പേറ്റന്റ് അവസാനിക്കുന്നു, പ്രമേഹ രോഗികള്‍ക്ക് ആശ്വാസമായി ഗുളികയുടെ വില 70% വരെ കുറയും
പ്രമേഹ രോഗ ഗുളികകള്‍ക്ക് ഇന്ത്യയില്‍ ഏകദേശം 16,000 കോടി രൂപയുടെ വിപണിയാണ് ഉള്ളത്
മെര്‍ക്ക് & കോ കമ്പനി പുറത്തിറക്കുന്ന സിറ്റാഗ്ലിപ്റ്റിന്‍ (Sitagliptin) എന്ന ടൈപ് 2 പ്രമേഹ രോഗികള്‍ (Diabetes Drug) ഉപയോഗിക്കുന്ന ഗുളികയുടെ പേറ്റന്റ് അവകാശം ഈ മാസത്തോടെ അവസാനിക്കും. പേറ്റന്റ് കാലാവധി കഴിയുന്നതോടെ കൂടുതല്‍ കമ്പനികള്‍ക്ക് ഈ മരുന്ന് പുറത്തിറക്കാന്‍ സാധിക്കും. പേറ്റന്റ് അവസാനിക്കുന്നത് പരിഗണിച്ച് കമ്പനി, മരുന്നിന്റെ ജെനറിക് രൂപം പുറത്തിറക്കിയിരുന്നു.
ഏകദേശം അമ്പതോളം കമ്പനികള്‍ ഇരുന്നൂറോളം ബ്രാന്‍ഡുകളില്‍ ഈ മരുന്ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമേഹ രോഗ ഗുളികകള്‍ക്ക് ഇന്ത്യയില്‍ ഏകദേശം 16,000 കോടി രൂപയുടെ വിപണിയാണ് ഉള്ളത്. സണ്‍ ഫാര്‍മ, റെഡ്ഡീസ്, ജെബി കെമിക്കല്‍സ് തുടങ്ങിയവ മരുന്ന് വിപണിയില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മൂംബൈ ആസ്ഥാനമായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ സിറ്റാഗ്ലിപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഗുളിക പുറത്തിറക്കുകയും ചെയ്തു.
സിറ്റാഗ്ലിപ്റ്റിന്‍ ഗുളികകള്‍ക്ക് 38-48 രൂപ ആയിരിക്കെ 10.5-19.9 രൂപവരെയാണ് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ പുറത്തിറക്കിയ മരുന്നുകളുടെ വില. കൂടുതല്‍ കമ്പനികള്‍ എത്തുമ്പോള്‍ ഗുളിക 10 രൂപയ്ക്കും താഴെ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 2006ല്‍ ആണ് മെര്‍ക്ക് & കോ വികസിപ്പിച്ച സിറ്റാഗ്ലിപ്റ്റിന് യുഎസില്‍ അനുമതി ലഭിക്കുന്നത്.