സര്‍വകാല റെക്കോഡില്‍ സ്വര്‍ണം, കേരളത്തില്‍ ഒറ്റ ദിവസം കൊണ്ട് വിലയില്‍ വന്‍ കുതിപ്പ്
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണം, വെള്ളി വിലയും കുതിപ്പില്‍
അന്താരാഷ്ട്ര സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 2,509.89 ഡോളര്‍ എന്ന സര്‍വകാല റെക്കോഡ് പിന്നിട്ടു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 2.08 ശതമാനം ഉയര്‍ന്ന് 2,507.28 രൂപയിലാണ് സ്വര്‍ണം. ഇന്നലെ ഒറ്റ ദിവസത്തിൽ 51 ഡോളർ ആണ് വർദ്ധിച്ചത്. ഔണ്‍സിന് 2,483 ഡോളറെന്ന റെക്കോഡാണ് ഇതോടെ മറികടന്നത്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ഒപ്പം ഡോളര്‍ ദുര്‍ബലമായതും യു.എസ് ഫെഡറല്‍ റിസര്‍വ് സെപ്റ്റംബറില്‍ തന്നെ അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷകള്‍ വര്‍ധിച്ചതും സ്വര്‍ണ വിലയില്‍ വലിയ മുന്നേറ്റത്തിനിടയാക്കി.
കേരളത്തിൽ വൻ കുതിപ്പ്
ആഗോള വിലയ്‌ക്കൊപ്പം ഒറ്റ ദിവസംകൊണ്ട് കേരളത്തിലും വില കുതിച്ചു കയറി. ഗ്രാമിന് 105 രൂപ വര്‍ധിച്ച് 6,670 രൂപയിലും പവന് 840 രൂപ ഉയര്‍ന്ന് 53,360 രൂപയിലുമാണ് ഇന്ന് വ്യാപാരം. ബജറ്റില്‍ എക്‌സൈസ് തീരുവ കുറച്ചതിനു ശേഷം ഗ്രാമിന് 6,300 രൂപയും പവന് 50,400 രൂപയും എത്തിയ സ്വര്‍ണ വിലയാണ് ഇപ്പോള്‍ കുതിച്ച് 53,360 രൂപയിലെത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ 55,120 രൂപയാണ് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വില.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 5,515 രൂപയിലെത്തി.
വെള്ളി വിലയും ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 90 രൂപയായി.
വിലയെ സ്വാധീനിക്കുന്നത്
അമേരിക്കയിലെ അമേരിക്കയിലെ ജൂലൈ ഉൽപാദന വില സൂചികയും ഉപഭോക്തൃ വില സൂചികയും പണപ്പെരുപ്പം കുറയുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ഇത് അടുത്ത മാസം മുതല്‍ പലിശ നിരക്ക് 0.25 ശതമാനം കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. അടുത്തയാഴ്ച ഫെഡറല്‍ റിസര്‍വിന്റെ മുന്‍ മീറ്റിംഗിന്റെ മിനിട്ട്‌സും യു.എസ് ഇക്കണോമിയുടെ ഔട്ട്‌ലുക്കും പുറത്തു വരും. ഇതാണ് ഇപ്പോള്‍ വ്യാപാരികള്‍ ഉറ്റുനോക്കുന്ന രണ്ട് കാര്യങ്ങള്‍.
കൂടാതെ ഇസ്രായേലിനെ ആക്രമിക്കാന്‍ ഹമാസ് തെക്കന്‍, മധ്യ ഗാസയിലെ മനുഷ്യ സുരക്ഷിത മേഖലയായി കരുതപ്പെട്ട പ്രദേശങ്ങള്‍ ആക്രമിച്ചെന്ന് ആരോപിച്ച് ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടതായ വാര്‍ത്തകളും വരുന്നുണ്ട്. ഇത് യുദ്ധ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്.
ഇത്തരം അനിശ്ചിത അവസ്ഥകളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത് വിലയില്‍ മുന്നേറ്റമുണ്ടാക്കും. വലിയ തോതിലുള്ള നിക്ഷേപവും ലാഭം എടുക്കലും തുടരുന്നതിനാല്‍ സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നാലും വില വര്‍ദ്ധനയ്ക്ക് തന്നെയാണ് സാധ്യതയെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.