഹോട്ടല്‍സ് തുടങ്ങിയവര്‍ ഇന്ത്യയില്‍ അവരുടെ ലക്ഷ്വറി ഹോട്ടലുകള്‍ തുടങ്ങുന്നതായി ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കല്‍ ഹോട്ടല്‍ ശൃംഖലയായ വിന്‍ഡാം അവരുടെ വിവിധ ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് കൊണ്ടു വരാനുള്ള തയ്യാറെടുപ്പിലാണ്.

യു.എസ് ഹോസ്പിറ്റാലിറ്റി കമ്പനിയായ ഹില്‍ട്ടണ്‍ അടുത്തിടെ അവരുടെ വാല്‍ഡോഫ് ആസ്‌റ്റോറിയ ഹോട്ടല്‍ ജയ്പൂരില്‍ തുടങ്ങുമെന്ന് പ്രഖ്യപിച്ചിരുന്നു. 22 ഏക്കറില്‍ 51 പൂള്‍ വില്ലകളും 174 ഗസ്റ്റ് റൂമുകളുമുള്ള ഹോട്ടല്‍ 2027 ല്‍ തുറക്കാനാണ് പദ്ധതി.

റാഡിസണ്‍ ഗ്രൂപ്പിന്റെ റാഡിസണ്‍ കളക്ഷന്‍ ഹോട്ടല്‍ ഹൈദരാബാദില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ തുറക്കും. 2017 ല്‍ പുതിയ ബ്രാന്‍ഡ് ശൈലിയുടെ ഭാഗമായി അവതരിപ്പിച്ച എന്‍ട്രി ലെവല്‍ ലക്ഷ്വറി ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡാണ് റാഡിസണ്‍ കളക്ഷന്‍. നിലവില്‍ ലണ്ടന്‍, പാരീസ്, മിലന്‍ എന്നിവിടങ്ങളിലാണ് റാഡിസണ്‍ കളക്ഷന്‍ പ്രവര്‍ത്തനം നടത്തുന്നത്.

മൈനറിന്റെ അനന്തര ഈ വര്‍ഷം തന്നെ

മൈനര്‍ ഹോട്ടല്‍സിന്റെ അനന്തര ബ്രാന്‍ഡ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തോടെ ഇന്ത്യയില്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ഏഷ്യ പസഫിക്, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലായി 56 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള അന്താരാഷ്ട്ര ഹോട്ടല്‍ ഓപ്പറേറ്ററായ മൈനറിന് 530 ഹോട്ടലുകള്‍ നിലവിലുണ്ട്.

വിന്‍ഡം ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സിന്റെ വിന്‍ഡം ഗാര്‍ഡന്‍, വിന്‍ഡം ഗ്രാന്‍ഡ്, ട്രേഡ്മാര്‍ക്ക് കളക്ഷന്‍, വിയന്ന ഹൗസ്, ടിആര്‍വൈപി ബ്രാന്‍ഡുകളെ ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ഹയാത്ത് കഴിഞ്ഞ വര്‍ഷം ദി അണ്‍ബൗണ്ട് കളക്ഷന്‍ ബൈ ഹയാത്ത് എന്ന ബ്രാന്‍ഡ് ഭോപ്പാലില്‍ തുടങ്ങുന്നതാനായി നൂര്‍-അസ്-സഭാ പാലാസുമായി ധാരണയില്‍ എത്തിയിരുന്നു. വിലയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 60 റൂമുകളുള്ള ഹെറിറ്റേജ് ഹോട്ടലായി 2025 ല്‍ അവതരിപ്പിക്കാനാണ് ലക്ഷ്യം. കൂടാതെ ഹയാത്തിന്റെ ബൊട്ടീക് ഹോട്ടല്‍ ബ്രാന്‍ഡായ ജെഡിവി ബൈ ഹയാറ്റ് ജൂലൈയില്‍ തുറക്കും.

മാരിയറ്റിന്റെ 100 പ്രോപ്പര്‍ട്ടികള്‍

ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ മാരിയറ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ 10 നഗരങ്ങളിലായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 പുതിയ പദ്ധതികള്‍ തുടങ്ങും. നിലവില്‍ 40 നഗരങ്ങളില്‍ സാന്നിധ്യമുള്ള മാരിയറ്റ് 2025 ഓടെ 50 ലധികം നഗരങ്ങളിലേക്ക് വിപുലപ്പെടുത്തുമെന്നാണ് മാരിയന്റ് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ അന്തോണി കാപുനോ വെളിപ്പെടുത്തിയത്. 2025 ല്‍ 250 ഹോട്ടലുകളാണ് ഇന്ത്യയില്‍ ഇവര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ പ്രവര്‍ത്തനമാരംഭിച്ചതും നിര്‍മാണത്തിലിരിക്കുന്നതുമായ ഹോട്ടലുകള്‍ ഉള്‍പ്പെടെയാണിത്. മാരിയറ്റ് ഇന്റര്‍നാഷണലില്‍ 139 രാജ്യങ്ങളില്‍ 30 ബ്രാന്‍ഡുകളിലായി 8000 പ്രോപ്പര്‍ട്ടികളുണ്ട്. ഇന്ത്യയില്‍ നിലവില്‍ 140 ഹോട്ടലുകളാണുള്ളത്.

അക്കോറിന് ലക്ഷ്യം ചൈനയ്‌ക്കൊപ്പം

യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടല്‍ ഗ്രൂപ്പായ അക്കോര്‍ ചൈനീസ് വിപണിയ്ക്ക് സമാനമായാണ് ഇന്ത്യയേയും കണക്കാക്കുന്നത്. നേരിട്ടോ, ഫ്രാഞ്ചൈസി വഴിയോ ചൈനയില്‍ ഉള്ളത്രയും ഹോട്ടലുകള്‍ ഇവിടെയും തുറക്കാനാണ് പദ്ധതി. രണ്ടു ദശാബ്ദം മുന്‍പ് ഇന്ത്യയില്‍ സാന്നധ്യമറിയിച്ച ഗ്രൂപ്പിന് നിലവില്‍ 56 ഹോട്ടലുകളുണ്ട്. ഇക്കണോമി, മിഡ്-സ്‌കെയില്‍, ലക്ഷ്വറി എന്നീ വിഭാഗത്തിലായി ഫെയര്‍മോണ്ട്, റാഫിള്‍സ്, മെര്‍ക്കുറി, ഗ്രാന്‍ഡ് മെര്‍ക്കുറി, ഐബിസ്, സ്റ്റൈല്‍, സോഫിടെല്‍, പുള്‍മാന്‍, നോവോട്ടെല്‍ എന്നിങ്ങനെ വിവിധ ബ്രാഡുകള്‍ അക്കോറിനുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 200 ഹോട്ടലുകളാണ് ഗ്രൂപ്പ് ഇന്ത്യയില്‍ ലക്ഷ്യം വയ്ക്കുന്നത്.

Tags:    

Similar News